thrissur local

ശമ്പള പരിഷ്‌കരണം: ജില്ലയിലെ സ്വകാര്യ ബസ് ജീവനക്കാര്‍ ഇന്നു പണിമുടക്കും

തൃശൂര്‍:സമവായ ചര്‍ച്ച പരാജയപ്പെട്ടതോടെ ബസ് സമരവുമായി തൊഴിലാളികള്‍. സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലാണ് ഇന്ന് ജില്ലയില്‍ സൂചനാ സമരം. എഡിഎം ശെല്‍വരാജ് ആര്‍ടിഒ മുരളീകൃഷ്ണ എന്നിവരുടെ മധ്യസ്ഥതയില്‍ ഇന്നലെ ബസുടമകളും തൊഴിലാളികളുമായി നടന്ന ചര്‍ച്ച തീരുമാനമാവാതെ പിരിഞ്ഞതോടെയാണ് സമരവുമായി മുന്നോട്ടുപോകാന്‍ തൊഴിലാളികള്‍ തീരുമാനിച്ചത്. ശമ്പള പരിഷ്‌കരണം നടപ്പിലാക്കാത്ത ഉടമകളുടെ ലിസ്റ്റ് തയ്യാറാക്കാന്‍ പത്തു ദിവസത്തെ സമയം നല്‍കണമെന്ന് എഡിഎം ആവശ്യപ്പെട്ടെങ്കിലും തൊഴിലാളികള്‍ ഇത് തള്ളുകയായിരുന്നു.സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ഫെയര്‍വേജസ് കമ്മിറ്റി മാസങ്ങള്‍ക്കു മുമ്പ് പുതുക്കി നിശ്ചയിച്ച ശമ്പളം സെപ്തംബറില്‍ നടപ്പാക്കേണ്ടതായിരുന്നു. തൊഴിലാളികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഡിസംബറില്‍ സ്വകാര്യ ബസുടമകളുടെയും ട്രേഡ് യൂനിയന്‍ പ്രതിനിധികളുടെയും സംയുക്ത യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തു.
ജനുവരി ഒന്നു മുതല്‍ പുതിയ ശമ്പളം കൊടുത്തുതുടങ്ങുമെന്ന് യോഗത്തില്‍ ധാരണയായെങ്കിലും ഇതും പാലിക്കപ്പെട്ടില്ല. ഈ നിലയില്‍ ഇനിയും സമയം അനുവദിക്കാനാവില്ലെന്ന നലപാടിലാണ് തൊഴിലാളികള്‍.
രണ്ടായിരത്തോളം ബസുകള്‍ പണിമുടക്കില്‍ പങ്കെടുക്കുമെന്ന് ജില്ലാ റോഡ് ട്രാന്‍സ്‌പോര്‍ട് എംപ്ലോയീസ് യൂണിയന്‍ സിഐടിയു ജനറല്‍ സെക്രട്ടറി കെ വി ഹരിദാസ് പറഞ്ഞു. അഞ്ചു വര്‍ഷം മുമ്പാണ് അവസാനമായി ബസ് തൊഴിലാളികള്‍ക്കു ശമ്പള പരിഷ്‌കരണം നടപ്പാക്കിയത്. ഇതിനിടെ ബസ് ചാര്‍ജ് പലവട്ടം വര്‍ധിച്ചിരുന്നു.
Next Story

RELATED STORIES

Share it