സര്‍ക്കാര്‍ ഉദേ്യാഗസ്ഥരുടെ സ്ഥലംമാറ്റം തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കി

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിനു തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്. സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്റ്റാറ്റ്യൂട്ടറി ബോര്‍ഡുകള്‍/കോര്‍പറേഷനുകള്‍ എന്നിവിടങ്ങളിലെ ഉദേ്യാഗസ്ഥരെയും ഓഫിസര്‍മാരെയും തിരഞ്ഞെടുപ്പു പ്രക്രിയ പൂര്‍ത്തിയാവുന്നതുവരെ സ്ഥലംമാറ്റരുതെന്നാണു നിര്‍ദേശം.

ഇക്കാര്യം ചൂണ്ടിക്കാണിച്ചു സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ കെ ശശിധരന്‍ നായര്‍ ചീഫ് സെക്രട്ടറിക്കു കത്ത് നല്‍കി. ഇന്നലെ മുതല്‍ ഇതു പ്രാബല്യത്തിലാക്കണമെന്നാണു നിര്‍ദേശിച്ചിട്ടുള്ളത്. പോളിങ് ഉദേ്യാഗസ്ഥര്‍, റിട്ടേണിങ് ഓഫിസര്‍മാര്‍, അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസര്‍മാര്‍, ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫിസര്‍മാര്‍, അസിസ്റ്റന്റ് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫിസര്‍മാര്‍ എന്നിവരുടെ ചുമതലകള്‍ നിര്‍വഹിക്കുന്ന ഉദ്യോഗസ്ഥരുടെ ഒഴിവുകള്‍ ഉണ്ടെങ്കില്‍ അവ എത്രയും പെട്ടെന്നു നികത്തണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷണര്‍ നിര്‍ദേശം നല്‍കി.

സ്ഥലംമാറ്റം അനിവാര്യമായ കേസുകളില്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്‍കൂര്‍ അനുമതി വാങ്ങിയിരിക്കണണമെന്നും കമ്മീഷണര്‍ നിര്‍ദേശിച്ചു. നാഷനല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററിന്റെ “ഇ ഡ്രോപ്പ്’ (ഇലക്‌ട്രോണിക്കലി ഡിപ്ലോയിങ് റാന്‍ഡംലി ഫോര്‍ പോളിങ്) എന്ന വെബ്അധിഷ്ഠിത സംവിധാനത്തിലൂടെ തിരഞ്ഞെടുപ്പ് ഉദേ്യാഗസ്ഥരെ നിയമിക്കുന്നതിനുള്ള നടപടികള്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആരംഭിച്ചു.
Next Story

RELATED STORIES

Share it