thrissur local

സ്‌കൂളുകളിലെ അധ്യാപക ഒഴിവുകള്‍ നികത്തുന്നില്ല; വിദ്യാര്‍ഥികള്‍ ദുരിതത്തില്‍

ചാവക്കാട്: സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക ഒഴിവുകള്‍ നികത്താത്തത് അധ്യയനത്തെ തകിടം മറിക്കുന്നു. നിലവിലുള്ള നിയമങ്ങളും ഉത്തരവുകളുമാണ് എയ്ഡഡ് സ്‌കൂളുകളില്‍ അധ്യാപകനിയമനത്തിനു തടസം സൃഷ്ടിക്കുന്നത്. സര്‍ക്കാര്‍ സ്‌കൂളുകളിലാകട്ടെ സ്ഥിരം തസ്തികകളില്‍ പോലും പിഎസ്്‌സി പട്ടികയില്‍ നിന്നു സ്ഥിരമായി ആളെ നിയമിക്കാത്തതു മൂലം പലയിടത്തും താല്‍കാലികാടിസ്ഥാനത്തില്‍ നിയമനം തുടരുകയാണ്. അധ്യാപകനിയമനം സംബന്ധിച്ചു കാലാകാലങ്ങളില്‍ പുറത്തിറങ്ങുന്ന ഉത്തരവുകളുടെ പിന്‍ബലത്തില്‍ പല സ്ഥലങ്ങളിലും നിയമനപ്രക്രിയ തടസപ്പെട്ടു കിടക്കുന്നത് കുട്ടികളുടെ കൊഴിഞ്ഞുപോകലിനും അതുവഴി സ്‌കൂളുകള്‍ സര്‍ക്കാര്‍ കണക്കിലെ ആദായകരമല്ലാത്ത പട്ടികയിലേക്കും കടന്നുകൂടിയതായി അധ്യാപക സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.
ഇത്തവണ പിഎസ്‌സിയില്‍ നിന്നു കുറെയധികം നിയമനം നടത്തിയിരുന്നതായി അധികൃതര്‍ പറയുന്നു. സ്‌കൂളുകളില്‍ ഡിവിഷന്‍ നഷ്ടപ്പെടുന്ന സ്ഥലങ്ങളില്‍ മാത്രമാണ് നിയമനം വേണ്ടെന്നുവച്ചിരുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. കുട്ടികളുടെ എണ്ണം, ഡിവിഷന്‍ ഇവ കണക്കാക്കി പ്രൈമറി സ്‌കൂളുകളില്‍ നിയമനം നടത്താനാവും. ആദായകരമല്ലാത്ത പട്ടികയില്‍പെടുന്ന സര്‍ക്കാര്‍ സ്‌കൂളുകളില്‍ പോലും ക്ലാസ് ഡിവിഷനുകള്‍ നോക്കി ആളെ നിയമിക്കാം. എന്നാല്‍, എയ്ഡഡ് സ്‌കൂളുകള്‍ ആദായകരമല്ലാത്ത പട്ടികയിലാണെങ്കില്‍ അധ്യാപകനിയമനം തടഞ്ഞിരിക്കുകയാണ്. ദീര്‍ഘകാല അവധി ഉള്‍പ്പെടെയുള്ള തസ്തികകളില്‍പോലും ആളെ സ്ഥിരമായി നിയമിക്കാന്‍ വ്യവസ്ഥയില്ല.
ദിവസവേതനത്തിന് അധ്യാപക നിയമനം നടത്തുന്നതാണ് ഇപ്പോഴത്തെ രീതി. സര്‍ക്കാര്‍ സ്‌കൂളുകളിലും ആവശ്യമുള്ള തസ്തികകളിലേക്ക് ദിവസവേതനത്തിന് ആളെ നിയമിക്കുന്നുണ്ട്. അധ്യയനവര്‍ഷം ആരംഭിക്കുന്നതോടെ സ്‌കൂളുകളില്‍ അതിഥി അധ്യാപകരുടെ കാലമാണ്. പൊതുസ്ഥലംമാറ്റം ഇത്തവണ നടത്തിയിട്ടില്ല. ഇക്കാരണത്താല്‍ അധ്യാപകര്‍ അവധിയില്‍ പ്രവേശിക്കുന്നതും വ്യാപകമായി.
വിദൂരങ്ങളില്‍ ജോലി ചെയ്യുന്നവര്‍ അവധിയില്‍ പ്രവേശിക്കുന്നതോടെ ഇത്തരം തസ്തികകളില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ താല്‍കാലിക നിയമനം നടത്തുകയാണ് പതിവ്. ഷിഫ്റ്റ് സമ്പ്രദായം നിര്‍ത്തി സര്‍ക്കാര്‍ ഉത്തരവിറങ്ങിയെങ്കിലും പുതിയ തസ്തിക സൃഷ്ടിക്കപ്പെടുമോയെന്ന കാര്യത്തിലും ആശങ്ക നിലനില്‍ക്കുന്നുണ്ട്. നിലവിലുള്ള നിയമങ്ങള്‍ തടസ്സമായതിനാല്‍ എയ്ഡഡ് സ്‌കൂളുകളിലേക്ക് മാനേജര്‍മാര്‍ നിയമനം നടത്താന്‍ മുതിരാറില്ല. സര്‍ക്കാര്‍ ലിസ്റ്റിലെ പ്രൊട്ടക്ടഡ് അധ്യാപകരെയും നിയമിക്കാന്‍ മാനേജ്‌മെന്റുകള്‍ തയാറുമല്ല. സ്‌കൂളുകളില്‍ അതിഥി അധ്യാപകര്‍ ഒരു വര്‍ഷം ഒന്നിലേറെ പേര്‍ കടന്നുവരുന്നതോടെ കുട്ടികള്‍ക്ക് അധ്യയനം തന്നെ സുഗമമാവാറില്ല. പ്രൈമറി സ്‌കൂളുകള്‍ക്ക് പുറമെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറികളിലും താല്‍കാലിക അധ്യാപകരാണ് ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നത്.
Next Story

RELATED STORIES

Share it