സ്മിതയുടെ തിരോധാനം; സിബിഐ അന്വേഷണത്തില്‍ വിശ്വാസമര്‍പ്പിച്ചു കുടുംബം

കൊച്ചി: വിദേശത്തുള്ള ഭര്‍ത്താവിന് അടുത്തേക്കു പോയ മകള്‍ക്ക് എന്തുസംഭവിച്ചു എന്ന് ഇനിയെങ്കിലും തങ്ങള്‍ക്ക് അറിയാന്‍ കഴിയുമെന്നുള്ള പ്രതീക്ഷയിലാണ് ദുബയില്‍ കാണാതായ സ്മിതയുടെ വൃദ്ധമാതാപിതാക്കള്‍. പത്ത് വര്‍ഷമായി സ്മിതയുടെ തിരോധാനത്തിന്. മകള്‍ മരിച്ചോ ജീവിച്ചിരിപ്പുണ്ടോ എന്നുപോലും ഇവര്‍ക്ക് ഉറപ്പില്ല.
മകളെ കാണാതായ കേസില്‍ അന്വേഷണം സിബിഐയെ ഏല്‍പ്പിക്കണമെന്നു കാട്ടി സ്മിതയുടെ പിതാവ് ഇടപ്പള്ളി ചങ്ങമ്പുഴ നഗറില്‍ അലക്കോടത്ത് ജോര്‍ജ് നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി കേസ് അന്വേഷണം സിബിഐയെ ഏല്‍പ്പിച്ചത്. സ്മിത കൊല്ലപ്പെട്ടിരിക്കാനുള്ള സാധ്യത കണ്ടെത്താ ന്‍ സിബിഐ തിരുവനന്തപുരം യൂനിറ്റിലെ ഡിവൈഎസ്പി ജോര്‍ജ് ജെയിംസിന്റെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി. അന്വേഷണത്തിന്റെ ഭാഗമായി സിബിഐ ഉദ്യോഗസ്ഥര്‍ സ്മിതയുടെ വീട്ടിലെത്തി മാതാപിതാക്കളുടെയും സഹോദരിയുടെയും മൊഴിയെടുത്തു.
സ്മിതയുടെ തിരോധാന കേസില്‍ സംശയക്കപ്പെടുന്ന ഭ ര്‍ത്താവ് പള്ളുരുത്തി ചിറയ്ക്കല്‍ വലിയപറമ്പില്‍ ആന്റണിയെ (സാബു-44) പ്രതിയാക്കിയാണ് സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. നിലവില്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസില്‍ അറസ്റ്റിലായ ആന്റണി ഇപ്പോള്‍ ജാമ്യത്തിലാണ്. ബലമായി തട്ടിക്കൊണ്ടുപോവല്‍, വ്യാജരേഖ ചമയ്ക്ക ല്‍, യഥാര്‍ഥ രേഖ എന്ന മട്ടില്‍ വ്യാജരേഖ ഉപയോഗിക്കല്‍, അപകീര്‍ത്തിപ്പെടുത്തല്‍, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങ ള്‍ക്കാണ് ആന്റണിക്കെതിരേ കേസെടുത്തിട്ടുള്ളത്.
വിവാഹം കഴിഞ്ഞ് വിദേശത്തേക്കു മടങ്ങിയ ഭര്‍ത്താവിനൊപ്പം താമസിക്കുന്നതിനായി ഷാര്‍ജയിലെത്തിയ സ്മിതയെ 2005 സപ്തംബര്‍ 1ന് ഭര്‍ത്താവ് വിമാനത്താവളത്തില്‍ എത്തി കൂട്ടിക്കൊണ്ടു പോയിരുന്നു. എന്നാല്‍, രണ്ടാംദിവസം സ്മിതയെ കാണാതായെന്നും മറ്റൊരാള്‍ക്കൊപ്പം സ്മിത ഒളിച്ചോടിയെന്നുമാണ് ആന്റണി ദുബയ് പോലിസിനെ അറിയിച്ചത്. ഇക്കാര്യം വെളിപ്പെടുത്തുംവിധം സ്മിത എഴുതിയതെന്ന മട്ടിലുള്ള ഒരു കത്തും ദുബയ് പോലിസിന് കൈമാറി.
സ്മിതയുടെ പിതാവിന്റെ പരാതിയില്‍ അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് കത്തിലെ കൈയക്ഷരം സ്മിതയുടേതല്ലെന്നും ഭര്‍ത്താവിന്റെതാണെന്നും കണ്ടെത്തിയതോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ആന്റണിയും കാമുകി ദേവയാനിയും ചേര്‍ന്ന് സ്മിതയെ കൊലപ്പെടുത്തിയെന്ന പോലിസിന്റെ നിഗമനത്തെ തുടര്‍ന്ന് ആന്റ
ണിക്കൊപ്പം താമസിച്ചിരുന്ന കണ്ണൂര്‍ സ്വദേശി ദേവയാനിയെയും ക്രൈംബ്രാഞ്ച് കണ്ടെത്തി ചോദ്യം ചെയ്തിരുന്നു. പിന്നീട് ഇവരെ സാക്ഷിയാക്കി വിട്ടയയ്ക്കുകയാണുണ്ടായത്. കേസില്‍ നുണ പരിശോധനയ്ക്കു താന്‍ തയ്യാറാണെന്ന് കോടതിയെ അറിയിച്ച ദേവയാനി പിന്നീട് ഇതില്‍ നിന്നു പിന്മാറി. തുടര്‍ന്ന് വീണ്ടും ക്രൈംബ്രാഞ്ച് ദേവയാനിയെ അറസ്റ്റ് ചെയ്തു. ഇവരും ഇപ്പോള്‍ ജാമ്യത്തിലാണ്.
വിദേശ പോലിസുമായി കേരള പോലിസിന് നേരിട്ട് ആശയവിനിമയം നടത്താന്‍ നിയമതടസ്സം ഉള്ളതിനാല്‍ കേസ് അന്വേഷണം സിബിഐയെ ഏല്‍പ്പിക്കണമെന്ന് കാട്ടി സ്മിതയുടെ കുടുംബം ഹൈക്കോടതിയെ സമീപിച്ചത്. ഇന്റര്‍പോളിന്റെ സഹായത്തോടെ ഇനി അന്വേഷണം മുന്നോട്ടുകൊണ്ടുപോവാന്‍ കഴിയുമെന്നാണ് സിബിഐ പ്രതീക്ഷിക്കുന്നത്.
Next Story

RELATED STORIES

Share it