സ്വാതന്ത്ര്യ സമര സേനാനി കെ സി മാത്യു അന്തരിച്ചു

കൊച്ചി:സ്വാതന്ത്ര്യസമര സേനാനിയും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ കെ സി മാത്യു(92) അന്തരിച്ചു. ഹൃദയാഘാതത്തെതുടര്‍ന്ന് ഇന്നലെരാവിലെ 7.47നായിരുന്നു അന്ത്യം.
സ്വാതന്ത്ര്യസമരകാലത്തെ ഇടപ്പള്ളി പോലിസ് സ്റ്റേഷന്‍ ആക്രമണക്കേസിലെ ഒന്നാം പ്രതിയായിരുന്നു കെ സി മാത്യു. വടക്കന്‍ പറവൂര്‍ പെരുമ്പടന്നയില്‍ കുളങ്ങര മുണ്ടോപ്പാടത്ത് ചാക്കോയുടെയും കോലഞ്ചേരി തേനുങ്കല്‍ സാറാമ്മയുടെയും മൂത്തമകനായി 1924ലാണ് ജനനം. പെരുമ്പാവൂരിലെ ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം ഇന്റര്‍ മീഡിയറ്റിന് മദിരാശി ക്രിസ്ത്യന്‍ കോളജില്‍ ചേര്‍ന്നു. കോളജില്‍ മദ്രാസ് സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍ എന്നൊരു സംഘടനയക്ക് രൂപം കൊടുത്തു. പിന്നീട് യു സി കോളജില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കൊച്ചി കമ്മിറ്റിയുടെ എട്ട് അംഗങ്ങളുള്ള ശാഖ രൂപീകരിച്ചു.കോളജ് വിദ്യാഭ്യാസം കഴിഞ്ഞപ്പോള്‍ ആലുവയിലെ തൊഴിലാളികളെ സംഘടിപ്പിക്കലായിരുന്നു അടുത്ത രംഗം.
തൊഴിലാളി പ്രവര്‍ത്തനങ്ങളില്‍ മാത്യുവിന്റെ സഹായികളായ എന്‍ കെ മാധവന്‍, ഏലൂര്‍ മഞ്ഞുമ്മലിലെ വറുതൂട്ടി എന്നിവരെ റെയില്‍വെ സമരവുമായി ബന്ധപ്പെട്ട് ഇടപ്പള്ളി പോലിസ് കസ്റ്റഡിയിലെടുത്ത് ലോക്കപ്പിലിട്ട് അതിക്രൂരമായി പീഡിപ്പിച്ചു. ഇവരെ മോചിപ്പിക്കാനായിരുന്നു പോലിസ് സ്‌റ്റേഷന്‍ ആക്രമിച്ചത്.
വിവിധ കേസുകളിലായി ഒമ്പത് വര്‍ഷത്തോളം ജയില്‍വാസം. ഇന്ത്യ-ചൈന യുദ്ധകാലത്തും ആറ് മാസത്തോളം ജയില്‍വാസമനുഭവിച്ചു.ഇടപ്പള്ളിക്കേസില്‍ ജയില്‍ മോചിതനായ ശേഷം ട്രേഡ് യൂനിയന്‍ രംഗത്തായി കെ സി മാത്യുവിന്റെ പ്രവര്‍ത്തനം. എഐടിയുസി നേതൃത്വത്തിലുള്ള കേരള ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് യൂണിയന്‍, കേരള പവര്‍ വര്‍ക്കേഴ്‌സ് യൂനിയന്‍ (ഇലക്ട്രിസിറ്റി വര്‍ക്കേഴ്‌സ് ഫെഡറേഷന്റെ മുന്‍ രൂപം) എന്നിവയുടെ ഭാരവാഹിയായിരുന്നു.
ആറ് വര്‍ഷം ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റില്‍ ട്രാന്‍സ്‌പോര്‍ട്ട് തൊഴിലാളികളുടെ ലോകസംഘടനയായ ട്രേഡ് യൂനിയന്‍ ഇന്റര്‍നാഷണല്‍ ഓഫ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സിന്റെ സെക്രട്ടറി ജനറലായി പ്രവര്‍ത്തിച്ചു. സിപിഐ ദേശീയ കൗണ്‍സില്‍ അംഗമായിരുന്നു. മേരിയാണ് ഭാര്യ. മക്കള്‍. പാട്രിസ്, മല്ലിക, നിഗാര്‍. മരുമക്കള്‍ : സജി,കുര്യാക്കോസ്,പോള്‍സണ്‍.
സംസ്‌ക്കാരം നാളെ വൈകീട്ട് നാലിന് ആലപ്പുഴ വലിയചുടുകാട്ടില്‍. നാളെ രാവിലെ 7 മുതല്‍ 11.30 വരെ ഇടപ്പള്ളി ഉണിച്ചിറയിലെ വസതിയിലും തുടര്‍ന്ന് 12 മുതല്‍ 2 വരെ എറണാകുളം സി പിഐ ജില്ലാകൗണ്‍സില്‍ ഓഫീസിലും പൊതുദര്‍ശനത്തിന് വെയ്ക്കും.
Next Story

RELATED STORIES

Share it