ശബരിമല സ്ത്രീപ്രവേശനം: ദേവസ്വം ബോര്‍ഡിന് രൂക്ഷ വിമര്‍ശനം; ആര്‍ത്തവമാണോ സ്ത്രീശുദ്ധിയുടെ അളവുകോല്‍: സുപ്രിംകോടതി

ന്യൂഡല്‍ഹി: ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വാദത്തിനിടെ ദേവസ്വം ബോര്‍ഡിന് സുപ്രിംകോടതിയുടെ രൂക്ഷ വിമര്‍ശനം. ആര്‍ത്തവമാണോ സ്ത്രീശുദ്ധിയുടെ അളവുകോലെന്നും അങ്ങനെയെങ്കില്‍ പുരുഷഭക്തരുടെ വ്രതശുദ്ധി അളക്കുന്നത് എങ്ങനെയാണെന്നും കോടതി ചോദിച്ചു.
ആര്‍ത്തവമെന്നത് ജൈവപ്രതിഭാസമാണ്. അതെങ്ങനെയാണ് വിവേചനത്തിനു കാരണമാവുന്നത്. ജീവശാസ്ത്രപരമായ പ്രത്യേകതകള്‍ പറഞ്ഞ് വിവേചനത്തെ ന്യായീകരിക്കരുത്. എല്ലാ ആചാരാനുഷ്ഠാനങ്ങളും സ്വീകാര്യമായിത്തീരുന്നത് ലിംഗവിവേചനം ഇല്ലാതാവുമ്പോഴാണ്. വ്രതമെടുക്കാത്ത പുരുഷന്മാര്‍ക്ക് 18ാംപടിക്കു പകരം മറ്റൊരു വഴിയിലൂടെ സന്നിധാനത്ത് എത്താന്‍ അനുമതി നല്‍കുന്നതുപോലെ സ്ത്രീകളെയും പ്രവേശിപ്പിച്ചുകൂടെയെന്നും കോടതി ചോദിച്ചു.
നൂറ്റാണ്ടുകളായി തുടരുന്ന ആചാരങ്ങളുടെ ഭാഗമായാണ് സ്ത്രീകള്‍ക്ക് ശബരിമലയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും ചില ക്രിസ്ത്യന്‍, മുസ്‌ലിം ആരാധനാലയങ്ങളിലും സ്ത്രീപ്രവേശനത്തിന് വിലക്കുണ്ടെന്നും ദേവസ്വം ബോര്‍ഡിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കെ കെ വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. മതാചാരപ്രകാരമുള്ള ഇത്തരം നിയന്ത്രണങ്ങള്‍ ഭരണഘടന അനുവദിക്കുന്നുണ്ട്. ശബരിമലയില്‍ നടത്തിയ ദേവപ്രശ്‌നത്തില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതിനോട് ക്ഷേത്രപ്രതിഷ്ഠയായ അയ്യപ്പന് അതൃപ്തിയുണ്ടെന്നാണു തെളിഞ്ഞത്. കേരളത്തിലെ മറ്റ് അയ്യപ്പക്ഷേത്രങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കുന്നതില്‍ തടസ്സമില്ലെന്നും ശബരിമലയില്‍ മാത്രമാണ് നിയന്ത്രണമെന്നും അഭിഭാഷകന്‍ പറഞ്ഞു.
ശബരിമലയിലേക്കുള്ള യാത്രാമധ്യേ സ്ത്രീകളെ വന്യമൃഗങ്ങള്‍ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്ന ദേവസ്വം ബോര്‍ഡിന്റെ ന്യായത്തിന് 'ആക്രമിക്കട്ടെ, അവര്‍ ആരാധനയ്ക്കു വരുന്നതല്ലേ' എന്ന് സുപ്രിംകോടതി തിരിച്ചുപറഞ്ഞു. അജ്ഞാതന്റെ കത്തിന്റെ അടിസ്ഥാനത്തിലല്ലേ ഹൈക്കോടതി സ്ത്രീപ്രവേശനത്തിന് വിലക്കേര്‍പ്പെടുത്തിയതെന്ന് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ സുപ്രിംകോടതി ബെഞ്ച് ചോദിച്ചു.
സ്ത്രീകളെ ആര്‍ത്തവത്തിന്റെ പേരില്‍ മാറ്റിനിര്‍ത്തുന്നത് തെറ്റാണെന്ന് അമിക്കസ്‌ക്യൂറി അറിയിച്ചിരുന്നു. ലിംഗസമത്വം സ്ത്രീകളുടെ അവകാശമാണെന്ന് സുപ്രിംകോടതിയും വ്യക്തമാക്കുകയുണ്ടായി. പത്തിനും അമ്പതിനുമിടയില്‍ പ്രായമുള്ള സ്ത്രീകളെ ശബരിമല ദര്‍ശനത്തില്‍നിന്ന് വിലക്കിയ ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജിയിലാണ് വാദം തുടരുന്നത്.
Next Story

RELATED STORIES

Share it