ഹെല്‍ത്ത്‌കെയര്‍ ടൂറിസം പരിപോഷിപ്പിക്കാന്‍ മെഡിക്കല്‍ വാല്യു ട്രാവല്‍ സൊസൈറ്റി

കൊച്ചി: സംസ്ഥാനത്തെ ആരോഗ്യ ടൂറിസം മേഖലയുടെ വളര്‍ച്ച ലക്ഷ്യമിട്ട് കേരള മെഡിക്കല്‍ വാല്യു ട്രാവല്‍ സൊസൈറ്റി (കെഎംവിടി) രൂപീകരിക്കാന്‍ കൊച്ചിയില്‍ നടന്ന കേരള ഹെല്‍ത്ത് ടൂറിസം 2015 ല്‍ തീരുമാനമായി. കേരള ട്രാവല്‍ മാര്‍ട്ടിന്റെ ചുവടുപിടിച്ചാണ് കെഎംവിടി പ്രവര്‍ത്തിക്കുക.
ആരോഗ്യ വിനോദസഞ്ചാര മേഖലയിലെ കേരളത്തിന്റെ ശേഷി ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുന്നതിനായി മെഡിക്കല്‍ വാല്യു ട്രാവലര്‍ പോര്‍ട്ടലിനും സമ്മേളനത്തില്‍ തുടക്കമായി. സംസ്ഥാനത്തെ ആരോഗ്യവിനോദസഞ്ചാരത്തിന്റെ വളര്‍ച്ചയ്ക്ക് അടുത്ത അഞ്ചു വര്‍ഷത്തേക്ക് ചെയ്യേണ്ടതെന്തൊക്കെയെന്നതിനെപ്പറ്റിയുള്ള രൂപം പരിപാടിയില്‍ ഉരുത്തിരിഞ്ഞതായി ആസ്റ്റര്‍ മെഡിസിറ്റി ചെയര്‍മാനും എംഡിയുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു.
ആരോഗ്യ ടൂറിസം രംഗത്ത് കേരളത്തെ ആഗോള നേതൃസ്ഥാനത്തെത്തിക്കുകയെന്ന ലക്ഷ്യത്തോടെ വളര്‍ച്ചക്കാവശ്യമായ ഘടകങ്ങളെപ്പറ്റി സമ്മേളനം ചര്‍ച്ചചെയ്തു. ഹെല്‍ത്ത് കെയര്‍, ഹോസ്പിറ്റാലിറ്റി, അക്കാദമിക, സര്‍ക്കാര്‍, ട്രാവല്‍ ആന്‍ഡ് ടൂറിസം തുടങ്ങിയ മേഖലകളില്‍ നിന്നുള്ള വിദഗ്ധര്‍ രണ്ടു ദിവസത്തെ പരിപാടിയില്‍ പങ്കെടുത്തു.
സംസ്ഥാന സര്‍ക്കാരിന്റെ സഹകരണത്തോടെ കോഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയാണ് കേരള ഹെല്‍ത്ത് ടൂറിസം 2015 സംഘടിപ്പിച്ചത്. ആറ് ടെക്‌നിക്കല്‍ സെഷനുകളിലായി ആരോഗ്യ ടൂറിസം മേഖലയുടെ സാധ്യതകളും വെല്ലുവിളികളുമാണ് ഈ മേഖലയിലെ വിദഗ്ധര്‍ ചര്‍ച്ച ചെയ്തത്.
കെഎസ്‌ഐഡിസി എംഡി ഡോ. എം ബീന, കേരള ടൂറിസം സെക്രട്ടറി ജി കമലവര്‍ധനറാവു, ആരോഗ്യവകുപ്പ് സെക്രട്ടറി ഡോ. കെ ഇളേേങ്കാവന്‍ സമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it