thiruvananthapuram local

ഹരിത തീരം പദ്ധതിക്ക് ഭീഷണിയായി അനധികൃത മണലൂറ്റും കരയിടിച്ചിലും വ്യാപകം

വര്‍ക്കല: അനധികൃത മണലൂറ്റ് ഇടവ, കാപ്പില്‍ തീരത്തെ ഹരിതതീരം പദ്ധതിക്കു ഭീഷണിയാവുന്നു. രാപ്പകല്‍ ഭേദമില്ലാതെ തുടരുന്ന അന്യായമായ മണല്‍ഖനനം മൂലം അടിമണ്ണിളകി കടപുഴകുകയാണ് കാറ്റാടിമരങ്ങള്‍. കടലാക്രമണ ഭീഷണി നേരിടുന്ന തീരങ്ങള്‍ക്കു സംരക്ഷണം ഉറപ്പാക്കി കരയിലുടനീളം മരങ്ങള്‍ വച്ച് കവചം തീര്‍ക്കുകയായിരുന്നു പദ്ധതി ലക്ഷ്യം. സുനാമി പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയായിരുന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് പദ്ധതി ആവിഷ്‌കരിച്ചിരുന്നത്. ഇതിനായി തിരഞ്ഞെടുക്കപ്പെട്ട ഇടവ, കാപ്പില്‍ തീരങ്ങളില്‍ ലഭ്യമായ എല്ലാ സ്ഥലത്തും പ്രകൃതിക്ഷോഭത്തെ പ്രതിരോധിക്കാന്‍ പോന്ന വിധം തണല്‍മര തൈകള്‍ വച്ചുപിടിപ്പിച്ചിരുന്നു.

കാപ്പില്‍ പാലം മുതല്‍ ഇടവ വെറ്റക്കട മുസ്‌ലിം ജമാഅത്ത് വലിയപള്ളിയുടെ പിന്‍വശം കടലിനും കായലിനും മധ്യേയുള്ള ഇടത്തട്ട് വരെ പ്രാരംഭഘട്ടം എന്ന നിലയില്‍ പതിനായിരത്തില്‍പ്പരം തൈകളാണ് നട്ടിരുന്നത്. വനം മല്‍സ്യബന്ധന വകുപ്പുകള്‍ തീരവാസികളുടെ പിന്തുണയോടെയാണ് പദ്ധതിക്കു ചുക്കാന്‍ പിടിച്ചത്. കരയിടിച്ചില്‍, മണ്ണൊലിപ്പ്, തീരശോഷണം തുടങ്ങി ഗുരുതരമായ പാരിസ്ഥിതിക ഭീഷണിയും സുനാമി അടക്കമുള്ളവയുടെ സാധ്യതയും കണക്കിലെടുത്താണ് പദ്ധതിക്കായി കാപ്പില്‍ തീരം തിരഞ്ഞെടുത്തത്.

ഗ്രാമപ്പഞ്ചായത്ത് അംഗം ചെയര്‍മാനായുള്ള തീരസംരക്ഷണ വനവല്‍ക്കരണ സമിതിക്കായിരുന്നു പദ്ധതിയുടെ സംരക്ഷണച്ചുമതല.  വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ സാമൂഹികവിരുദ്ധര്‍ പലയാവര്‍ത്തി വെട്ടിയും തീയിട്ടും നശിപ്പിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും വെല്ലുവിളികളെ അതിജീവിച്ച് ഒരുവിധം പുഷ്ടിപ്പെടുകയായിരുന്ന ഈ വനവല്‍ക്കരണ പദ്ധതി. എന്നാല്‍ അനിയന്ത്രിതമായ കരയിടിച്ചിലും അനധികൃതമായ മണലൂറ്റും വ്യാപകമായതോടെ തീരത്തെ മരങ്ങള്‍ പലതും വീണുതുടങ്ങിയിട്ടുണ്ട്. മേല്‍നോട്ടച്ചുതല വഹിച്ച വനവല്‍ക്കരണ സമിതിയുടെ അധീനതയില്‍ രൂപീകൃതമായ ഭരണനിര്‍വഹണ ഉപഘടകത്തിന്റെയും കെടുകാര്യസ്ഥതയും ഗ്രാമപ്പഞ്ചായത്തിന്റെ അനാസ്ഥയുമാണ് പദ്ധതി പാളാന്‍ ഇടയാക്കുന്നതെന്ന് തീരദേശവാസികള്‍ ആരോപിക്കുന്നു.
Next Story

RELATED STORIES

Share it