Sports

ഹാട്രിക്ക് തോല്‍വിക്കു മുന്നില്‍ ധോണിയും കോഹ്‌ലിയും

പൂനെ: മഹേന്ദ്രസിങ് ധോണിയും വിരാട് കോഹ്‌ലിയും ഇന്നു നേര്‍ക്കുനേര്‍ വരുമ്പോള്‍ ഇരുവരുടെയും ടീമിന് വിജയം ഒരു അഭിമാന പ്രശ്‌നം കൂടിയായി മാറിയിരിക്കുകയാണ്. ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന വമ്പന്‍മാരുടെ പോരാട്ടത്തില്‍ പുതുമുഖ ടീമായ റൈസിങ് പൂനെ സൂപ്പര്‍ജൈന്റ്‌സ് ശക്തരായ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ എതിരിടും. പൂനെയെ നയിക്കുന്നത് ദേശീയ ടീമിന്റെ ക്യാപ്റ്റനായ ധോണിയാണെങ്കില്‍ ഇന്ത്യന്‍ ടീമിന്റെ ഉപനായകനായ കോഹ്‌ലിയാണ് ബാംഗ്ലൂരിന്റെ ക്യാപ്റ്റന്‍. ടൂര്‍ണമെന്റില്‍ പൂനെയും ബാംഗ്ലൂരും ഹാട്രിക്ക് തോല്‍വിയെ അഭിമുഖീകരിക്കുകയാണ്. ടൂര്‍ണമെന്റിലെ ആദ്യ മല്‍സരത്തില്‍ ജയിച്ചതിനു ശേഷം പൂനെയും ബാംഗ്ലൂരും തുടര്‍ച്ചയായ രണ്ടു മല്‍സരങ്ങളില്‍ പരാജയത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു. ഹാട്രിക്ക് തോല്‍വിയില്‍ നിന്ന് രക്ഷപ്പെടാനായി ഇരു ടീമും പൊരുതി കളിക്കുമ്പോള്‍ ഇന്നത്തെ മല്‍സരം ആവേശകരമാവും.ആദ്യ മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെ ഒമ്പത് വിക്കറ്റിന് തോല്‍പ്പിച്ച് പൂനെ ഐപിഎല്ലില്‍ വരവറിയിച്ചു. എന്നാല്‍, പിന്നീട് ഗുജറാത്ത് ലയണ്‍സിനോട് ഏഴ് വിക്കറ്റിനും കിങ്‌സ് ഇലവന്‍ പഞ്ചാബിനോട് ആറ് വിക്കറ്റിനും ധോണിപ്പടെ തോല്‍വി വഴങ്ങുകയായിരുന്നു. അതേസമയം, സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 45 റണ്‍സിന് തോല്‍പ്പിച്ച് തുടങ്ങിയ ബാംഗ്ലൂര്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനോട് ഏഴു വിക്കറ്റിനും മുംബൈയോട് ആറ് വിക്കറ്റിനും പരാജയപ്പെടുകയായിരുന്നു. മുംബൈക്കെതിരേ 170 റണ്‍സെന്ന പൊരുതാവുന്ന സ്‌കോര്‍ പടുത്തുയര്‍ത്തിയിട്ടും ബൗളിങ് നിര നിറംമങ്ങിയത് ബാംഗ്ലൂരിന് തിരിച്ചടിയായി. മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെയും 62 (44 പന്ത്, നാല് ഫോര്‍, മൂന്ന് സിക്‌സര്‍) കിരോണ്‍ പൊള്ളാര്‍ഡിനെയും 39* (19 പന്ത്, നാല് ഫോര്‍, മൂന്ന് സിക്‌സര്‍) അമ്പാട്ടി റായുഡുവിനെയും 31 (23 പന്ത്, അഞ്ച് ഫോര്‍) ജോസ് ബട്ട്‌ലറിനെയും 28 (14 പന്ത്, രണ്ട് ഫോര്‍, രണ്ട് സിക്‌സര്‍) ബൗളര്‍മാര്‍ക്ക് തുടക്കത്തില്‍ തന്നെ തളയ്ക്കാന്‍ കഴിയാതെ പോയതാണ് കോഹ്‌ലിയുടെ സംഘത്തിന് വിനയായത്. കുടുംബ കാരണങ്ങളാല്‍ നാട്ടിലേക്ക് മടങ്ങിയ വെസ്റ്റ് ഇന്‍ഡീസ് വെടിക്കെട്ട് വീരന്‍ ക്രിസ് ഗെയ്‌ലിന്റെ സേവനം ഇന്നും ബാംഗ്ലൂരിന് ലഭിക്കില്ല.
Next Story

RELATED STORIES

Share it