1200ലേറെ അനാഥാലയങ്ങള്‍ അടച്ചുപൂട്ടലിലേക്ക്; പുതുക്കാനുള്ള സമയം നീട്ടി

തിരുവനന്തപുരം: സര്‍ക്കാരിന്റെ കര്‍ശന വ്യവസ്ഥകളും ഭീമമായ സാമ്പത്തികബാധ്യതയും താങ്ങാവുന്നതിലും അപ്പുറമായതോടെ സംസ്ഥാനത്തെ 1200ലേറെ അനാഥാലയങ്ങള്‍ അടച്ചുപൂട്ടലിലേക്ക്. ജീവനക്കാരുടെ സേവനവേതന വ്യവസ്ഥകളും ഭാരമായതോടെയാണ് കുട്ടികളുടെ ഭാവിയും സംരക്ഷണവും അനിശ്ചിതത്വത്തിലാക്കി അനാഥാലയങ്ങള്‍ അടച്ചുപൂട്ടലിന് തയ്യാറെടുക്കുന്നത്. സംസ്ഥാനത്തെ അനാഥാലയങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കാനുള്ള അവസാനതിയ്യതി നവംബര്‍ 30ന് അവസാനിച്ചെങ്കിലും അനാഥാലയങ്ങള്‍ വിഷയത്തില്‍ കാര്യമായ മുന്നോട്ടുപോക്ക് നടത്തിയില്ല. തുടര്‍ന്നാണ് രജിസ്‌ട്രേഷന്‍ പുതുക്കാനുള്ള അവസാന തിയ്യതി ഡിസംബര്‍ 15വരെ നീട്ടി സാമൂഹികനീതി വകുപ്പ് അറിയിപ്പ് നല്‍കിയത്. ഇതുവരെ 200 സ്ഥാപനങ്ങളുടെ അപേക്ഷ മാത്രമാണ് ബോര്‍ഡിന് ലഭിച്ചത്. ഇതിന് അംഗീകാരം ലഭിക്കുകയും ചെയ്തു. 500ഓളം അപേക്ഷ സര്‍ക്കാരില്‍ നിന്ന് അഭിപ്രായം തേടിയശേഷം പരിഗണിക്കാന്‍ മാറ്റിയിരിക്കുകയാണ്. 2015ലെ ജുവനൈല്‍ ജസ്റ്റിസ് ആക്റ്റ് പ്രകാരം 40 കുട്ടികളെ പാര്‍പ്പിക്കുന്ന അനാഥാലയത്തില്‍ സൗകര്യങ്ങള്‍ ഒരുക്കണമെങ്കില്‍ ഒരു വര്‍ഷം 55 ലക്ഷത്തോളം രൂപ ചെലവുവരും. ഇതില്‍ ഏറിയ പങ്കും തുക ചെലവിടുന്നത് സന്നദ്ധസംഘടനകളും മറ്റ് സ്ഥാപനങ്ങളുമാണ്.സര്‍ക്കാര്‍ നല്‍കുന്ന വിഹിതം വളരെ പരിമിതമാണ്. ഒരു കുട്ടിക്കു വര്‍ഷത്തില്‍ 1000 രൂപ മാത്രമാണു സര്‍ക്കാര്‍ നല്‍കുന്നത്. അതും തുക ചെലവിട്ടശേഷം അടുത്തവര്‍ഷമേ അനുവദിക്കൂ. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് 700 ഓളം സ്ഥാപനങ്ങള്‍ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കൂട്ടാക്കാത്തത്. പകരം അവര്‍ ആവശ്യപ്പെട്ടിരിക്കുന്നത് തങ്ങളുടെ അംഗീകാരം റദ്ദാക്കി കുട്ടികളുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാണ്. രജിസ്‌ട്രേഷന്‍ പുതുക്കാനുള്ള സമയം നീട്ടിയെങ്കിലും കുട്ടികളുടെ സംരക്ഷണം എങ്ങനെ കൈകാര്യം ചെയ്യണം എന്നതില്‍ സര്‍ക്കാരും അനാഥാലയങ്ങളും തമ്മില്‍ ഒരു ധാരണയും ഉണ്ടായിട്ടില്ല.
Next Story

RELATED STORIES

Share it