സോളാര്‍ കേസ്: വിമര്‍ശനമുന്നയിച്ച് ജസ്റ്റിസ് ശിവരാജന്‍: മാധ്യമങ്ങളും പോലിസും തെളിവെടുപ്പു പരാജയപ്പെടുത്തി

കൊച്ചി: മാധ്യമങ്ങളും പോലിസും ഇടപെട്ട് സോളാര്‍ കമ്മീഷന്‍ രഹസ്യമായി നടത്താനിരുന്ന തെളിവെടുപ്പു പരാജയപ്പെടുത്തിയെന്ന് ജസ്റ്റിസ് ജി ശിവരാജന്‍ കമ്മീഷന്‍ വിമര്‍ശിച്ചു. ഇന്നലെ നടന്ന സിറ്റിങില്‍ ബിജു രാധാകൃഷ്‌നെ ഹാജരാക്കുന്നതിനു മുമ്പാണ് കമ്മീഷന്‍ മാധ്യമങ്ങള്‍ക്കും പോലിസിനുമെതിരേ വിമര്‍ശനമുന്നയിച്ചത്.മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള ഭരണപക്ഷത്തെ പ്രമുഖര്‍ കേസിലെ പ്രതി സരിതയുമായി വഴിവിട്ട ബന്ധം നടത്തിയെന്ന ആരോപണത്തിന്റെ തെളിവു തേടിയാണ് കമ്മീഷന്റെ അഭിഭാഷകനൊപ്പം ബിജു രാധാകൃഷ്ണനെ അയച്ചത്. കമ്മീഷനിലെ അഭിഭാഷകരുടെയും സര്‍ക്കാരിന്റെയും തന്റെ തന്നെയും താല്‍പര്യപ്രകാരമാണ്് തെളിവു ശേഖരണത്തിനായി സംഘത്തെ അയച്ചത്. എന്നാല്‍, പോലിസിന്റെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയെത്തുടര്‍ന്ന് ദൗത്യം ആരംഭത്തില്‍ തന്നെ പരാജയപ്പെട്ടു.

രാവിലെ ഒമ്പതിന് ബിജു രാധാകൃഷ്ണനെ കമ്മീഷനു മുന്നില്‍ ഹാജരാക്കുന്നതിനാണ് ജയില്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നത്. ഇതനുസരിച്ച് ജയില്‍ സൂപ്രണ്ടിന് കത്തയച്ചിരുന്നു. എന്നാല്‍, 10.45നാണ് ബിജുവിനെ കമ്മിഷനു മുമ്പില്‍ ഹാജരാക്കിയത്. നേരത്തെ എത്തിച്ചിരുന്നെങ്കില്‍ അധികം മാധ്യമശ്രദ്ധ നേടുന്നതിനു മുമ്പ് തെളിവു ശേഖരണത്തിനായി പോവാമായിരുന്നുവെന്നും ജസ്റ്റിസ് ശിവരാജന്‍ പറഞ്ഞു.കൊച്ചിയില്‍ നിന്ന് സംഘം യാത്രതിരിക്കുമ്പോള്‍ തന്നെ കോയമ്പത്തൂരിലേക്കോ എന്ന ചോദ്യവുമായി മാധ്യമങ്ങളില്‍ വാര്‍ത്ത വന്നുകൊണ്ടേയിരുന്നു.

വാര്‍ത്ത കേട്ട് കോയമ്പത്തൂരിലെ ജനങ്ങള്‍ ഇത് ആഘോഷമാക്കുകയായിരുന്നു. അതീവ രഹസ്യമായി പോവേണ്ട വാഹനം പാലക്കാട്ട് എത്തിയപ്പോള്‍ പാലക്കാട് സിഐയും സംഘവും എസ്‌കോര്‍ട്ടുമായി പിന്നാലെ കൂടി. തമിഴ്‌നാട്ടിലെത്തിയപ്പോള്‍ തമിഴ്‌നാട് പോലിസും ഒപ്പം ചേര്‍ന്നു. ആരെയും അറിയിക്കാതെ തെളിവു കണ്ടെത്താന്‍ പോയ വീട്ടില്‍ മാധ്യമപ്പടയായിരുന്നു. ഈ സാഹചര്യത്തില്‍ എങ്ങനെയാണ് തെളിവു ശേഖരിക്കുകയെന്നും കമ്മീഷന്‍ ചോദിച്ചു. സിനിമ പോലും തോറ്റുപോവുന്ന കാഴ്ചയാണ് ഇന്നലെ ഉണ്ടായത്.

കമ്മീഷന്റെ വിവേചനാധികാരം ഉപയോഗിച്ച് താന്‍ ചെയ്ത ഒരു കാര്യത്തെ പരിഹാസ്യമാക്കുന്ന രീതിയിലാക്കി മാറ്റിയെന്നും ജസ്റ്റിസ് ജി ശിവരാജന്‍ വ്യക്തമാക്കി. അതേസമയം സോളാര്‍ ബിസിനസിനായി പണം തട്ടിയെടുക്കാനായി ബിജു ഉപയോഗിച്ചിരുന്നതു മുഖ്യമന്ത്രിയുടെ പേരില്‍ വ്യാജമായി തയാറാക്കിയ കത്തായിരുന്നുവെന്ന് തന്റെ അന്വേഷണത്തില്‍ ബോധ്യപ്പെട്ടതായി പ്രത്യേക അന്വേഷണ സംഘത്തിലുള്ള ഡിവൈഎസ്പി റെജി ജോസഫ് ഇന്നലെ കമ്മീഷന്‍ മുമ്പാകെ മൊഴി നല്‍കി. എന്‍ആര്‍ഐ വ്യവസായി റാസിക് അലി, തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ മാത്യു തോമസ് എന്നിവരില്‍ നിന്നു പണം തട്ടിയെടുത്ത കേസാണ് താന്‍ അന്വേഷിച്ചത്. മുഖ്യമന്ത്രിയുടെ വ്യാജ കത്തുമായി റാസിക് അലിയെ കണ്ടപ്പോഴും  ബിജുവിനൊപ്പം അഡ്വ. ഫെനി ബാലകൃഷ്ണനും ഉണ്ടായിരുന്നുവെന്നു റാസിക് അലിയുടെ മൊഴിയിലുണ്ടെന്ന് ഡിവൈഎസ്പി സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കി.
Next Story

RELATED STORIES

Share it