സോളാര്‍ കമ്മീഷനെതിരേ സരിതയുടെ വിമര്‍ശനം

കൊച്ചി: ജനങ്ങളെ ബോധ്യപ്പെടുത്തേണ്ട സമയത്ത് കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ സോളാര്‍ കമ്മീഷന് കഴിയുന്നില്ലെന്ന് സരിത എസ് നായര്‍. സോളാര്‍ കമ്മീഷന്‍ മുമ്പാകെ ഹാജരായതിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. അഴിമതിക്കാരെയും കള്ളപ്പണക്കാരെയും ജനങ്ങള്‍ക്ക് ബോധ്യപ്പെടുത്തി കൊടുക്കാന്‍ കമ്മീഷന് കഴിയുമായിരുന്നുവെന്നും സരിത പറഞ്ഞു. എന്നാല്‍, ഇത് ഗൂഢാലോചനയാണെന്ന് താന്‍ കരുതുന്നില്ലെന്നും സരിത പറഞ്ഞു.
പോലിസ് സോളാര്‍ കമ്മീഷനില്‍ നല്‍കിയിരിക്കുന്നത് ഫില്‍ട്ടര്‍ ചെയ്ത കോള്‍ ലിസ്റ്റാണെന്നും സരിത ആരോപിച്ചു. താന്‍ ജയിലില്‍ നിന്നിറങ്ങിയ ശേഷം ഉപയോഗിച്ചിരുന്ന മൂന്ന് നമ്പറുകളുടെയും കോള്‍ ഡീറ്റെയില്‍ റിപോര്‍ട്ട് ഹാജരാക്കണം. എങ്കില്‍ മാത്രമേ സത്യം വെളിയില്‍ വരുകയുള്ളു. കോള്‍ ഡീറ്റെയില്‍സിന്റെ മുഴുവന്‍ വിവരങ്ങളും കമ്മീഷന്‍ മുഖാന്തിരം ആവശ്യപ്പെടും. അത് വെളിയില്‍ വരുന്നതോടെ താന്‍ നല്‍കിയ മൊഴി സത്യമാണോ എന്ന് മനസ്സിലാവും. ബെന്നി ബഹനാന്‍ എംഎല്‍എ തന്നെ എന്നൊക്കെയാണ് വിളിച്ചിട്ടുള്ളതെന്നും എവിടെ നിന്നൊക്കെയാണെന്നും എന്തോക്കെയാണ് സംസാരിച്ചതെന്നും വ്യക്തമാവും. അതിനായി ഒരു പരാതി കമ്മീഷനില്‍ നല്‍കുമെന്നും സരിത പറഞ്ഞു.
ചില സ്വകാര്യ കാരണങ്ങള്‍ കൊണ്ടാണ് കഴിഞ്ഞ ദിവസങ്ങളില്‍ കമ്മീഷനില്‍ ഹാജരാവാതിരുന്നത്. താന്‍ താമസം വരുത്താന്‍ ഇടയാക്കിയിട്ടില്ല. മന്ത്രിമാരും എംഎല്‍എമാരും ഉള്‍പ്പെടെയുള്ള നിരവധി രാഷ്ട്രീയക്കാര്‍ക്ക് കമ്മീഷന്‍ നോട്ടീസയച്ചെങ്കിലും അവരാരും ഇതുവരെ മൊഴി നല്‍കാനെത്തിയിട്ടില്ല. താന്‍ ആത്മാര്‍ഥമായി പറയുന്ന കാര്യങ്ങള്‍ക്ക് യാതൊരുവിധ നടപടികളും സ്വീകരിക്കാത്ത സാഹചര്യത്തില്‍ മടുത്തുപോയതാണ്.
കമ്മീഷനെ വിശ്വാസക്കുറവില്ലെന്നും സരിത വ്യക്തമാക്കി. കമ്മീഷന്‍ നടപടികള്‍ മന്ദഗതിയിലാവുന്നതിനാല്‍ തനിക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാവുന്നുവെന്നും വരുമാന മാര്‍ഗം ഇല്ലാതാവുകയാണെന്നും സരിത പറഞ്ഞു.
Next Story

RELATED STORIES

Share it