thiruvananthapuram local

സമാധാനപരമായി പ്രതിഷേധിച്ച വിദ്യാര്‍ഥികളെ പോലിസ് തല്ലിചതച്ചു; 25 ഓളം പേര്‍ക്ക് പരിക്ക്

ബാലരാമപുരം: സ്‌കൂള്‍ കലോല്‍സവത്തിന് അനുമതിയുണ്ടായിരുന്ന ഇനത്തിന് അവതരണം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ഹെഡ്മാസ്റ്ററുടെ ഓഫിസിന് മുന്നില്‍ സമാധാനപരമായി പ്രതിഷേധിച്ച വിദ്യാര്‍ഥികളെ പോലിസ് തല്ലിച്ചതച്ചു. 25 ഓളം വിദ്യാര്‍ഥികളെ പരിക്കുകളോടെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
വിദ്യാര്‍ഥികളായ അബൂത്വാഹിര്‍ (15), അഭിനന്ദ് (17), ഫര്‍ഫീന്‍ (13) എന്നിവരെ ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കോളജിലും അക്ഷയ് (15), ബിസ്മില്ല (16), മുബാറക്ക് (15), സവാദ് (16), ജസീര്‍ (17), അജു (17), ഇസ്മായില്‍ (16), അഭിജിത്ത് (17) തുടങ്ങി 25 ഓളം പേരെ പരിക്കുകളോടെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 2.30 ഓടെ ബാലരാമപുരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം.
സമാധാനപരമായി പ്രതിഷേധിച്ചിരുന്ന വിദ്യാര്‍ഥികളെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് രക്ഷകര്‍ത്താക്കളും, നാട്ടുകാരും ചേര്‍ന്ന് ഹെഡ്മാസ്റ്ററെയും മറ്റ് അധ്യാപകരെയും തടഞ്ഞുവച്ചു. പ്രതിഷേധത്തെ തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി കെ മധുവിന്റെ ശുപാര്‍ശയെ തുടര്‍ന്ന് ഡപ്യൂട്ടി ഡയറക്ടര്‍ ഇടപ്പെട്ട് ഹെഡ്മാസ്റ്റര്‍ സുരേന്ദ്രനെ സസ്‌പെന്റ് ചെയ്തു. കലോല്‍സവത്തില്‍ നാടകം നടക്കുന്ന സമയത്ത് ഒരുഷോ അവതരിപ്പിക്കാന്‍ അനുമതി നല്‍കിയിരുന്നെങ്കിലും പിന്നീട് അത് റദ്ദ് ചെയ്യുകയായിരുന്നു. ഇതാണ് വിദ്യാര്‍ഥികളുടെ പ്രതിഷേധത്തിന് കാരണം.
പൂട്ടിയിട്ടിരുന്ന സ്‌കൂള്‍ കോംപൗണ്ടിനുള്ളില്‍ മതില്‍ ചാടികടന്ന 10 ഓളം പോലിസുകാരാണ് കുട്ടികളെ തല്ലിചതച്ചത്. പോലിസിന്റെ ലാത്തിയടിയില്‍ ചിതറിയോടിയ വിദ്യാര്‍ഥികള്‍ സ്‌കൂള്‍ മതില്‍ചാടി പുറത്തുകടക്കുന്നതിനിടെ വാഹനം തട്ടിപ്പരിക്കേല്‍ക്കുകയും ചെയ്തു. ഭയന്നുവിറച്ച് നിലവിളിച്ച വിദ്യാര്‍ഥികളെ പോലിസ് തലങ്ങുംവിലങ്ങും അടിക്കുകയായിരുന്നു. 10-11 വയസ് പ്രായമുള്ള നിരവധി കുട്ടികള്‍ക്ക് മുതുകിലും തലയ്ക്കും കാലിനും ലാത്തിയടിയേറ്റെങ്കിലും ആശുപത്രിയില്‍ പോവാതെ വീടുകളിലേക്ക് മടങ്ങി.
രാത്രി വൈകിയും നൂറുകണക്കിനാളുകള്‍ ഹെഡ്മാസ്റ്ററെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഓഫിസിനു മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. വിവരമറിഞ്ഞ് എഇഒ ഋഷികേഷ്, ഡിഡി വിക്രമന്‍, ഡിഇഒ ചാമിയാര്‍ എന്നിവര്‍ സ്ഥലത്തെത്തി രക്ഷകര്‍ത്താക്കളുമായി ചര്‍ച്ച നടത്തിയെങ്കിലും ഹെഡ്മാസ്റ്ററെ പുറത്താക്കാതെ പിരിയില്ലെന്ന് ഇവര്‍ ഉറപ്പിച്ചുപറഞ്ഞ സാഹചര്യത്തിലാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി കെ മധു ഇടപെട്ട് നടപടി സ്വീകരിച്ചത്.
Next Story

RELATED STORIES

Share it