സാര്‍ക് വിത്ത് ബാങ്ക്: വിദഗ്ധ സമിതി യോഗം തുടങ്ങി

തിരുവനന്തപുരം: സാര്‍ക് രാജ്യങ്ങളിലെ സാധാരണ ധാന്യവിള വകഭേദങ്ങള്‍ തിട്ടപ്പെടുത്തുന്നതിനും സാര്‍ക് വിത്ത് ബാങ്കിലേക്ക് ഇവയുടെ ആവശ്യകതയും വിതരണവും വിലയിരുത്തുന്നതിനുമുള്ള പ്രാദേശിക വിദഗ്ധ സമിതി യോഗം തിരുവനന്തപുരത്ത് ആരംഭിച്ചു.
സാര്‍ക് വിത്ത് ബാങ്കിലേക്കായി സാര്‍ക് രാജ്യങ്ങളില്‍ കൃഷി ചെയ്യുന്ന സുലഭമായ ധാന്യവിള വകഭേദങ്ങള്‍ കണ്ടെത്തുകയാണ് യോഗത്തിന്റെ മുന്‍ഗണനാ വിഷയമെന്ന് ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ സാര്‍ക് അഗ്രികള്‍ച്ചര്‍ സെന്റര്‍ സീനിയര്‍ പ്രോഗ്രാം സ്‌പെഷ്യലിസ്റ്റ് ഡോ. തയാന്‍ രാജ് ഗുരുംഗ് പറഞ്ഞു. അംഗരാജ്യങ്ങള്‍ക്കായി പ്രാദേശിക വിത്ത് സുരക്ഷാ ശേഖരമായി പ്രവര്‍ത്തിക്കാനും വിത്ത് പുനസ്ഥാപനത്തോത് വര്‍ധിപ്പിക്കാനും വിത്ത് ബാങ്കിന് സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തുടക്കത്തില്‍ ഈ സഹകരണം നെല്ല്, ഗോതമ്പ്, പയറുവര്‍ഗങ്ങള്‍, എണ്ണക്കുരുക്കള്‍ എന്നിവയിലാണുണ്ടാവുക. സ്വയംപര്യാപ്തതയ്ക്കായി സാര്‍ക് രാജ്യങ്ങള്‍ ഇതിലൂടെ ഒരുമിച്ചു ചേരുകയാണെന്നും അദ്ദേഹം പറഞ്ഞു. സാര്‍ക് അഗ്രികള്‍ച്ചര്‍ സെന്റര്‍, ബംഗ്ലാദേശ് ഡയറക്ടറേറ്റ് ഓഫ് സീഡ് റിസര്‍ച്ച്, ഐസിഎആര്‍, നാഷനല്‍ സീഡ്‌സ് കോര്‍പറേഷന്‍, കേരള കാര്‍ഷിക സര്‍വകലാശാല എന്നിവ സംയുക്തമായി സംഘടിപ്പിച്ചിരിക്കുന്ന മൂന്നുദിവസത്തെ യോഗത്തില്‍ ഇന്ത്യക്ക് പുറമെ ബംഗ്ലാദേശ്, പാകിസ്താന്‍, നേപ്പാള്‍, ഭൂട്ടാണ്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍ പങ്കെടുക്കുന്നുണ്ട്.
Next Story

RELATED STORIES

Share it