സിറിയ: ദരായയില്‍ ഭക്ഷ്യവസ്തുവിതരണം ആരംഭിച്ചു

ദമസ്‌കസ്: സിറിയന്‍ തലസ്ഥാനം ദമസ്‌കസിനു സമീപം ദരായയില്‍ യുഎന്‍, എസ്എആര്‍സി(സിറിയന്‍ അറബ് റെഡ് ക്രസന്റ്) സംഘങ്ങള്‍ ഭക്ഷണവും അവശ്യവസ്തുക്കളും വിതരണം ചെയ്യാന്‍ ആരംഭിച്ചു. 2012നു ശേഷം ഇതാദ്യമായാണ് ദരായയില്‍ സഹായ വിതരണമെത്തുന്നത്. രാജ്യത്തെ വിമത മേഖലകളില്‍ 15 ഇടങ്ങളില്‍ സഹായമെത്തിക്കുന്നതിന് സിറിയന്‍ സര്‍ക്കാര്‍ അനുവദിച്ചതായി യുഎന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിനു തൊട്ടു പിറകേയാണ് ഭക്ഷണവും അവശ്യവസ്തുക്കളും വഹിച്ചുകൊണ്ടുള്ള യുഎന്‍, എസ്എആര്‍സി വാഹനങ്ങള്‍ ദരായയിലെത്തിയത്. 2012 നവംബര്‍ മുതല്‍ വിമത നിയന്ത്രണത്തിലാണ് ദരായ. സര്‍ക്കാര്‍ അനുകൂല സൈന്യത്തിന്റെ വ്യോമാക്രമണത്തിന്റെ രൂക്ഷത അനുഭവിച്ച പ്രദേശങ്ങളിലൊന്നാണിത്. ഒരാഴ്ചമുമ്പ് യുഎന്‍, റെഡ് ക്രോസ്, എസ്എആര്‍സി സംഘങ്ങള്‍ ദരായയിലെത്തി മരുന്നുകള്‍ വിതരണം ചെയ്തിരുന്നു. സിറിയയില്‍ 5,92,700 പേര്‍ ഉപരോധത്തിനു കീഴില്‍ കഴിയുന്നതായി യുഎന്‍ അറിയിച്ചു. ഇതില്‍ 4,52,700 പേരും സര്‍ക്കാര്‍ അനുകൂല സൈന്യത്തിന്റെ ഉപരോധമാണ് അനുഭവിക്കുന്നത്. വിമത മേഖലകളിലെ ഉപരോധം എടുത്തുകളയണമെന്നത് സിറിയയിലെ പ്രതിപക്ഷ കക്ഷികള്‍ ദീര്‍ഘകാലമായി ഉന്നയിക്കുന്ന ആവശ്യങ്ങളിലൊന്നാണ്. 2400 പേര്‍ക്ക് ഒരുമാസത്തേക്കുള്ള ഭക്ഷ്യവസ്തുക്കളാണ് കഴിഞ്ഞദിവസം വിതരണം ചെയ്തതെന്ന് യുഎന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. അതെസമയം യുഎന്‍ എസ്എആര്‍സി സംഘങ്ങളുടെ സഹായവിതരണത്തിനു തൊട്ടുപിറകേ ദരായയില്‍ സ്‌ഫോടന പരമ്പര നടന്നതായി പ്രാദേശിക ഭരണസമിതി അറിയിച്ചു. 28 ഓളം സ്‌ഫോടനങ്ങള്‍ നടന്നു. ആര്‍ക്കും അപകടമില്ല. നാടന്‍ ബോംബുകളും ബാരല്‍ ബോംബുകളുമുപയോഗിച്ചായിരുന്നു ആക്രമണമെന്നും അധികൃതര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it