സംസ്ഥാനത്തിന് ഗുണം ചെയ്യുന്ന കാര്യത്തില്‍ ആരെതിര്‍ത്താലും മുന്നോട്ടു പോവും: മുഖ്യമന്ത്രി

കൊച്ചി: സംസ്ഥാനത്തിന് ഗുണം ചെയ്യുന്ന കാര്യമാണെങ്കില്‍ ആരെതിര്‍ത്താലും മുന്നോട്ടു പോവുകതന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.
വിവാദം ഭയന്ന് പിന്നോട്ടു പോവില്ലെന്ന തീരുമാനത്തെ തുടര്‍ന്നാണ് കേരളത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷംകൊണ്ട് ഇത്രയധികം വികസനം നടപ്പാക്കാന്‍ കഴിഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു. യുഡിഎഫ് എറണാകുളം ജില്ലാ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഏതു കാര്യവും സുതാര്യമായി മാത്രമേ ഈ സര്‍ക്കാര്‍ ചെയ്തിട്ടുള്ളൂ. തെറ്റുണ്ടായിട്ടുണ്ടെങ്കില്‍ തിരുത്താനും തീരുമാനം പുനപ്പരിശോധിക്കാനും തയ്യാറാണ്. വിവാദങ്ങള്‍ ഉണ്ടായപ്പോള്‍ പിന്നോട്ട് പോയിപ്പോയി അവസാനത്തെ ഭിത്തിയിലിടിച്ച് നില്‍ക്കുകയാണ്. ഇനിയും വിവാദം ഭയന്ന് പിന്നോട്ട്‌പോവില്ല. അങ്ങനെ വീണ്ടും പോയിരുന്നെങ്കില്‍ കഴിഞ്ഞ അഞ്ചു വര്‍ഷം കേരളത്തില്‍ ഒരു വികസനവും നടക്കില്ലായിരുന്നുവെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
വികസനത്തെക്കാളുപരി കേരളത്തിന്റെ ചിന്താഗതിയില്‍തന്നെ വലിയ മാറ്റം സംഭവിച്ചുവെന്നതാണ് താന്‍ പ്രധാനമായി കാണുന്നത്. കൊച്ചി മെട്രോ, സ്മാര്‍ട് സിറ്റി എന്നിവയെല്ലാം ഇതിന് തെളിവാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
തങ്ങള്‍ അധികാരത്തിലെത്തിയാല്‍ 418 ബാറുകളും തുറന്നു തരാമെന്ന് ബാറുടമകളോട് പറഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വാക്കുകള്‍ ലജ്ജാകരമാണെന്ന് ചടങ്ങില്‍ സംസാരിച്ച കെ എം മാണി പറഞ്ഞു. യുഡിഎഫ് ഒറ്റക്കെട്ടായി നിന്നാല്‍ തുടര്‍ഭരണം ഉറപ്പാണെന്ന് കേരളാ കോണ്‍ഗ്രസ് (ജേക്കബ്) നേതാവ് ജോണി നെല്ലൂര്‍ അഭിപ്രായപ്പെട്ടു. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ എം ഒ ജോണ്‍ അധ്യക്ഷത വഹിച്ചു.
മന്ത്രിമാരായ രമേശ് ചെന്നിത്തല, വി കെ ഇബ്രാഹിംകുഞ്ഞ്, അനൂപ് ജേക്കബ്, കെ ബാബു, പ്രഫ. കെ വി തോമസ് എംപി, യുഡിഎഫ് ജില്ലാ കണ്‍വിനര്‍ എം എം ഫ്രാന്‍സിസ് പ്രസംഗിച്ചു.
Next Story

RELATED STORIES

Share it