palakkad local

സൂക്ഷ്മ പരിശോധന ഇന്ന്

പാലക്കാട്: ജില്ലയിലെ പന്ത്രണ്ട് മണ്ഡലങ്ങളിലേക്ക് നല്‍കിയ നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന റിട്ടേണിങ് ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ ഇന്ന് മുന്‍കൂട്ടി അറിയിച്ച സ്ഥലത്ത് രാവിലെ 11 ന് നടക്കുമെന്ന് ജില്ലാ കലക്ടര്‍ പി മേരിക്കുട്ടി അറിയിച്ചു. സൂക്ഷ്മ പരിശോധനയ്ക്ക് അസി. റിട്ടേണിങ് ഓഫിസറെ ചുമതലപ്പെടുത്താന്‍ പാടില്ല. മുന്‍കൂട്ടി അറിയിച്ച സ്ഥലത്തും സമയത്തും സൂക്ഷ്മ പരിശോധന തുടങ്ങും. പരിശോധനയില്‍ സ്ഥാനാര്‍ഥിയുള്‍പ്പെടെ നാല് പേര്‍ക്കാണ് പങ്കെടുക്കാന്‍ അനുവാദമുള്ളത്.
സ്ഥാനാര്‍ഥിക്ക് ഒപ്പം ഇലക്ഷന്‍ ഏജന്റ്, സ്ഥാനാര്‍ഥിയുടെ നിര്‍ദേശകരിലൊരാള്‍ കൂടാതെ സ്ഥാനാര്‍ഥി നിര്‍ദ്ദേശിക്കുന്ന വ്യക്തി എന്നിവര്‍ക്ക് മാത്രം ആവശ്യമെങ്കില്‍ സൂക്ഷ്മ പരിശോധനാ വേളയില്‍ പങ്കെടുക്കാം. നാമനിര്‍ദേശ പത്രികകളില്‍ ന്യൂനതകളുണ്ടോയെന്ന് സൂക്ഷ്മമായി പരിശോധിക്കും. നിശ്ചിത സമയത്ത് പത്രിക സമര്‍പ്പിക്കാതിരുന്നാലും റിട്ടേണിങ് ഓഫിസര്‍ക്കോ അസി.റിട്ടേണിംഗ് ഓഫീസര്‍ക്കോ പത്രിക സമര്‍പ്പിച്ചത് സ്ഥാനാര്‍ഥിയോ അദ്ദേഹത്തിന്റെ നിര്‍ദേശകനോ അല്ലെങ്കിലും പത്രിക തള്ളുന്നതിന് കാരണമാകും.
നിശ്ചിത മാതൃകയിലുള്ള ഫോമിലല്ലെങ്കിലും നിര്‍ദേശിക്കപ്പെട്ട സ്ഥലത്തല്ല പത്രിക സമര്‍പ്പിച്ചതെങ്കിലും പത്രിക തള്ളുന്നതിന് ഇടവരുത്തും. സ്ഥാനാര്‍ഥിയോ അദ്ദേഹത്തിന്റെ നിര്‍ദ്ദേശകരോ പത്രിക സമര്‍പ്പണ അപേക്ഷയില്‍ രേഖപ്പെടുത്തേണ്ട ഒപ്പ് രേഖപ്പെടുത്തിയില്ലെങ്കിലും നിര്‍ദ്ദിഷ്ട പണം കെട്ടിവെച്ചില്ലെങ്കിലും സ്ഥാനാര്‍ഥിയുടെയും നിര്‍ദ്ദേശകരുടെയും ഒപ്പുകള്‍ വ്യാജമാണെങ്കിലും പത്രികകള്‍ തള്ളും.
സ്ഥാനാര്‍ഥിയുടെ നിര്‍ദ്ദേശകന്‍ വോട്ടര്‍ അല്ലെങ്കിലും നിര്‍ദ്ദേശകനാകാനുള്ള യോഗ്യതകള്‍ ഇല്ലെങ്കിലും പത്രിക തള്ളും. മാനദണ്ഡപ്രകാരമുള്ള സത്യവാങ്മൂലങ്ങള്‍ നിശ്ചിത മാതൃകയില്‍ സമര്‍പ്പിച്ചില്ലെങ്കിലും പത്രികകള്‍ തള്ളുന്നതിന് ഇടവരും. സ്ഥാനാര്‍ഥിത്വത്തിനുള്ള യോഗ്യതയും അയോഗ്യതയും നിശ്ചയിക്കാന്‍ സൂക്ഷ്മ പരിശോധനാ ദിനമാണ് അടിസ്ഥാനമായി പരിഗണിക്കുന്നത്. ഇതു സംബന്ധിച്ച വിശദവിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
Next Story

RELATED STORIES

Share it