Sports

സ്‌പെയിനില്‍ ബാഴ്‌സ തന്നെ കിങ്

മാഡ്രിഡ്: സ്‌പെയിനിലെ രാജാക്കന്‍മാര്‍ തങ്ങള്‍ തന്നെയാണെന്ന് ബാഴ്‌സലോണ ഒരിക്കല്‍ കൂടി തെളിയിച്ചു. സ്പാനിഷ് കിങ്‌സ് കപ്പില്‍ (കോപ ഡെല്‍ റേ) ചാംപ്യന്‍മാരായാണ് സ്‌പെയിനിലെ നിലവിലെ രാജാക്കന്‍മാര്‍ തങ്ങള്‍ തന്നെയാണെന്ന് ബാഴ്‌സ അടിവരയിട്ടത്.
ആവേശകരമായ കലാശപ്പോരാട്ടത്തില്‍ യൂറോപ ലീഗ് ജേതാക്കളായ സെവിയ്യയെയാണ് ബാഴ്‌സ തോല്‍പ്പിച്ചത്. നിശ്ചിത സമയത്ത് ഇരു ടീമും ഗോള്‍ നേടാനാവാതെ പോയതോടെ മല്‍സരം അധികസമയത്തേക്ക് നീളുകയായിരുന്നു. അധികസമയത്ത് മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ സെവിയ്യ പോസ്റ്റിലേക്ക് അടിച്ചുകയറ്റി ബാഴ്‌സ തുടര്‍ച്ചയായ രണ്ടാം തവണയും കിങ്‌സ് കപ്പില്‍ മുത്തമിടുകയായിരുന്നു.
ടൂര്‍ണമെന്റില്‍ ഏറ്റവും തവണ ചാംപ്യന്‍മാരായിട്ടുള്ള ബാഴ്‌സയുടെ 28ാം കിരീട നേട്ടം കൂടിയാണിത്. ഇതോടെ സീസണില്‍ ഡബിള്‍ തികയ്ക്കാനും ലൂയിസ് എന്ററിക്വ പരിശീലിപ്പിക്കുന്ന ബാഴ്‌സയ്ക്കായി. നേരത്തെ സ്പാനിഷ് ലീഗിലും ബാഴ്‌സ ചാംപ്യന്‍പട്ടം കരസ്ഥമാക്കിയിരുന്നു.
ബാഴ്‌സ-സെവിയ്യ കലാശപ്പോരാട്ടം ഏകപക്ഷീയമായിരുന്നില്ല. സീസണില്‍ ഇരട്ട കിരീടം തേടിയിറങ്ങിയ സെവിയ്യ പൊരുതിയതിനു ശേഷമാണ് മല്‍സരം ബാഴ്‌സയ്ക്കു മുന്നില്‍ അടിയറവ് പറഞ്ഞത്. മല്‍സരം ആവേശകരമായപ്പോള്‍ മൂന്ന് തവണ റഫറിക്ക് ചുവപ്പ് കാര്‍ഡ് പുറത്തെടുക്കേണ്ടിവന്നു. സെവിയ്യയുടെ രണ്ട് താരങ്ങള്‍ക്കും ബാഴ്‌സയുടെ ഒരു താരത്തിനുമാണ് ചുവപ്പ് കാര്‍ഡ് ലഭിച്ചത്.
37ാം മിനിറ്റില്‍ തന്നെ ബാഴ്‌സ താരം ജാവിയര്‍ മസ്‌കരാനോ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായിരുന്നു. എന്നാല്‍, 90ാം മിനിറ്റില്‍ എവര്‍ ബനേഗയും 120ാം മിനിറ്റില്‍ ഡാനിയേല്‍ കാരികോയുമാണ് സെവിയ്യ നിരയില്‍ ചുവപ്പ് കാര്‍ഡ് കണ്ട് കളംവിട്ടത്.
നിശ്ചിത സമയത്ത് ഗോള്‍ നേടാന്‍ കഴിയാതെ പോയ ബാഴ്‌സ സൂപ്പര്‍ താരം ലയണല്‍ മെസ്സിയിലൂടെ അധികസമയത്ത് തിരിച്ചുവരികയായിരുന്നു. 97ാം മിനിറ്റില്‍ ജോര്‍ഡി ആല്‍ബയും 120ാം മിനിറ്റില്‍ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറുമാണ് ബാഴ്‌സയ്ക്കു വേണ്ടി ലക്ഷ്യംകണ്ടത്. ഈ രണ്ട് ഗോളിനും വഴിയൊരുക്കിയത് മെസ്സിയായിരുന്നു. മല്‍സരത്തില്‍ പന്തടക്കത്തില്‍ സെവിയ്യ നേരിയ മേല്‍ക്കൈ നേടിയപ്പോള്‍ ആക്രമിച്ചു കളിക്കുന്നതിലായിരുന്നു ബാഴ്‌സയുടെ ശ്രദ്ധ.
Next Story

RELATED STORIES

Share it