16 കാരിക്കൊപ്പം ഹോട്ടലില്‍: സൈനികന്‍ കസ്റ്റഡിയില്‍

ന്യൂഡല്‍ഹി:  ജനക്കൂട്ടത്തിന്റെ കല്ലേറില്‍ നിന്നും രക്ഷപ്പെടാനെന്ന പേരില്‍ ജമ്മു കശ്മീരില്‍ ഫാറൂഖ് അഹ്മദ് ദാര്‍ എന്ന യുവാവിനെ സൈനിക ജീപ്പിന് മുന്നില്‍ കെട്ടിയിട്ടു മനുഷ്യ കവചമാക്കിയ മേജര്‍ ലീതുല്‍ ഗൊഗോയിയെ 16 കാരിയായ പെണ്‍കുട്ടിക്കൊപ്പം ഹോട്ടലില്‍ നിന്നും പിടികൂടി. ശ്രീനഗറിലെ ഹോട്ടലില്‍ നിന്നും പിടികൂടിയ ഗൊഗോയിയെ ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചതായും ജമ്മു കശ്മീര്‍ പോലിസ് അറിയിച്ചു.
സംഭവത്തില്‍ കശ്മീര്‍ പോലിസും സൈന്യവും അന്വേഷണം നടത്തുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ ശ്രീനഗര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ ബദ്ഗാം ജില്ലയിലെ ചില്ല്-ബ്രാസ് ഗ്രാമത്തിലെ ഫാറൂഖ് അഹ്മദ് ദാര്‍ എന്ന യുവാവിനെ സൈനിക ജീപ്പിനു മുമ്പില്‍ കെട്ടിയിട്ട മേജര്‍ ലീതുല്‍ ഗൊഗോയിയുടെ നടപടി വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ശ്രീനഗറിലെ വിനോദ സഞ്ചാര കേന്ദ്രമായ ദാല്‍ഗേറ്റ് പ്രദേശത്തുള്ള ദ ഗ്രാന്‍ഡ് മമത ഹോട്ടലി—ലാണ് വിവാദ സൈനികന്‍ റൂം ബുക്ക് ചെയ്തിരുന്നത്.
ബദ്ഗാം ജില്ലയില്‍ നിന്നുള്ള ഒരു കശ്മീരി ആണ്‍കുട്ടിയും 16 വയസ്സുള്ള പെണ്‍കുട്ടിയുമായി ഹോട്ടലില്‍ എത്തിയ മേജറോട് തിരിച്ചറിയല്‍ രേഖ ചോദിച്ചതോടെ അദ്ദേഹം ഹോട്ടല്‍ ജീവനക്കാരോട് തട്ടിക്കയറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് ജീവനക്കാര്‍ പോലിസിനെ വിവരമറിയിക്കുകയായിരുന്നു. ബുധനാഴ്ച രാത്രിയിലേക്കാണ് മേജര്‍ ഗൊഗോയി രണ്ടു പേര്‍ക്കായി ഒരു റൂം ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്തിരുന്നത്. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് പോലിസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ എസ് പി പാണി പറഞ്ഞു.
അതേസമയം, ഗൊഗോയിയുടെ കൂടെയുണ്ടായിരുന്ന പെണ്‍കുട്ടിയില്‍ നിന്നു അവരുടെ തിരിച്ചറിയല്‍ രേഖകള്‍ ശേഖരിച്ചുവെന്നും ഇതില്‍ നിന്നും പെണ്‍കുട്ടി പ്രായപൂര്‍ത്തി തികയാത്തയാളാണെന്ന് വ്യക്തമായിട്ടില്ലെന്നുമാണ് ഐജി  അവകാശപ്പെട്ടത്. എന്നാല്‍, 16 വയസ്സുകാരിയാണ് പെണ്‍കുട്ടിയെന്നാണ് റിപോര്‍ട്ടുകള്‍. സൈനിക ഡ്യൂട്ടിയിലായിരിക്കെ ഇത്തരം സംഭവങ്ങളില്‍ പിടിക്കപ്പെടുന്നവര്‍ക്കെതിരേ കോടതി അന്വേഷണത്തിന് ഉത്തരവിട്ടേക്കുമെന്നാണ് സൈനിക വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
Next Story

RELATED STORIES

Share it