സംസ്ഥാനത്ത് മൃഗശാലകളില്‍ ജീവികളുടെ മരണനിരക്ക് ഉയരുന്നു

ശ്രീജിഷ പ്രസന്നന്‍

തിരുവനന്തപുരം: പുതിയ ഇനങ്ങളെ എത്തിക്കുകയും മികച്ച സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്യുമ്പോഴും സംസ്ഥാനത്തെ മൃഗശാലകളില്‍ ജീവജാലങ്ങളുടെ മരണനിരക്കില്‍ മാറ്റമില്ല. തൃശൂര്‍, തിരുവനന്തപുരം മൃഗശാലകളിലായി കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ജീവന്‍ നഷ്ടപ്പെട്ടത് 506 പക്ഷിമൃഗാദികളാണ്. 2010 മുതല്‍ 2015 ഒക്ടോബര്‍ വരെയുള്ള കണക്കാണിത്.
തിരുവനന്തപുരത്ത് 217ഉം തൃശൂര്‍ മൃഗശാലയില്‍ 289ഉം ജീവജാലങ്ങളാണു മരണപ്പെട്ടത്. ജീവഹാനി നേരിട്ടവയില്‍ ഏറ്റവും കൂടുതല്‍ സസ്തനികളാണ്. തിരുവനന്തപുരത്ത് 128ഉം തൃശൂരില്‍ 210ഉം ഉള്‍പ്പെടെ 338 സസ്തനികളാണ് അഞ്ചു വര്‍ഷത്തിനിടെ മരിച്ചത്. 116 പക്ഷികളും 52 ഉരഗങ്ങളും ഇക്കാലയളവില്‍ മരിച്ചതായി മൃഗശാല വകുപ്പിന്റെ രേഖകള്‍ വ്യക്തമാക്കുന്നു. പ്രായാധിക്യം കൊണ്ട് മരണപ്പെടുന്ന ജീവികളുടെ നിരക്കു കുറവാണ്. ഒട്ടുമിക്ക ജീവജാലങ്ങളും രോഗം ബാധിച്ചാണ് ചത്തുപോവുന്നത്.
ലക്ഷങ്ങള്‍ വരുമാനമുണ്ടെങ്കിലും അതിനനുസരിച്ച് ജീവജാലങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ വീഴ്ച വരുന്നുണ്ടെന്നതാണ് ചത്തുപോവുന്ന മൃഗങ്ങളുടെ നിരക്കു വ്യക്തമാക്കുന്നത്. ജീവജാലങ്ങളുടെ ആവാസവ്യവസ്ഥയ്ക്ക് അനുസരിച്ചുള്ള കൂടുകളാണ് നിര്‍മിച്ചു നല്‍കിയിട്ടുള്ളതെന്ന് അധികൃതര്‍ പറയുമ്പോഴും കൂടുകളിലെ അപര്യാപ്തതയാണ് ഒരുപരിധിവരെ മൃഗങ്ങള്‍ക്ക് വെല്ലുവിളിയാവുന്നത്. വന്‍തുക ചെലവാക്കി മൃഗശാലയില്‍ നവീകരണം നടത്തുമ്പോഴും കൂടുകള്‍ പുനരുദ്ധരിക്കാന്‍ അധികൃതര്‍ തയ്യാറാവുന്നില്ല. വന്യമൃഗങ്ങളെയും പക്ഷികളെയും പ്രദര്‍ശിപ്പിക്കുന്ന നിരവധി കൂടുകളാണ് ഇവിടെ നശിച്ചുകൊണ്ടിരിക്കുന്നത്.
അടുത്തിടെ രൂപകല്‍പ്പന ചെയ്ത ഉരഗങ്ങളുടെ കൂടുകള്‍ മാത്രമാണ് ഇവിടെ ഉന്നതനിലവാരം പുലര്‍ത്തുന്നത്. അതേസമയം, കൂടുകള്‍ നിര്‍മിക്കുന്നതിന് തയ്യാറാക്കിയ എസ്റ്റിമേറ്റുകളില്‍ വന്‍തുകയാണു കാണിച്ചിരിക്കുന്നത്.
കഴിഞ്ഞവര്‍ഷം സിഡ്‌കോ തയ്യാറാക്കിയ കണക്കുകള്‍ പ്രകാരം കഴുതപ്പുലിക്ക് 1.23 കോടിയുടെ കൂട് നിര്‍മിക്കാനാണ് പ്ലാന്‍ തയ്യാറാക്കിയത്. കേഴയ്ക്ക് 1.04 കോടി, ബ്ലൂ ബുള്ളിന് 1.18 കോടി, കുറുക്കന് 91.6 ലക്ഷം, മലബാര്‍ ജയന്റ് വിഭാഗത്തില്‍പ്പെട്ട അണ്ണാന് 50 ലക്ഷത്തിന്റെ വീട് എന്നിങ്ങനെയാണ് കൂടുകളുടെ എസ്റ്റിമേറ്റ്. എന്നാല്‍, ഇത്രയും സൗകര്യങ്ങള്‍ മൃഗങ്ങള്‍ക്കു ലഭിക്കുന്നില്ല. കൂടാതെ തിരുവനന്തപുരം മൃഗശാലയുടെ അടുത്ത 20 വര്‍ഷത്തെ വികസനം ലക്ഷ്യമാക്കി കേന്ദ്ര മൃഗശാല അതോറിറ്റിക്ക് മാസ്റ്റര്‍പ്ലാന്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇതില്‍ മൃഗങ്ങളുടെ രോഗപരിചരണം അടക്കമുള്ള വിഷയങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Next Story

RELATED STORIES

Share it