ernakulam local

ഹയര്‍സെക്കന്ററി ഫലം പ്രസിദ്ധീകരിച്ചു: എച്ച്എസ്എസില്‍ 82.84%; വിഎച്ച്എസ്എസില്‍ 78.33%

കൊച്ചി: ജില്ലയില്‍ ഹയര്‍സെക്കന്ററി വിഭാഗത്തില്‍ 82.84 ശതമാനം വിജയം. ഈ വര്‍ഷം ജില്ലയില്‍ 199 സ്‌കൂളുകളിലായി 31,059 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയപ്പോള്‍ 25,729 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ വര്‍ഷം 86.89 ആയിരുന്നു ജില്ലയുടെ വിജയശതമാനം.
25,664 വിദ്യാര്‍ഥികളാണ് കഴിഞ്ഞ വര്‍ഷം ഉപരിപഠനത്തിന് അര്‍ഹത നേടിയിരുന്നത്. ഇത്തവണ ആദ്യ ഘട്ടത്തില്‍ 31,198 പേര്‍ പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്യുകയും 31,059 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുകയും ചെയ്തു. ജില്ലയില്‍ 945 വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. 2015ല്‍ 1188 വിദ്യാര്‍ഥികള്‍ക്കാണ് എല്ലാവിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചിരുന്നത്.
ജില്ലയിലെ ടെക്‌നിക്കല്‍ സ്‌കൂളുകളുടെ വിജയം 87.19 ശതമാനമാണ്. ജില്ലയിലെ ഓപണ്‍ സ്‌കൂളുകളില്‍ നിന്ന് പരീക്ഷയെഴുതിയവരില്‍ 38.34 ശതമാനം പേര്‍ വിജയിച്ചു.
2015ല്‍ ടെക്‌നിക്കല്‍ സ്‌കൂളിലെ വിജയശതമാനം 90.71ഉം— ഓപണ്‍ സ്‌കൂളിലേത് 41.82 ഉം ആയിരുന്നു. ഉദയംപേരൂര്‍ എസ്എന്‍ഡിപി എച്ച്എസ്എസിലെ വി പി ശ്രീലക്ഷ്മി, മൂത്തകുന്നം എസ്എന്‍എം എച്ച്എസ്എസിലെ ആര്യാ പ്രദീപ് (സയന്‍സ്), പുല്ലുവഴി ജയകേരള എച്ച്എസ്എസിലെ കിരണ്‍ ജി കൃഷ്ണന്‍ (കംപ്യൂട്ടര്‍ സയന്‍സ്) എന്നിവര്‍ ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ എല്ലാ വിഷയങ്ങള്‍ക്കും മുഴുവന്‍ മാര്‍ക്കും നേടി ജില്ലയുടെ അഭിമാനമായി. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷ എഴുതിയ 78.33 ശതമാനം കുട്ടികള്‍ ജില്ലയില്‍ നിന്ന് ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. കഴിഞ്ഞ വര്‍ഷം ഇത് 80..27 ശതമാനമായിരുന്നു. നേര്യമംഗലം ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളും പുല്ലേപ്പടി ഡി യു വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളും പരീക്ഷയ്ക്കിരുത്തിയ മുഴുവന്‍ കുട്ടികളെയും വിജയിപ്പിച്ച് 100 ശതമാനം വിജയം നേടി. നേര്യമംഗലം ഗവ. വിഎച്ച്എസ്‌സിയില്‍ നിന്ന് 52 കുട്ടികളും പുല്ലേപ്പടി ഡി യു വിഎച്ച്എസ്‌സിയില്‍ നിന്ന് 73 കുട്ടികളുമാണ് പരീക്ഷയെഴുതിയത്.
ഞാറയ്ക്കല്‍ ഗവ. വിഎച്ച്എസ്‌സിയും ഇരിങ്ങോള്‍ ഗവ. വിഎച്ച്എസ്‌സിയും യഥാക്രമം 98.88 ഉം 98.31 ഉം ശതമാനം വിജയം നേടി മികച്ച പ്രകടനം കാഴ്ച വെച്ചു. ജില്ലയിലെ ഞാറയ്ക്കല്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ ശില്‍പ മേരി സേവ്യറും മൂവാറ്റുപുഴ ടി ടി വിഎച്ച്എസ്എസിലെ കെസിയമോള്‍ മാത്യുവുമാണ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ നിന്ന് എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ കുട്ടികള്‍. 63.89 ശതമാനം വിജയം നേടിയ ഗവ. വിഎച്ച്എസ്എസ് മനീട് ആണ് വിഎച്ച്എസ്ഇ വിഭാഗത്തില്‍ ജില്ലയില്‍ ഏറ്റവും കുറവ് വിജയശതമാനം നേടിയത്. 36 പേര്‍ ഇവിടെ പരീക്ഷയെഴുതിയപ്പോള്‍ 13 പേര്‍ ഇവിടെ പരാജയപ്പെട്ടു.
ജില്ലയില്‍ എട്ട് ഹയര്‍ സെക്കന്ററി സ്‌കൂളുകളാണ് നൂറ് മേനി വിജയം കൊയ്തത്. കഴിഞ്ഞ വര്‍ഷം ജില്ലയില്‍ ആറു സ്‌കൂളുകളാണ് നൂറു മേനി വിജയം നേടിയിരുന്നത്.
Next Story

RELATED STORIES

Share it