വ്യാജപട്ടയം ഉപയോഗിച്ചു വായ്പയെടുത്ത സംഭവം: വ്യാജരേഖ തയ്യാറാക്കിയ റവന്യൂ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

സി എ സജീവന്‍

ഇടുക്കി: വ്യാജ പട്ടയം ഉപയോഗിച്ചു വായ്പയെടുത്ത് ബാങ്കുകളെ കബളിപ്പിക്കുന്നതിനു കൂട്ടുനിന്ന റവന്യൂ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. കരണാപുരം വില്ലേജ് ഓഫിസിലെ വില്ലേജ് അസിസ്റ്റന്റ് പി വി സാബുവിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇതു സംബന്ധിച്ച വാര്‍ത്ത 2014ല്‍ തേജസ് റിപോര്‍ട്ട് ചെയ്തിരുന്നു. വാര്‍ത്തയെ തുടര്‍ന്നു ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ അന്വേഷണത്തിനു ഉത്തരവിട്ടു. ഇതുപ്രകാരം ജില്ലാകലക്ടര്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍.
ഇയാള്‍ക്കെതിരായ നടപടി സംബന്ധിച്ച ഫയല്‍ ഒരു വര്‍ഷത്തോളം കലക്ടറേറ്റില്‍ പൂഴ്ത്തിവച്ചത് വിവാദമായിട്ടുണ്ട്. ഒടുവില്‍ രാഷ്ട്രീയ ഇടപെടലിനെ തുടര്‍ന്നാണ് അടുത്തിടെ സസ്‌പെന്‍ഷന്‍ ഓര്‍ഡര്‍ പുറത്തിറക്കിയത്. സംഭവത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും അന്വേഷണം നടക്കുന്നുണ്ട്. എന്നാല്‍, ഇതും മന്ദഗതിയിലാണ്. പട്ടയം, കരം ഒടുക്കിയ രസീത്, കൈവശാവകാശ സര്‍ട്ടിഫിക്കറ്റ്, നിജസ്ഥിതി സര്‍ട്ടിഫിക്കറ്റ് എന്നിവ വ്യാജമായി ഉണ്ടാക്കിയാണ് ബാങ്ക് വായ്പകള്‍ തരപ്പെടുത്തിയത്. ഒരാളുടെ പേരിലുള്ള ഭൂമിയുടെ ആധികാരിക വിവരങ്ങള്‍ അടങ്ങിയ സര്‍ക്കാര്‍ പ്രമാണമാണ് വില്ലേജിലെ തണ്ടപ്പേര്‍ രജിസ്റ്റര്‍. ഈ രജിസ്റ്ററില്‍ ഓരോ ഭൂ ഉടമയ്ക്കും ഒരോ പേജും ഓരോ തണ്ടപ്പേരുമായിരിക്കും ഉണ്ടാവുക. ഇങ്ങനെ വ്യാജ പേജുകളും നമ്പറുകളും ഉണ്ടാക്കിയെടുത്താണ് തട്ടിപ്പിനു രൂപം നല്‍കിയത്.
വ്യാജ തണ്ടപ്പേരില്‍ ചേര്‍ത്തു കരം ഒടുക്കാന്‍ അവസരമൊരുക്കിയ ഭൂമി പലവുരു കൈമാറ്റം ചെയ്തതായും അവയെല്ലാം കൃത്യമായി പോക്കുവരവു ചെയ്തു നല്‍കിയതായും രേഖകള്‍ ബോധ്യപ്പെടുത്തുന്നു. പുറ്റടി ഫെഡറല്‍ ബാങ്കധികൃതരുടെ ആവശ്യ പ്രകാരം വായ്പാ തട്ടിപ്പു സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടക്കുകയാണ്. കരുണാപുരം വില്ലേജില്‍ ഇത്തരത്തിലുള്ള 28 സംഭവങ്ങളുണ്ടെന്നാണു വിജിലന്‍സ് അന്വേഷണത്തില്‍ വെളിപ്പെടുന്നത്. 60 ഏക്കര്‍ ഭൂമിയുടെ പേരില്‍ വ്യാജരേഖയുണ്ടാക്കിയെന്നും ബോധ്യപ്പെട്ടിട്ടുണ്ട്. ഇവയില്‍ കടലാസിലും രേഖകളിലും മാത്രമുള്ള സമ്പൂര്‍ണ വ്യാജ ഭൂമിയും ഉള്‍പ്പെടുന്നു. ഏലപ്പട്ടയ ഭൂമി (ഏലം കൃഷിക്കു മാത്രമായി സര്‍ക്കാര്‍ പാട്ടത്തിനു നല്‍കിയത്), റവന്യൂ ഭൂമി എന്നിവയുടെ പേരിലും വായ്പ സംഘടിപ്പിച്ചു.
2009ല്‍ കുഴിത്തൊളു സ്വദേശി കെ എം ബിജു(40) ആറേക്കര്‍ ഭൂമി ഈടു നല്‍കി ബാങ്കില്‍നിന്നു 16 ലക്ഷം രൂപ വായ്പയെടുത്തു. എന്നാല്‍, തുക തിരിച്ചടച്ചില്ല. പലിശയും മുതലുമുള്‍പ്പെടെ തുക 20 ലക്ഷമാവുകയും ചെയ്തു. ഇതേതുടര്‍ന്നു കേസ് കോടതിയിലെത്തി. വസ്തു ജപ്തി ചെയ്യാന്‍ കോടതി വിധിയുണ്ടായി. ജപ്തി ചെയ്യാന്‍ അന്വേഷിച്ചു ചെന്നപ്പോഴാണു നിലവില്‍ അങ്ങനെയൊരു ഭൂമിയില്ലെന്നു മനസ്സിലായത്. തുടര്‍ന്നു ബാങ്ക് നടത്തിയ പരിശോധനയില്‍ ഈ കാലയളവില്‍ സമാന രീതിയില്‍ ഒട്ടേറെ വായ്പകള്‍ നല്‍കിയത് ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്നാണു വിജിലന്‍സിനെ സമീപിച്ചത്.
Next Story

RELATED STORIES

Share it