Districts

ഹൈക്കോടതി ജഡ്ജിക്കെതിരേ ചീഫ് ജസ്റ്റിസിന് പരാതി

തിരുവനന്തപുരം: കേരള സര്‍വകലാശാല അസിസ്റ്റന്റ് നിയമന തട്ടിപ്പ് കേസില്‍ വിചാരണ പൂര്‍ത്തിയാക്കി രണ്ടുവര്‍ഷം കഴിഞ്ഞിട്ടും വിധിപറയാതെ ഹൈക്കോടതിയുടെ മറ്റൊരു ബെഞ്ചില്‍ പുനര്‍വിചാരണ നടത്തണമെന്ന ജഡ്ജിയുടെ ഉത്തരവിനെതിരേ സുപ്രിംകോടതി, ഹൈക്കോടതി ചീഫ് ജസ്റ്റിസുമാര്‍ക്ക് പരാതി. പിന്‍വാതില്‍ നിയമനം നേടിയ ഇരുനൂറോളം പേരെ സംരക്ഷിക്കാന്‍ ജസ്റ്റിസ് അബ്ദുല്‍ റഹീമിനുമേല്‍ ഉന്നതര്‍ നടത്തിയ സമ്മര്‍ദ്ദത്തിന്റെ ഭാഗമാണ് ഉത്തരവെന്നാരോപിച്ച് ഹരജിക്കാരനും കെ.എസ്.യു. നേതാവുമായ സുജിത് എസ് കുറുപ്പാണ് പരാതി നല്‍കിയത്. വ്യാപം അഴിമതിക്കു സമാനമാണ് കേരള സര്‍വകലാശാലാ നിയമന തട്ടിപ്പെന്നും പരാതിയില്‍ പറയുന്നു.

2013 ജൂലൈയില്‍ കേസിന്റെ വിചാരണ പൂര്‍ത്തിയാക്കിയെങ്കിലും വിധിപറയാതെ രണ്ടുവര്‍ഷമായി ജസ്റ്റിസ് അബ്ദുല്‍ റഹീം നീട്ടിവയ്ക്കുകയായിരുന്നു. കഴിഞ്ഞ ആഴ്ചയില്‍ കേസ് വീണ്ടും പരിഗണിച്ചപ്പോഴാണ് പുനര്‍വിചാരണയ്ക്കായി കേസ് മറ്റൊരു ബെഞ്ചിലേക്ക് മാറ്റാന്‍ ഉത്തരവിട്ടത്. രണ്ടു വര്‍ഷം മുമ്പുള്ള സാഹചര്യമല്ല ഇപ്പോഴുള്ളതെന്നും അതുകൊണ്ട് നിലവിലുള്ള സാഹചര്യങ്ങള്‍ പരിഗണിച്ച് മറ്റൊരു ബെഞ്ചില്‍ വാദം തുടര്‍ന്നു കേള്‍ക്കണമെന്നുമാണ് ജസ്റ്റിസ് അബ്ദുല്‍ റഹീമിന്റെ ഉത്തരവ്. അവിഹിതമായ നിയമനം ലഭിച്ചവര്‍ക്ക് ജോലി നഷ്ടപ്പെടുന്നതിന്റെ പേരില്‍ കൂടുതല്‍ സഹതാപം സൃഷ്ടിക്കാനാണ് കേസ് നീട്ടിവയ്ക്കാന്‍ ജഡ്ജി ശ്രമിക്കുന്നതെന്നും ചീഫ് ജസ്റ്റിസിന് നല്‍കിയ പരാതിയില്‍ പറയുന്നു. കേസില്‍ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങാതെ നീതിപൂര്‍വമായ വിധിപറയാന്‍ യുക്തമായ നടപടി കൈക്കൊള്ളണമെന്ന് സുജിത് എസ് കുറുപ്പ് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it