സാഫ് ഗെയിംസില്‍ തുടര്‍ച്ചയായ 12ാം തവണയും ഇന്ത്യക്ക് ഓവറോള്‍ കിരീടം; മെഡല്‍ കൊയ്ത്തില്‍ ഇന്ത്യക്ക് റെക്കോഡ് സുവര്‍ണ പെരുമഴയോടെ തിരശ്ശീല

ഗുവാഹത്തി: ദക്ഷിണേഷ്യന്‍ ഗെയിംസില്‍ തുടര്‍ച്ചയായ 12ാം തവണയും എതിരാളികളെ ബഹുദൂരം പി്ന്നിലാക്കി ഇന്ത്യ കരുത്ത് കാട്ടി. 12ാമത് സാഫ് ഗെയിംസിന് ഗുവാഹത്തിയില്‍ ഇന്നലെ തിരശ്ശീല വീണപ്പോള്‍ ഇന്ത്യ സ്വന്തമാക്കിയത് റെക്കോഡ് മെഡല്‍ കൊയ്ത്ത്. ഗെയിംസിലെ എക്കാലത്തെയും മികച്ച മെഡല്‍ വേട്ടയോടെയാണ് ഇന്ത്യ ഇത്തവണ ഓവറോള്‍ ചാംപ്യന്‍പട്ടത്തില്‍ മുത്തമിട്ടത്.
188 സ്വര്‍ണവും 90 വെള്ളിയും 30 വെങ്കലവും ഉള്‍പ്പെടെ 308 മെഡലുകളാണ് 12 ദിവസം നീണ്ടുനിന്ന ദക്ഷിണേഷ്യന്‍ മാമാങ്കത്തില്‍ ആതിഥേയരായ ഇന്ത്യ വാരിക്കൂട്ടിയത്. രണ്ടാമതുള്ള ശ്രീലങ്കയ്ക്ക് 25 സ്വര്‍ണവും 63 വെള്ളിയും 98 വെങ്കലവും ഉള്‍പ്പെടെ 186 മെഡലാണ് നേടാനായത്. 12 സ്വര്‍ണവും 37 വെള്ളിയും 57 വെങ്കലവും ഉള്‍പ്പെടെ 106 മെഡലാണ് മൂന്നാമതുള്ള പാകിസ്താന്‍ നേടിയത്.
അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ്, നേപ്പാള്‍, മാലദ്വീപ്, ഭൂട്ടാന്‍ എന്നിവരാണ് യഥാക്രമം നാലു മുതല്‍ എട്ട് വരെ സ്ഥാനങ്ങളില്‍. 2010ല്‍ ബംഗ്ലാദേശിലെ ധക്കയില്‍ നടന്ന ദക്ഷിണേഷ്യന്‍ ഗെയിംസില്‍ 90 സ്വര്‍ണം നേടിയ ഇന്ത്യ ഇത്തവണ അത് 188 ആക്കി ഉയര്‍ത്തുകയായിരുന്നു. 175 മെഡലുകളായിരുന്നു 2010ല്‍ ഇന്ത്യയുടെ മൊത്തം മെഡല്‍ സമ്പാദ്യം.
1995ല്‍ മഡ്രാസ് വേദിയായ ഗെയിംസില്‍ 106 സ്വര്‍ണം ഉള്‍പ്പെടെ 185 മെഡലുകളാണ് ഇന്ത്യ നേടിയിരുന്നത്. 1987ല്‍ ആദ്യമായി ആതിഥേയത്വം വഹിച്ച ഗെയിംസില്‍ 91 സ്വര്‍ണം ഉള്‍പ്പെടെ 155 മെഡലുകളായുരുന്നു ഇന്ത്യയുടെ സമ്പാദ്യം.
അവസാന ദിനമായ ഇന്നലെ നടന്ന ബോക്‌സിങ്, ജൂഡോ ഫൈനലുകളിലും ഇന്ത്യയുടെ സ്വര്‍ണ കൊയ്ത്ത് കണ്ടു. സമാപന ദിനം അഞ്ച് സ്വര്‍ണവും രണ്ട് വെള്ളിയും ഇന്ത്യ തങ്ങളുടെ അക്കൗണ്ടിലേക്ക് കൂട്ടിച്ചേര്‍ക്കുകയായിരുന്നു.
പൊന്നണിഞ്ഞ് മേരി കോം
ബോക്‌സിങില്‍ വീണ്ടും ഇന്ത്യന്‍ ആധിപത്യം. പുരുഷന്‍മാരുടെ ബോക്‌സിങില്‍ ഏഴില്‍ ഏഴ് സ്വര്‍ണവും തൂത്തുവാരിയ ഇന്ത്യ വനിതകളിലും ആധിപത്യം തുടരുകയായിരുന്നു. ഇന്നലെ എംസി മേരി കോം, സരിത ദേവി, പൂജ റാണി എന്നിവരാണ് ആതിഥേയര്‍ക്കു വേണ്ടി സ്വര്‍ണം കഴുത്തിലണിഞ്ഞത്. മൂന്നിലും ശ്രീലങ്കന്‍ താരങ്ങളായിരുന്നു ഇവരുടെ എതിരാളികള്‍. ഇതോടെ ഗെയിംസില്‍ ബോക്‌സിങ് ഇനത്തില്‍ ഇന്ത്യ 10 മെഡലുകള്‍ കരസ്ഥമാക്കി.
51 കിലോംഗ്രാം വിഭാഗത്തിലാണ് ലണ്ടന്‍ ഒളിംപിക്‌സ് വെങ്കല മെഡല്‍ ജേതാവായ മേരി കോം സ്വര്‍ണമണിഞ്ഞത്. ശ്രീലങ്കയുടെ അനുഷ കൊടിതുവാക്കു ദില്‍രുക്ഷിയെയാണ് മേരി കോം ഇടിച്ചു വീഴ്ത്തിയത്. തോളിനേറ്റ പരിക്ക് ഭേദമായതിനു ശേഷമുള്ള മേരി കോമിന്റെ ഗംഭീര തിരിച്ചുവരവ് കൂടിയാണ് ഗെയിംസിലെ സമാപനം ദിനം ആരാധകര്‍ക്ക് കാണാനായത്.
75 കിലോഗ്രാം വിഭാഗത്തിലാണ് ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവായ പൂജയുടെ സുവര്‍ണ നേട്ടം. ശ്രീലങ്കയുടെ നിലന്തി ആന്ദരവീറിനെയാണ് പുജ പരാജയപ്പെടുത്തിയത്.
ഒരു വര്‍ഷത്തെ വിലക്കിനു ശേഷം തിരിച്ചെത്തിയ മുന്‍ ലോക ചാംപ്യന്‍ സരിത ദേവി 60 കിലോഗ്രാം വിഭാഗത്തില്‍ ശ്രീലങ്കയുടെ വിദുക്ഷിക പ്രബദിയെ തോല്‍പ്പിക്കുകയായിരുന്നു. മല്‍സരത്തില്‍ നേരിയ മാര്‍ജിനിലായിരുന്നു സരിതയുടെ ജയം.
ജൂഡോയില്‍ നാല് മെഡലുകള്‍
ഗെയിംസിന്റെ സമാപനദിമായ ഇന്നലെ നടന്ന ജൂഡോയില്‍ നാല് മെഡലുകള്‍ ഇന്ത്യ സ്വന്തമാക്കി. രണ്ട് വീതം സ്വര്‍ണവും വെള്ളിയുമാണ് ജൂഡോയിലൂടെ ഇന്ത്യ കരസ്ഥമാക്കിയത്.
ഇനി നേപ്പാളില്‍
13ാമത് സാഫ് ഗെയിംസിന് 2019ല്‍ നേപ്പാളിലെ കാഠ്മണ്ഡു വേദിയാവും.
Next Story

RELATED STORIES

Share it