സാമ്പത്തിക തട്ടിപ്പ് അന്വേഷണം: സിബിഐ നികുതി വിദഗ്ധരുടെ സഹായം തേടുന്നു

ന്യൂഡല്‍ഹി: സിബിഐ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയിലെയും രാജ്യത്തെ മറ്റു ധനകാര്യ സ്ഥാപനങ്ങളിലേയും നികുതി വിദഗ്ധരുടെ സഹായംതേടി. കോടികളുടെ ചിട്ടി ഫണ്ട് തട്ടിപ്പ്, വിജയ് മല്യയുടെ വായ്പ തട്ടിപ്പ് ഉള്‍പ്പെടെ വന്‍സ്രാവുകള്‍ ഉള്‍പ്പെട്ട കേസുകളിലെ അന്വേഷണത്തെ സഹായിക്കാനാണ് സിബിഐ ഇവരുടെ സഹായം തേടിയത്.
യോഗ്യരും താല്‍പരരുമായ ഓഫിസര്‍മാരെ ഉപദേഷ്ടാക്കളായി നിയമിക്കുമെന്നറിയിച്ച് മുഴുവന്‍ കേന്ദ്രസര്‍ക്കാര്‍ മന്ത്രാലയങ്ങള്‍, സംസ്ഥാനങ്ങള്‍, റിസര്‍വ് ബാങ്ക്, മറ്റു സാമ്പത്തിക സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ജീവനക്കാരുടെ കുറവ് അഭിമുഖീകരിക്കുന്ന സിബിഐ കത്തെഴുതിയിട്ടുണ്ട്.
വിദേശ വ്യാപാരം, വിദേശ വിനിമയം, കരംപിരിവിന് സാങ്കേതിക സഹായം എന്നിവയില്‍ മുതിര്‍ന്ന ഉപദേഷ്ടാക്കളെയാണ് സിബിഐ ആവശ്യപ്പെട്ടിരിക്കുന്നത്. സിബിഐയിലേക്ക് ഡെപ്യൂട്ടേഷനില്‍ വരുന്ന ഉദ്യോഗസ്ഥര്‍ക്ക് ശമ്പളത്തിന്റെ 15 ശതമാനം പ്രത്യേക ഇന്‍സെന്റീവ് അലവന്‍സും നല്‍കും.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, നാഷനല്‍ ബാങ്ക് ഫോര്‍ അഗ്രികള്‍ച്ചര്‍ ആന്റ് റൂറല്‍ ഡവലപ്‌മെന്റ്(നബാര്‍ഡ്), എസ്‌ഐഡിബിഐ, ബാങ്കുകള്‍ എന്നിവയോട് തങ്ങളുടെ ജീവനക്കാരെ സിബിഐയിലേക്ക് ഡെപ്യൂട്ടേഷനില്‍ നാമനിര്‍ദേശം ചെയ്യാനാണു നിര്‍ദേശിച്ചിരിക്കുന്നത്.
Next Story

RELATED STORIES

Share it