15ാം ധനകാര്യ കമ്മീഷന്‍ ഇന്നുമുതല്‍ കേരള സന്ദര്‍ശനത്തിന്

തിരുവനന്തപുരം: 15ാം ധനകാര്യ കമ്മീഷന്‍ ഇന്നുമുതല്‍ നാലുദിവസം കേരളത്തില്‍ സന്ദര്‍ശനം നടത്തും. സംസ്ഥാനത്തിന്റെ സാമ്പത്തികനിലയും സാമൂഹിക, സാമ്പത്തിക പുരോഗതിയും വിലയിരുത്തും. മുഖ്യമന്ത്രി, മന്ത്രിമാര്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പ്രതിനിധികള്‍, വാണിജ്യ, വ്യവസായ പ്രതിനിധികള്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തും.
നഗര, പഞ്ചായത്ത് ഭരണകൂടങ്ങളുമായും ആശയവിനിമയം നടത്തും. എന്‍ കെ സിങിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ ശക്തികാന്ത ദാസ്, ഡോ. അനൂപ് സിങ്, ഡോ. അശോക് ലാഹിരി, ഡോ. രമേശ് ചന്ദ്, സെക്രട്ടറി അരവിന്ദ് മേത്ത എന്നിവരുണ്ടാവും. കമ്മീഷന്‍ സന്ദര്‍ശിക്കുന്ന ദക്ഷിണേന്ത്യയിലെ ആദ്യ സംസ്ഥാനമാണ് കേരളം. കേരളത്തിന്റെ ഭാവി സാമ്പത്തിക വളര്‍ച്ചയ്ക്ക് ഉതകുന്ന തീരുമാനങ്ങള്‍ കൈക്കൊള്ളുകയാണ് സന്ദര്‍ശനത്തിലൂടെ ലക്ഷ്യമിടുന്നത്. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പുറമെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും വിവിധ സംഘടനാപ്രതിനിധികളുമായും സംഘം കൂടിക്കാഴ്ച നടത്തും.
നഗര പ്രാദേശിക ഭരണകൂടങ്ങളുമായും പഞ്ചായത്തീരാജ് സ്ഥാപനങ്ങളുമായും ആശയവിനിമയം നടത്തും. സമീപകാല വികസനത്തെക്കുറിച്ചും സാമ്പത്തികവളര്‍ച്ചയിലും വികസനത്തിലുമുള്ള കേരളത്തിന്റെ ഭാവിസാധ്യതകളെക്കുറിച്ചും ധനകാര്യ കമ്മീഷന്‍ വളരെ ആഴത്തില്‍ പഠിക്കും. സന്ദര്‍ശനത്തോടനുബന്ധിച്ച് കമ്മീഷന്‍ വിവിധ വിഭാഗങ്ങളുമായി നടത്താന്‍ നിശ്ചയിച്ചിട്ടുള്ള കൂടിക്കാഴ്ചകളിലൂടെയും ആശയവിനിമയത്തിലൂടെയും ആയിരിക്കും ഈ പഠനം നടത്തുക.
സന്ദര്‍ശനത്തിന് മുന്നോടിയായി കേരളത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ കമ്മീഷന്‍ ശേഖരിച്ചിരുന്നു. ഇന്ത്യയിലെ 10ാമത്തെ വലിയ സമ്പദ്ഘടനയായ കേരളം ഇന്ത്യയുടെ ജിഡിപിയില്‍ 4.2 ശതമാനം സംഭാവന ചെയ്യുന്നുണ്ട്.
ദേശീയ ശരാശരിയെ അപേക്ഷിച്ച് കേരളം എല്ലാ മേഖലകളിലും മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. പുരുഷ, വനിതാ തൊഴിലാളികള്‍ക്ക് ദേശീയ ശരാശരിക്കും മുകളിലുള്ള വേതനം കൃഷിയിലും മറ്റ് സാമ്പത്തിക പ്രവര്‍ത്തനങ്ങളിലും ലഭിക്കുന്നുണ്ട്. പ്രവാസി ഇന്ത്യക്കാര്‍ വഴിയുള്ള വിദേശ വരുമാനം കുറഞ്ഞാല്‍ കേരളത്തിലെ വ്യാപാര, റിയല്‍ എസ്‌റ്റേറ്റ്, നിര്‍മാണ മേഖലകളും ദുര്‍ബലമാവും.
സാക്ഷരത 94% ഉള്ള കേരളത്തിന്റെ സാക്ഷരതാനില മറ്റ് സംസ്ഥാനങ്ങളേക്കാളൊക്ക ഉയര്‍ന്നതാണ്. എന്നാല്‍ വിദ്യാഭ്യാസത്തിന്റെ പരിണിതഫലം അതിന് ആനുപാതികമല്ല.  പ്രവൃത്തിയെടുക്കാന്‍ കഴിയുന്ന 15-59 വയസ്സില്‍പ്പെട്ടവരുടെ വളര്‍ച്ചാനിരക്ക് കുറഞ്ഞ നിരക്കിലാണ്. ജീവിതദൈര്‍ഘ്യം വര്‍ധിച്ചതിനാലും മികച്ച ആരോഗ്യ പരിരക്ഷ നിലവിലുള്ളതിനാലും 60 വയസ്സിന് മുകളില്‍ പ്രായമുള്ളവരുടെ എണ്ണം സമീപഭാവിയില്‍ത്തന്നെ കൂടുതലാവും. അതുകൊണ്ട് സാമൂഹിക സുരക്ഷാമേഖലകളിലെ സംസ്ഥാനത്തിന്റെ ചെലവ് ആശങ്കയ്ക്ക് വഴിവയ്ക്കുന്നുണ്ട്.
Next Story

RELATED STORIES

Share it