സൗഹൃദം ഉറപ്പുനല്‍കി യുഎസിന് ഇമാം ഖുമൈനിയുടെ രഹസ്യ സന്ദേശം; സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തുവിട്ട രേഖ 

ലണ്ടന്‍: ഇറാനിലെ ഇസ്‌ലാമിക് റിപബ്ലിക് സ്ഥാപകനായ ആയത്തുല്ലാ റുഹുല്ലാ ഖുമൈനി 1979 ജനുവരി 27ന് യുഎസിലേക്ക് രഹസ്യസന്ദേശം കൈമാറിയതായി റിപോര്‍ട്ട്. യുഎസ് സ്‌റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റിന്റെ അടുത്തിടെ പുറത്തുവിട്ട രേഖകളെ ഉദ്ധരിച്ച് ബിബിസിയാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്. ഇറാനില്‍ നിന്നു നാടുകടത്തപ്പെട്ട് പാരീസില്‍ കഴിയുമ്പോഴാണ് ഖുമൈനി യുഎസ് മുന്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടറിനു സന്ദേശമയച്ചത്.
ഇറാന്‍ സൈന്യാധിപന്മാര്‍ നിങ്ങളെ അംഗീകരിച്ചേക്കാം എന്നാല്‍, ഇറാന്‍ ജനത തന്റെ കല്‍പനകളാണ് അനുസരിക്കുകയെന്ന് ഖുമൈനി സന്ദേശത്തില്‍ പറയുന്നു. പ്രസിഡന്റ് ജിമ്മി കാര്‍ട്ടര്‍ ഖുമൈനിയുടെ സ്വാധീനം ഉപയോഗപ്പെടുത്തിയിരുന്നെ ങ്കില്‍ അത് ചരിത്രസംഭവമായി മാറുമായിരുന്നെന്ന് ബിബിസി നിരീക്ഷിക്കുന്നു.ഖുമൈനി നിര്‍ദേശിച്ചതുപോലെ കാര്‍ട്ടര്‍ പ്രതികരിച്ചിരുന്നെങ്കില്‍ ഇറാന്റെ അസ്ഥിരത അവസാനിക്കുമായിരുന്നു.
രാജ്യം ശാന്തമാവുകയും യുഎസ് താല്‍പര്യവും ഇറാന്‍ ജനതയുടെ ജീവിതവും സംരക്ഷിക്കപ്പെടുമായിരുന്നു. സംഘര്‍ഷഭരിതമായ സമരങ്ങളും പ്രതിഷേധ പ്രകടനങ്ങളുംകൊണ്ട് താറുമാറായിരിക്കുകയായിരുന്നു ഇറാന്‍. കാര്‍ട്ടറിന്റെ പ്രേരണയാല്‍ വിദേശത്തേക്കു മാറിനില്‍ക്കേണ്ടിവന്ന സ്വേച്ഛാധിപതി മുഹമ്മദ് ഷാഹ് പഹ്‌ലവി ദുര്‍ബലനായ പ്രധാനമന്ത്രിയെ അവരോധിച്ചാണ് ഇറാന്‍ വിട്ടുപോയത്. സൈനിക നേതൃത്വം ഖുമൈനിയെ വെറുത്തിരുന്നു. നിഗൂഢ താല്‍പര്യപ്രകാരം തെഹ്‌റാനിലേക്കു നിയോഗിതനായ യുഎസ് വ്യോമസേനാ ജനറല്‍ റോബര്‍ട്ട് ഇ ഹുയ്‌സറുമായി ഇറാന്‍ സൈന്യാധിപന്‍ ദിവസവും സംഭാഷണത്തിലേര്‍പ്പെട്ടത് ഖുമൈനിയെ അസ്വസ്ഥനാക്കി. ഈ സാഹചര്യത്തിലാണ് ഷാഹ് പഹ്‌ലവിയുടെ വിദേശവാസം സ്ഥിരമാക്കി ഇറാനിലേക്കു മടങ്ങിവരാന്‍ ആഗ്രഹിച്ച ഖുമൈനി യുഎസ് പ്രസിഡന്റിനു സന്ദേശമയച്ചത്. അനുനയ രൂപത്തില്‍ യുഎസ് പ്രസിഡന്റിനോട് അഭ്യര്‍ഥിച്ച ഖുമൈനി ഇറാന്‍ റിപബ്ലിക്ക് സൗഹാര്‍ദം കാത്തുസൂക്ഷിക്കുമെന്ന് വാക്കുനല്‍കി.
ഇസ്‌ലാമിക വിപ്ലവാചാര്യനും യുഎസ് വിരുദ്ധനുമായി ലോകം അറിയുന്ന ഖുമൈനി യുഎസുമായി സൗഹൃദത്തിന് നടത്തിയ നീക്കം സംബന്ധിക്കുന്ന രേഖകള്‍ യുഎസ് സര്‍ക്കാര്‍ പുറത്തുവിട്ടതോടെയാണു ലോകമറിയുന്നത്.
Next Story

RELATED STORIES

Share it