Flash News

15 വര്‍ഷത്തിനിടെ കശ്മീരില്‍ കൊല്ലപ്പെട്ടത് 318 കുഞ്ഞുങ്ങള്‍

ശ്രീനഗര്‍: സംഘര്‍ഷബാധിത സംസ്ഥാനമായ ജമ്മുകശ്മീരില്‍ 2003 മുതല്‍ പ്രതിവര്‍ഷം 26 കുട്ടികളെങ്കിലും ശരാശരി കൊല്ലപ്പെടുന്നതായി പ്രമുഖ മനുഷ്യാവകാശ സംഘടനയുടെ പഠന റിപോര്‍ട്ട്. 15 വര്‍ഷത്തിനിടെ സുരക്ഷാ സൈനികര്‍, സായുധസംഘങ്ങള്‍, അജ്ഞാത സംഘങ്ങള്‍, നിയന്ത്രണരേഖയിലെ ഇന്ത്യ-പാക് സൈനികര്‍ എന്നിവരുടെ  ഷെല്ലാക്രമണങ്ങളിലും മറ്റുമായി 318 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന്  മനുഷ്യാവകാശ സംഘടനയായ ജമ്മുകശ്മീര്‍ കോഅലീഷന്‍ ഓഫ് സിവില്‍ സൊസൈറ്റി (ജെകെസിസിഎസ്)യുടെ പഠന റിപോര്‍ട്ട് വ്യക്തമാക്കുന്നു.
കഴിഞ്ഞ 15 വര്‍ഷത്തെ പത്രറിപോര്‍ട്ടുകളുടെയും ജെകെസിസിഎസ് ഗവേഷകസംഘം ജനങ്ങള്‍ക്കിടയില്‍ നടത്തിയ പഠനത്തിന്റെയും അടിസ്ഥാനത്തിലാണ് റിപോര്‍ട്ട് തയ്യാറാക്കിയത്. സംഘര്‍ഷവും ഏറ്റുമുട്ടലുകളും തുടര്‍ക്കഥയായ സംസ്ഥാനത്തെ കുട്ടികള്‍ നേരിടുന്ന വെല്ലുവിളികള്‍ ലോകശ്രദ്ധയില്‍ കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെയാണ് പഠനം നടത്തിയതെന്ന് ജെകെസിസിഎസ് വ്യക്തമാക്കി.
മരിച്ച 318 പേരില്‍ 144 പേരെയും കൊലപ്പെടുത്തിയത് സര്‍ക്കാര്‍ സൈന്യമോ സംസ്ഥാന പോലിസോ ആണ്. 147 പേരെ അജ്ഞാത സായുധസംഘങ്ങളും 12 പേരെ ഹിസ്ബുല്‍ മുജാഹിദീന്‍ പോലുള്ള സംഘടനകളുമാണ് കൊലപ്പെടുത്തിയത്. സൈന്യവും പോലിസും കൊലപ്പെടുത്തിയവരില്‍ 110 പേരും വെടിയേറ്റാണ് മരിച്ചതെന്നും റിപോര്‍ട്ട് വ്യക്തമാക്കുന്നു.
സംസ്ഥാനത്ത് കുഞ്ഞുങ്ങളുടെ അവകാശ സംരക്ഷണത്തിന് നിയമങ്ങളോ നിയമ പരിരക്ഷയോ ലഭിക്കുന്നില്ല. കുറ്റവാളികള്‍ നിയമത്തിന് മുമ്പില്‍ എത്തുന്നില്ലെന്നും ജെകെസിസിഎസ് റിപോര്‍ട്ട് വ്യക്തമാക്കുന്നു.
കുട്ടികളുടെ കൊല സംസ്ഥാനത്ത് തുടര്‍ന്നുകൊണ്ടിരിക്കുന്ന ദുരന്തമാണെന്നാണ് ജമ്മുകശ്മീര്‍ പൊതുമരാമത്ത് മന്ത്രിയും ജമ്മുകശ്മീര്‍ സര്‍ക്കാരിന്റെ ഔദ്യോഗിക വക്താവുമായ നഈം അക്തര്‍ പ്രതികരിച്ചത്. ഇത് ജനങ്ങളുടെ ജീവിതത്തെയും സമാധാനാന്തരീക്ഷത്തെയും സംസ്ഥാനത്തിന്റെ സമ്പദ്ഘടനയെയും പ്രതികൂലമായി ബാധിക്കുന്നതായും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it