10 വര്‍ഷമായി മഹേന്ദ്രന്‍ ജപ്പാനിലെ ജയിലില്‍; മകനെ കാത്ത് മാതാപിതാക്കള്‍

കാസര്‍കോട്: സുഹൃത്തുക്കളുടെ ചതിയില്‍പ്പെട്ട് കേസില്‍ ശിക്ഷിക്കപ്പെട്ട് 10 വര്‍ഷമായി ജപ്പാനിലെ ടോക്കിയോ ജയിലി ല്‍ തടവില്‍ കഴിയുന്ന മകനെയോര്‍ത്ത് കണ്ണീര്‍ വാര്‍ക്കുകയാണ് വൃദ്ധമാതാപിതാക്കള്‍. നീലേശ്വരം അടുക്കത്തുപറമ്പിലെ വി കുമാരനും (74) ഭാര്യ ലക്ഷ്മി (64)യുമാണ് ഇളയ മകന്‍ മഹേന്ദ്രനെക്കുറിച്ചോര്‍ത്ത് വിതുമ്പുന്നത്. ജപ്പാനിലെ ജയിലില്‍ കഴിയുന്ന മകനെ കണ്ണടയും മുമ്പ് കാണാനായി നാട്ടിലുള്ളതെല്ലാം വിറ്റുപെറുക്കി  ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ട ഇവര്‍ ഇപ്പോള്‍ മോചനത്തിനു സഹായം തേടുകയാണ്. കുമാരന്‍ കാലിനു തളര്‍ച്ച ബാധിച്ച് കിടപ്പിലാണ്.
1999ല്‍ 18ാം വയസ്സിലാണ് സുഹൃത്ത് മുഖേന വിസ സംഘടിപ്പിച്ച് മഹേന്ദ്ര കുമാര്‍ തൊഴില്‍ തേടി ജപ്പാനിലേക്കു പോയത്. നീണ്ട ഒമ്പതു വര്‍ഷം ഒരു കമ്പനിയില്‍ ജോലി ചെയ്ത മഹേന്ദ്രന്‍ അവിടെ സ്വന്തമായി ഹോട്ടല്‍ ബിസിനസ് ആരംഭിച്ചു. സഹോദരങ്ങളെയും കൊണ്ടുപോയി. ഇതിനായി മാതാവ് ലക്ഷ്മിയുടെ പേരിലുള്ള 30 സെന്റ് സ്ഥലവും വീടും ബാങ്കില്‍ പണയപ്പെടുത്തി 15 ലക്ഷം രൂപയും സംഘടിപ്പിച്ചിരുന്നു.
താല്‍ക്കാലിക വിസയില്‍ എത്തിയ തിരുവനന്തപുരം സ്വദേശികള്‍ തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ സുഹൃത്തുക്കള്‍ മഹേന്ദ്രനെ വിളിച്ചുവരുത്തി. സംഘര്‍ഷത്തിലേക്ക് നീങ്ങിയ  തര്‍ക്കം കത്തിക്കുത്തില്‍ കലാശിച്ചു. പ്രശ്‌നമുണ്ടാക്കിയവര്‍ പോലിസ് എത്തുമ്പോഴേക്കും ഓടി രക്ഷപ്പെട്ടു. പ്രതികള്‍ നാട്ടിലേക്ക് മുങ്ങി. മഹേന്ദ്രനെ പോലിസ് അറസ്റ്റ് ചെയ്തു. നാലു പേരെ കത്തി കൊണ്ട് കുത്തിപ്പരിക്കേല്‍പിച്ചു എന്ന കേസില്‍ ജാപ്പനീസ് കോടതി മഹേന്ദ്രനെ 12 വര്‍ഷത്തെ തടവിനു ശിക്ഷിച്ചു.
2009 നവംബര്‍ 17നാണ് ശിക്ഷ വിധിച്ചത്. മഹേന്ദ്രനെ രക്ഷിക്കാന്‍ അവിടെയുണ്ടായിരുന്ന രണ്ടു സഹോദരങ്ങളും മറ്റ് സുഹൃത്തുക്കളും ശ്രമിച്ചെങ്കിലും വിജയിച്ചില്ല. സഹോദരങ്ങ ള്‍ മഹേന്ദ്രനു വേണ്ടി ഹോട്ടല്‍ വിറ്റ് നിയമ നടപടി ആരംഭിച്ചെങ്കിലും മോചിപ്പിക്കാനായില്ല.
മഹേന്ദ്രനെ മോചിപ്പിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പി കരുണാകരന്‍ എംപി മുഖേന രാഷ്ട്രപതിയായിരുന്ന പ്രതിഭ പാട്ടീലിനെ വരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, വിദേശകാര്യ മന്ത്രിയായിരുന്ന എസ് എം കൃഷ്ണ, പ്രവാസികാര്യ മന്ത്രിയായിരുന്ന വയലാര്‍ രവി, മുന്‍ മുഖ്യമന്ത്രിമാരായിരുന്ന വി എസ് അച്യുതാനന്ദന്‍, ഉമ്മന്‍ചാണ്ടി എന്നിവരെയും സമീപിച്ചെങ്കിലും മോചനം സാധ്യമായില്ല. കണ്ണടക്കുന്നതിനു മുമ്പ് മകന്റെ മോചനം സാധ്യമാക്കണമെന്ന  ആഗ്രഹവുമായി കാത്തിരിക്കുകയാണ് ഈ മാതാപിതാക്കള്‍.
Next Story

RELATED STORIES

Share it