kannur local

11 മണ്ഡലങ്ങളില്‍ 150 സ്മാര്‍ട്ട് ക്ലാസ്‌ റൂമുകള്‍ക്ക് പദ്ധതി



കണ്ണൂര്‍: ജില്ലയിലെ സഹകരണ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തില്‍ പ്രൈമറി സ്‌കൂളുകളിലെ 150 ക്ലാസ്മുറികള്‍ സ്മാര്‍ട്ട് ക്ലാസ്മുറികളാക്കാന്‍ പദ്ധതി. സംസ്ഥാന സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സഹകരണ മേഖല ഏറ്റെടുക്കുന്ന പദ്ധതിയാണിത്. ഒരു നിയമസഭാ മണ്ഡലത്തില്‍ ഏഴ് സ്‌കൂളിന് സ്മാര്‍ട്ട് ക്ലാസ്മുറി ഒരുക്കിനല്‍കാനാണ് സംസ്ഥാന തലത്തിലുള്ള തീരുമാനം. ജില്ലയില്‍ 11 മണ്ഡലങ്ങളിലായി 150 സ്മാര്‍ട്ട് ക്ലാസ്മുറി സജ്ജമാക്കാന്‍ ഇതുസംബന്ധിച്ച് കലക്്ടറേറ്റില്‍ ചേര്‍ന്ന സഹകാരികളുടെ യോഗം തീരുമാനിച്ചു. പദ്ധതി ജില്ലയില്‍ മാതൃകാപരമായി നടത്താന്‍ സഹകാരികള്‍ മുന്നോട്ടുവരണമെന്ന് പി കെ ശ്രീമതി എംപി നിര്‍ദേശിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വന്‍ ജനപങ്കാളിത്തത്തോടെ മികച്ച ്രപവര്‍ത്തനങ്ങളാണ് ജില്ലയില്‍ നടക്കുന്നത്. പൊതുവിദ്യാലയങ്ങളില്‍ ചേരുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തിലുണ്ടായ വര്‍ധന ഈ ്രപവര്‍ത്തനത്തിന്റെ വിജയമാണ്. ജില്ലയില്‍ ശക്തമായ സാന്നിധ്യമായ സഹകരണ മേഖല ഈ രംഗത്ത് സജീവ ഇടപെടല്‍ നടത്തേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു. സര്‍ക്കാര്‍/എയ്ഡഡ് പ്രൈമറി സ്‌കൂളുകളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഓരോ സഹകരണ സ്ഥാപനവും അവരുടെ പ്രവര്‍ത്തനപരിധിയില്‍ ചുരുങ്ങിയത് ഒരു സ്‌കൂളിലെ ഒരു ക്ലാസ് മുറിയെങ്കിലും സ്മാര്‍ട്ട്ക്ലാസ് മുറിയാക്കി നല്‍കണം. ബന്ധപ്പെട്ട എംഎല്‍എമാരുമായി ആലോചിച്ച് സഹകരണ സ്ഥാപനങ്ങള്‍ പദ്ധതിക്കായി സ്‌കൂളുകളെ തിരഞ്ഞെടുക്കണം. പ്രാഥമിക സര്‍വീസ് സഹകരണ ബാങ്ക്, റൂറല്‍ സഹകരണ ബാങ്ക് എന്നിവയാണ് സ്മാര്‍ട്ട് ക്ലാസ്മുറികള്‍ ഉണ്ടാക്കിനല്‍കാനുള്ള പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലി, സഹകരണ അസിസ്റ്റന്റ് രജിസ്ട്രാര്‍(പ്ലാനിങ്) എം കെ ദിനേഷ് ബാബു സംസാരിച്ചു. ജില്ലയിലെ സഹകരണ ബാങ്ക് പ്രസിഡന്റുമാരും സെക്രട്ടറിമാരും പങ്കെടുത്തു.
Next Story

RELATED STORIES

Share it