kozhikode local

സപ്തതിയുടെ നിറവിലും പൊന്‍കതിര്‍ വിളയിച്ച് മോയിന്‍കുട്ടി

കെ പി നജീബ്

ഫറോക്ക്: സപ്തതിയുടെ നിറവിലും കാര്‍ഷിക വൃത്തി അനുഷ്ഠാനം പോലെ കൊണ്ടുനടക്കുകയാണ് ഫാറൂഖ് കോളജ് പാണ്ടികശാല പറങ്ങാന്‍തൊടി മോയിന്‍കുട്ടി. ആറ് പതിറ്റാണ്ടു മുമ്പാണ് മോയിന്‍കുട്ടി തന്റെ കാര്‍ഷിക ജീവിതത്തിന് തുടക്കം കുറിച്ചത്. രണ്ടാം ക്ലാസില്‍ പഠനം നിര്‍ത്തി പാടത്തിറങ്ങിയതാണ് ഇദ്ദേഹം. കൃഷിപ്പണിക്കാരനായി തുടങ്ങിയ ആദ്യകാലത്തിനു ശേഷം കൃഷി ജീവിതമായി മാറുകയായിരുന്നു. പന്ത്രണ്ട് വയസോടെ കന്നുപൂട്ടും പഠിച്ചു.
സ്വന്തമായി ഒരു തുണ്ടു ഭൂമിപോലും ഇല്ലാത്തതിനാല്‍ അര അണയ്ക്ക് കൂലിവേല ചെയ്തായിരുന്നു ആദ്യകാലത്ത് ഉപജീവനം നടത്തിയത്. പിറന്നുവീണ മണ്ണ് അഴിഞ്ഞിലമായതിനാല്‍ കൃഷിയുടെ ബാലപാഠങ്ങളും അവിടെനിന്നുതന്നെ പഠിച്ചു. ചോണാടത്തില്‍ പാടത്തും ഇല്ലത്തുപറമ്പിലും ആറ്റുപിറം താഴത്തും ഏറാടിക്കുഴിയിലും അങ്കംവെട്ടി സ്വര്‍ണക്കതിര്‍ വിളയിച്ച മോയിന്‍കുട്ടി ഇപ്പോള്‍ ഫാറൂഖ് കോളജ് ചാലിയാറിനു സമീപം കരിങ്കല്ലായിപ്പാടത്താണ് സ്വര്‍ണനിറമുള്ള നെല്‍കതിരുകള്‍ക്കും കണ്ണിനിമ്പമേകുന്ന വാഴകള്‍ക്കും ജീവന്‍ നല്‍കുന്നത്.
ആദ്യകാലത്ത് ഒരു പാടത്തു പുഞ്ചയിറക്കാന്‍ 200 മുതല്‍ 250 രൂപ വരെയാണ് ചെലവു വന്നിരുന്നത്. നാല് ചിറ്റ് നെല്ലിന് ഉടമയ്ക്ക് ഒരു ചിറ്റ് എന്ന തോതില്‍ നല്‍കിയ ശേഷം ലഭിക്കുന്ന നെല്ല് ഒരു ചാക്കിന് 45 രൂപയാണു ലഭിക്കുക. നെല്ല് മുഴുവന്‍ വിറ്റ് ചെലവു കഴിഞ്ഞാല്‍ ബാക്കിയുണ്ടാവുക അരച്ചാണ്‍ വയറിലെ പട്ടിണി മാത്രം. ശേഷിക്കുന്ന വൈക്കോലും മറ്റുമായി അഷ്ടിക്കുള്ള വക കണ്ടെത്തണം.
ജോലി കഴിഞ്ഞ് അങ്ങാടിയിലെത്തിയാല്‍ മൂന്ന് മുക്കാലിന് കാപ്പിയും പൂളയും എരുന്തിറച്ചിയും ലഭിക്കുമെന്നതാണ് ആകെ ആശ്വാസം. രാവിലെ ഏഴു മണി മുതല്‍ സന്ധ്യ മയങ്ങുന്നതു വരെ ജോലിചെയ്യാന്‍ പണിക്കാര്‍ക്കു നല്‍കേണ്ടത് 50 പൈസ മാത്രം. ഞാറ് നടുന്നതു മുതല്‍ കൊയ്ത് കറ്റ കെട്ടുന്നതിനു വരെ ജോലിക്കാര്‍ സുലഭം. വെള്ളക്കുടാന്‍, കറുവക്കുട്ടാടന്‍, തെക്കന്‍ നെല്ല്, പള്ളിയാറല്‍, മോടന്‍ തുടങ്ങിയ നെല്‍വിത്തുകളാണ് അന്ന് ഉപയോഗിച്ചിരുന്നത്.
ചേളാരി ചന്തയില്‍ നിന്ന് 35 രൂപയ്ക്ക് രണ്ട് മൂരികളെ വാങ്ങിയാണ് ആദ്യം കന്നുപൂട്ടല്‍ ആരംഭിച്ചത്. ഇപ്പോള്‍ അവസാനമായി വാങ്ങിയ രണ്ട് മൂരികള്‍ക്കു നല്‍കിയത് ഇരുപതിനായിരം രൂപ. കൊയിലാണ്ടി, മഞ്ചേരി, ചേളാരി, മലാപറമ്പ്, ഫറോക്ക്, ഊര്‍ങ്ങാട്ടീരി, രാമനാട്ടുകര എന്നിവിടങ്ങളില്‍ നിന്നാണ് മുഖ്യമായും കന്നുകളെ സംഘടിപ്പിച്ചിരുന്നത്. രാമനാട്ടുകര എസ്ബിഐയില്‍ നിന്ന് വാഴകൃഷിക്കു വേണ്ടി 500 രൂപയും കന്നിനെ വാങ്ങാന്‍ 5000 രൂപയും വായ്പ്പയെടുത്തെങ്കിലും യഥാസമയം മുഴുവന്‍ തുകയും അടച്ചുതീര്‍ത്തു. കൃഷിയോടൊപ്പം കന്നുകളെയും വളര്‍ത്തുന്നുണ്ട്. ചന്തയില്‍ നിന്നു വാങ്ങുന്ന കന്നുകളെ വളര്‍ത്തി വില്‍പന നടത്താറാണു പതിവ്.
പലപ്പോഴും കടുത്ത ദാരിദ്ര്യമാണു കൂട്ടിനുണ്ടായിരുന്നത്. മൂന്ന് പെണ്‍മക്കളെയും വിവാഹം ചെയ്തയക്കാനായെങ്കിലും സ്വന്തമായി വീടില്ലാത്തതിനാല്‍ മകളോടൊപ്പമാണ് ഇപ്പോള്‍ താമസം. ആറു പതിറ്റാണ്ടിന്റെ കാര്‍ഷിക പാരമ്പര്യമുണ്ടെങ്കിലും ഈ കര്‍ഷകനെ ഇതുവരെ നാട് ആദരിച്ചിട്ടില്ല. കാര്‍ഷിക പെന്‍ഷനോ മറ്റ് ആനുകൂല്യമോ ലഭിക്കുന്നില്ല. എങ്കിലും ആരോടും പരിഭവമില്ലാതെ സന്ധ്യ മയങ്ങുന്നതു വരെ പാടത്തു പണി ചെയ്യുകയാണു മോയിന്‍കുട്ടി.വേദന മറന്ന് അവര്‍ പാടി;
അന്തേവാസികളുടെ മനം കവര്‍ന്ന് സാന്ത്വന സ്പര്‍ശം
നാദാപുരം: ശരീരത്തിന്റെയും മനസിന്റെയും വേദനകള്‍ മറന്ന് ആടാനും പാടാനും ലഭിച്ച അവസരം അന്തേ വാസികളുടെ ജീവിത വഴിയിലെ വലിയ സൗഭാഗ്യമായി. മാപ്പിള കലാ അക്കാദമി സംസ്ഥാന കമ്മിറ്റി എടച്ചേരി തണലില്‍ ഒരുക്കിയ സാന്ത്വന സ്പര്‍ശം പരിപാടിയാണ് വേറിട്ട അനുഭവമായത്. ബന്ധുക്കളാല്‍ തഴയപ്പെട്ടവരും രോഗം കൊണ്ട് പ്രയാസം അനുഭവിക്കുന്നവരും മാനസിക സംഘര്‍ഷം നേരിടുന്നവരുമായ 150ല്‍ പരം അന്തേവാസികള്‍ അക്കാദമിയുടെ കലാകാരന്മാര്‍ ആലപിച്ച ഗാനങ്ങള്‍ മതി മറന്ന് ആസ്വദിച്ചു.
ഓരോ പാട്ടും നിറഞ്ഞ കരഘോഷത്തോടെ സ്വീകരിച്ച അവര്‍ ഞങ്ങള്‍ക്കും പാടണം എന്ന് പറഞ്ഞ് വേദിയില്‍ കയറി. മൈക്ക് കയ്യിലെടുത്തു പാടി. അക്കാദമി സംസ്ഥാന പ്രസിഡന്റ് പി എച്ച് അബ്ദുല്ല മാസ്റ്റര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ബഹ്‌റൈന്‍ ചാപ്ടര്‍ ജനറല്‍ സെക്രട്ടറി ഷംസുദ്ദീന്‍ വെള്ളിക്കുളങ്ങര അധ്യക്ഷത വഹിച്ചു.
ജില്ലാ പ്രസിഡന്റ് എം കെ അഷ്‌റഫ് വാണിമേല്‍, സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ ആരിഫ് കാപ്പില്‍, സാംസ്‌ക്കാരിക പ്രവര്‍ത്തകന്‍ ചന്ദ്രശേഖരന്‍ പുല്ലാങ്കോട്, മസ്‌കറ്റ് കമ്മിറ്റി സെക്രട്ടറി ഹമീദ് കുറ്റിയാടി, സംസ്ഥാന സമിതി അംഗങ്ങളായ ഫസല്‍ കൊടുവള്ളി, പി പി എ റഹീം, നൗഷാദ് ധര്‍മടം, ഫൈസല്‍ കണ്ണൂക്കര, റഫീഖ് കൊച്ചു പ്പള്ളി സംസാരിച്ചു. നവാസ് പാലേരി, അബ്ദുറഹ്മാന്‍ കോട്ടക്കല്‍, ഫസല്‍ വെള്ളായിക്കോട്, നുജൂം പാലേരി, നാജിദ് നവാസ് സംഗീത വിരുന്നിന് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it