malappuram local

10 കിലോ കഞ്ചാവുമായി മൂന്നുപേര്‍ മഞ്ചേരിയില്‍ പിടിയില്‍

മഞ്ചേരി: പത്ത് കിലോ കഞ്ചാവുമായി മൂന്നംഗ സംഘം മഞ്ചേരിയില്‍ പോലിസിന്റെ പിടിയിലായി. ക്വട്ടേഷന്‍ സംഘത്തലവനടക്കം മൂന്നു പേരാണ് അറസ്റ്റിലായത്. മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്കു വിതരണത്തിനെത്തിച്ച 10 കിലോ ഗ്രാം കഞ്ചാവും സംഘത്തില്‍നിന്നു പോലിസ് പിടിച്ചെടുത്തു. പാലക്കാട് മുണ്ടൂര്‍ നെച്ചിപ്പുള്ളി സ്വദേശികളായ മാടത്തൊടി പ്രതീഷ്(34), മാടത്തൊടി സുനില്‍(29) കയ്യറ വീട്ടില്‍ സന്ദീപ്(29) എന്നിവരാണ് അറസ്റ്റിലായത്. സംഘം സഞ്ചരിച്ച ബൈക്കുകളും പോലിസ് പിടികൂടി. ജില്ലാ പോലിസ് മേധാവി ദേബേഷ് കുമാര്‍ ബഹ്‌റക്കു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നു ഡിവൈഎസ്പി തോട്ടത്തില്‍ ജലീലിന്റെ നേതൃത്വത്തിലുള്ള സംഘം വ്യാഴാഴ്ച രാവിലെ പയ്യനാട് താമരശേരി കാട്ടുങ്ങല്‍ വെച്ചാണ് കഞ്ചാവ് പിടികൂടിയത്. കഴിഞ്ഞമാസം പിടിയിലായ അരീക്കോട് സ്വദേശിയെ ചോദ്യം ചെയ്തതോടെയാണു മുണ്ടൂര്‍ സ്വദേശി പ്രതീഷിന്റെ നേതൃത്വത്തിലുള്ള ആറംഗം സംഘത്തെ കുറിച്ചു വിവരം ലഭിച്ചത്.
ആറുമാസമായി ഈ സംഘം ജില്ലാ പോലിസ് മേധാവിയുടെ നേതൃത്വത്തില്‍ നിരീക്ഷണത്തിലായിരുന്നു. വ്യക്തമായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മണ്ണാര്‍ക്കാട് മുതല്‍ പിന്തുടര്‍ന്നാണു സംഘത്തലവനടക്കം മൂന്നംഗ സംഘത്തെ വലയിലാക്കിയത്. ഒഡീഷ, ബീഹാര്‍ എന്നിവിടങ്ങളില്‍ നിന്നായി മധുരയിലെത്തിക്കുന്ന കഞ്ചാവ് അന്തര്‍ സംസ്ഥാന ബസ്സുകളിലും ചരക്ക് ലോറികളിലുമാണു കേരളത്തിലേക്ക് എത്തിച്ചിരുന്നത്.
ആദ്യം തമിഴ്‌നാട്ടിലെ തേനി, കമ്പം ഭാഗങ്ങളിലെ രഹസ്യ കേന്ദ്രങ്ങളിലെത്തിക്കുന്ന കഞ്ചാവ് സംസ്ഥാനത്തു നിന്നുള്ള ആവശ്യത്തിനനുസരിച്ച് പാലക്കാട് മുണ്ടൂരിലെ രഹസ്യ കേന്ദ്രത്തില്‍ സൂക്ഷിക്കും. തുടര്‍ന്ന് ആവശ്യമനുസരിച്ച് മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ ചില്ലറ വില്‍പ്പനക്കാര്‍ക്ക് എത്തിക്കുന്നതാണ് ഇവരുടെ രീതിയെന്ന് ഡിവൈഎസ്പി തോട്ടത്തില്‍ ജലീല്‍ പറഞ്ഞു.
ആവശ്യക്കാര്‍ക്ക് ബൈക്കുകളിലാ—ണ് സംഘം കഞ്ചാവ് എത്തിക്കുന്നത്. ഇത്തരത്തില്‍ ഒരുവര്‍ഷമായി ജില്ലയിലേക്ക് കഞ്ചാവ് എത്തിക്കാറുണ്ടെന്നും പിടിയിലായവര്‍ മൊഴി നല്‍കി. ഇവരില്‍ നിന്ന് ലഭിച്ച വിവരത്തെ തുടര്‍ന്ന് മുണ്ടൂര്‍, കൊടുവായൂര്‍, വാളയാര്‍ എന്നിവിടങ്ങളിലെ രഹസ്യ കേന്ദ്രങ്ങളില്‍ പോലിസ് പരിശോധന നടത്തി. സംഘത്തിനു കഞ്ചാവ് എത്തിച്ചു നല്‍കുന്നവരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചതായും അന്വേഷണം ഊര്‍ജിതമാക്കിയതായും പോലിസ് പറഞ്ഞു. പിടിയിലായ പ്രതീഷിനെതിരേ പാലക്കാട്, ഉദുമന്‍പേട്ട സ്‌റ്റേഷനുകളില്‍ കൊലപാതകം, കൊലപാതക ശ്രമം, സ്ത്രീ പീഡനം, കവര്‍ച്ച തുടങ്ങി വിവിധ കേസുകളുണ്ട്. തമിഴ്‌നാട്ടിലെ ജയിലില്‍വെച്ച് പരിചയപ്പെട്ട കമ്പം സ്വദേശിയാണ് ഇയാള്‍ക്ക് കഞ്ചാവ് എത്തിച്ചു നല്‍കുന്നതെന്ന് വ്യക്തമായിട്ടുണ്ട്. ജില്ലാ പോലിസ് മേധാവിയുടെ നിര്‍ദേശപ്രകാരം മഞ്ചേരി സിഐ എന്‍ ബി ഷൈജു, എസ്‌ഐ അബ്ദുല്‍ ജലീല്‍, പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ എസ്‌ഐ കെ പി അബ്ദുറഹിമാന്‍, സത്യനാഥന്‍ മനാട്ട്, ശിശികുണ്ടറക്കാടന്‍, ഉണ്ണികൃഷ്ണന്‍മാരാത്ത്, പി സഞ്ജീവ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. കഴിഞ്ഞ രണ്ടുമാസത്തിനിടയില്‍ 12 കോടി രൂപയുടെ കെറ്റമിന്‍, ബ്രൗണ്‍ഷുഗര്‍, നൈട്രോ സണ്‍ ഗുളികള്‍, കഞ്ചാവ് എന്നിവ വില്‍പ്പന നടത്തന്‍ ശ്രമിച്ച 17 പേരെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
ഇതോടെ മയക്കുമരുന്ന് കേസില്‍ മഞ്ചേരിയിലും, അരീക്കോടുമായി പിടിയിലായ പ്രതികളുടെ എണ്ണം 20 ആയി.
Next Story

RELATED STORIES

Share it