ഹജ്ജ്: നാലു വര്‍ഷമായി കാത്തിരിക്കുന്ന അപേക്ഷകര്‍ക്ക് അവസരം ലഭിച്ചേക്കും

കരിപ്പൂര്‍: ഈ വര്‍ഷത്തെ ഹജ്ജ് അപേക്ഷ ലഘൂകരിക്കാനും കഴിഞ്ഞ നാലു വര്‍ഷമായി ഹജ്ജിന് അപേക്ഷിച്ചിട്ടും അവസരം ലഭിക്കാതെ പുതിയ വര്‍ഷത്തില്‍ അപേക്ഷിക്കുന്ന മുഴുവന്‍ പേര്‍ക്കും ഹജ്ജിന് നേരിട്ട് അവസരം നല്‍കുന്ന കാര്യം പരിഗണിക്കാനും കേന്ദ്ര ഹജ്ജ് കമ്മിറ്റി ഒരുങ്ങുന്നു. സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ആവശ്യം പരിഗണിച്ചാണിത്.
ഹജ്ജ് അപേക്ഷകരുടെ എണ്ണം ഓരോ വര്‍ഷവും ക്രമാതീതമായി വര്‍ധിക്കുന്നത് ശ്രദ്ധയില്‍ പെടുത്തിയാണ് സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശം. അവസരം ലഭിക്കുമെന്നുറപ്പുള്ളവര്‍ രേഖകള്‍ ഹാജരാക്കിയുള്ള അപേക്ഷയും മറ്റുള്ളവര്‍ സാധാരണ അപേക്ഷയും നല്‍കിയാല്‍ ഓരോ വര്‍ഷവും അപേക്ഷകര്‍ക്ക് ബുദ്ധിമുട്ട് കുറയ്ക്കാനാവും. കഴിഞ്ഞ വര്‍ഷം നടപ്പാക്കിയ ബാഗേജ് ഏകീകരണം തീര്‍ത്ഥാടകര്‍ക്കുണ്ടാക്കിയ ബുദ്ധിമുട്ടുകള്‍ പരിഗണിച്ച് ഈ വര്‍ഷം മുതല്‍ പിന്‍വലിക്കുന്ന കാര്യവും പരിഗണനയിലാണ്. കേരളത്തില്‍ തുടര്‍ച്ചയായി നാലുവര്‍ഷം അപേക്ഷിച്ചിട്ടും അവസരം ലഭിക്കാത്ത 8,726 പേരാണുള്ളത്. ഗുജറാത്തില്‍ 6,932 പേരും.
സൗദി സര്‍ക്കാര്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി വെട്ടിക്കുറച്ച 20 ശതമാനം ഹജ്ജ് ക്വാട്ട ഇത്തവണ മുഴുവനായി നല്‍കുന്നതോടെ കൂടുതല്‍ സീറ്റുകള്‍ ലഭിക്കും. ഇതു കൂടി ഉള്‍പ്പെടുത്തി കാലങ്ങളായി അപേക്ഷകള്‍ നല്‍കിയിട്ടും അവസരം ലഭിക്കാത്തവര്‍ക്ക് നേരിട്ടു അവസരം നല്‍കാനാണു കേന്ദ്രം ഒരുങ്ങുന്നത്. രാജ്യത്ത് ജനസംഖ്യാനുപാതത്തില്‍ ഹജ്ജ് ക്വാട്ട വീതിക്കുന്നതിനാല്‍ അപേക്ഷകര്‍ കൂടുതലുള്ള കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ കുറഞ്ഞ ക്വാട്ടയാണു ലഭിക്കുന്നത്. ഒരുലക്ഷം ഹജ്ജ് സീറ്റില്‍ കേരളത്തിന് 4,843 സീറ്റുകള്‍ മാത്രമാണ് അനുവദിക്കപ്പെടുന്നത്. ഈ വര്‍ഷം മുതല്‍ കേന്ദ്ര ക്വാട്ട ഒന്നേകാല്‍ ലക്ഷമാവുന്നതോടെ കേരളത്തിന്റേത് 6000 ആവും.
Next Story

RELATED STORIES

Share it