Pathanamthitta local

സ്‌കൂളുകളിലെയും വഴിയോരങ്ങളിലെയും പൊതുകിണറുകള്‍ നശിക്കുന്നു

പത്തനംതിട്ട: കുടിവെള്ള ക്ഷാമം രൂക്ഷമാവുമ്പോഴും ജില്ലയില്‍ 500ല്‍ അധികം പൊതുകിണറുകള്‍ സംരക്ഷണമില്ലാതെ നശിക്കുന്നു. ഇതിലേറെയും സ്‌കൂളുകളിലും വഴിയോരങ്ങളിലുമാണ്. പഞ്ചായത്തുതലത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് കുഴിച്ച കിണറുകള്‍ വേനല്‍ക്കാലത്തുപോലും വറ്റാത്തവയാണ്. എന്നാല്‍, യഥാസമയം വൃത്തിയാക്കാത്തതു കാരണം ഉപയോഗ ശൂന്യമാണ്.
മിക്ക കിണറുകളുടെയും കൈവരികള്‍ തകര്‍ന്നു കിടക്കുകയാണ്. ഇതിനു പുറമെ ചപ്പുചവറുകള്‍ വീണ് വെള്ളം ദുര്‍ഗന്ധമുള്ളതായി. പഞ്ചായത്ത് കിണറുകള്‍ ശരിയായ വിധത്തില്‍ വൃത്തിയാക്കിയാല്‍ തന്നെ പകുതിയിലധികം കിണറുകള്‍ പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയും. എന്നാല്‍, അതിന് സര്‍ക്കാര്‍ തലത്തില്‍ പദ്ധതികളൊന്നും ആവിഷ്‌കരിച്ചിട്ടില്ല. വേനല്‍ ശക്തമാകുമ്പോള്‍ ചിലയിടങ്ങളില്‍ കിണറുകള്‍ വൃത്തിയാക്കിയിരുന്നു. ഇത്തവണ അതും ഉണ്ടായിട്ടില്ല. ഫണ്ടില്ലെന്നാണ് അധികൃതരുടെ മറുപടി. ഇതിനുപുറമെ കിണര്‍ വൃത്തിയാക്കണമെങ്കില്‍ പ്രോജക്ട് തയ്യാറാക്കി ജില്ലാ പ്ലാനിങ് കമ്മിറ്റിയുടെ അംഗീകാരം വേണമെന്നതും തടസ്സമാവുന്നു.
പല പഞ്ചായത്തിലും കിണറുകള്‍ എത്രയുണ്ടെന്ന കാര്യത്തില്‍ പോലും കൃത്യമായ വിവരങ്ങളില്ല. 50 വര്‍ഷം വരെ പഴക്കമുള്ള കിണറുകളുണ്ട്. മുമ്പ് ഈ കിണറുകളിലെ വെള്ളമാണ് പരിസരവാസികളും വ്യാപാര സ്ഥാപനങ്ങളും ഉപയോഗിച്ചിരുന്നത്.
ജില്ലയില്‍ ഏറ്റവും രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന കിഴക്കന്‍ മലോയര മേഖലയിലെ പൊതു കിണറുകള്‍ വൃത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ഗുണഭോക്താക്കള്‍ അധികൃതര്‍ക്ക് കത്തുനല്‍കി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തുടര്‍നടപടിയില്ല.
Next Story

RELATED STORIES

Share it