thrissur local

സര്‍ക്കാര്‍ അവഗണന: ചെസ്റ്റ് ഹോസ്പിറ്റല്‍ കാന്‍സര്‍ ചികില്‍സാ വിഭാഗം തകര്‍ച്ചയിലേക്ക്

തൃശൂര്‍: സര്‍ക്കാര്‍ മേഖലയില്‍ കാന്‍സര്‍ ചികില്‍ ലഭ്യമായിട്ടുളള തൃശൂര്‍ ജില്ലയിലെ ഏക സ്ഥാപനമായ ചെസ്റ്റ് ഹോസ്പിറ്റലിനോടുള്ള സര്‍ക്കാറിന്റെ അവഗണ മൂലം കാന്‍സര്‍ ചികില്‍സാ വിഭാഗം തകര്‍ച്ചയിലേക്ക്. മുളങ്കുന്നത്തുകാവ് ചെസ്റ്റ് ഹോസ്പിറ്റലിലെ കാന്‍സര്‍ സെന്ററിന്റെ വികസനത്തിനായി പി കെ ബിജു എംപി അനുവദിച്ച കീമോ ഡേ കെയര്‍ സെന്ററിലേക്ക് ആവശ്യമായ അനുബന്ധ സൗകര്യങ്ങള്‍ അനുവദിക്കാതിരിക്കുന്ന സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണെന്ന് എംപി പറഞ്ഞു.
ചെസ്റ്റ് ഹോസ്പിറ്റലിലെ മെഡിസിന്‍ വിഭാഗം മെഡിക്കല്‍ കോളജിലേക്ക് മാറ്റുമെന്നും, തുടര്‍ന്ന് ചെസ്റ്റ് ഹോസ്പിറ്റല്‍ മിനി ആര്‍സിസിയായി ഉയര്‍ത്തുമെന്നും ആയിരുന്നു മുഖ്യമന്ത്രിയും, ആരോഗ്യ മന്ത്രിയും നേരത്തെ പ്രഖ്യാപിച്ചിരുന്നത്. ഇതിനനുസരിച്ച് പ്രാദേശിക വികസന ഫണ്ടില്‍ നിന്നും ഒരു കോടി രൂപ കീമോ ഡേകെയര്‍ നിര്‍മ്മാണത്തിനായി എംപി അനുവദിച്ചു. കീമോ ഡേ കെയര്‍ സെന്ററിന്റെ പ്രവര്‍ത്തനത്തിനായി ചെസ്റ്റ് ഹോസ്പിറ്റലിലെ നഴ്‌സിംഗ് ജീവനക്കാരെ ഉപയോഗപ്പെടുത്തുമെന്നും നേരത്തെ അറിയിച്ചിരുന്നു.
എന്നാല്‍ മെഡിസിന്‍ വിഭാഗം പുതിയ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയതോടെ ചെസ്റ്റ് ഹോസ്പിറ്റലിനേയും, അതുവഴി ക്യാന്‍സര്‍ സെന്ററിനേയും തകര്‍ക്കുന്ന നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. കാന്‍സര്‍ സെന്ററിന്റെ വികസനത്തിനായി മുന്‍പ് പ്രഖ്യാപിച്ചതില്‍ നിന്നും സര്‍ക്കാര്‍ പുറകോട്ട് പോകുകയും, പകരം കാന്‍സര്‍ സെന്ററിനെ തകര്‍ക്കുന്ന നടപടികള്‍ തുടര്‍ച്ചയായി സ്വീകരിക്കുകയും ചെയ്തു.
ഇതിനിടെ സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം ചെസ്റ്റ് ഹോസ്പിറ്റലില്‍ നിന്നും നഴ്‌സിംഗ് ജീവനക്കാരെ പുതിയ മെഡിക്കല്‍ കോളജിലേക്ക് പ്രിന്‍സിപ്പാള്‍ മാറ്റി നിയമിക്കുകയും ചെയ്തു.
രോഗികളുടേയും, ജനപ്രതിനിധികളുടേയും കടുത്ത എതിര്‍പ്പിനിടെ തുടര്‍ന്നാണ് വിവാദ ഉത്തരവ് പ്രിന്‍സിപ്പാള്‍ പിന്‍വലിച്ചത്. എന്നാല്‍ തെരഞ്ഞെടുപ്പിന്റെ തിരക്കിനിടയില്‍ 56 നഴ്‌സിംഗ് ജീവനക്കാരെ ചെസ്റ്റ് ഹോസ്പിറ്റലില്‍ നിന്നും പുതിയ മെഡിക്കല്‍ കോളജിലേക്ക് പ്രിന്‍സിപ്പല്‍ മാറ്റിനിയമിക്കുകയും ചെയ്തു.
കൂടാതെ പിഎസ്‌സിയില്‍ നിന്നും പുതിയതായി മെഡിക്കല്‍ കോളജിലേക്ക് നിയമിച്ച 171 സ്റ്റാഫ് ജീവനക്കാരില്‍ നിന്നും ഒരാളെ പോലും ചെസ്റ്റ് ഹോസ്പിറ്റലിലേക്ക് സര്‍ക്കാര്‍ നല്‍കാതിരിക്കുകയും ചെയ്തു. ഇരുപത്തിനാല് മണിക്കൂറും കീമോ തെറാപ്പി സൗകര്യം ലഭ്യമാക്കുന്നതിനായി എംപി പ്രാദേശിക വികസന ഫണ്ടില്‍ നിന്നും തുകയനുവദിക്കുകയും, സമയബന്ധതിമായ പൂര്‍ത്തീകരണത്തിന് മുന്‍കൈയെടുത്ത് നിര്‍മ്മാണം പൂര്‍ത്തീകരിക്കുകയും ചെയ്ത ഡേ കെയര്‍ കെട്ടിടം സര്‍ക്കാരിന്റെ അനാസ്ഥ മൂലം രോഗികള്‍ക്ക് ഉപകാരപ്രദമാകാതെ പോകുകയാണ്.
തൃശൂര്‍, മലപ്പുറം, പാലക്കാട് ജില്ലകളില്‍ നിന്നായി 5000 ഓളം രോഗികള്‍ ദിനം പ്രതി കാന്‍സര്‍ ചികില്‍സക്കെത്തുന്നുണ്ട്. ഇവര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും, ജീവനക്കാരും ഇല്ലാതെ പ്രതിസന്ധിയിലാണ്. തുടര്‍ച്ചയായി തകരാറിലാകുന്ന റേഡിയേഷന്‍ യന്ത്രത്തിനു പകരം ലീനിയര്‍ ആക്‌സിലേറ്റര്‍ സ്ഥാപിക്കുന്നതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിച്ച 7.50 കോടി രൂപ സര്‍ക്കാര്‍ ഇതുവരെയും നല്‍കിയിട്ടില്ല.
Next Story

RELATED STORIES

Share it