thiruvananthapuram local

വൈദ്യുതി ബില്ല് അടച്ചില്ല; കത്തിപ്പാറ കോളനിയില്‍ കുടിവെള്ളമില്ല

വെള്ളറട: വേനല്‍ ശക്തമായതോടെ ഗ്രാമീണ മേഖലയില്‍ കുടിവെള്ളക്ഷാമം രൂക്ഷമായി. അതിനിടെ കുടിവെള്ള പദ്ധതിയുടെ വൈദ്യുതി ബില്ല് അടയ്ക്കാത്തതിനെ തുടര്‍ന്ന് പൈപ്പ്‌ലൈന്‍ വഴിയുള്ള ജലവിതരണം മുടങ്ങി.
വെള്ളറട ഗ്രാമപ്പഞ്ചായത്തിലെ കത്തിപ്പാറ കോളനിയിലെ 112 കുടുംബങ്ങളാണ് വൈദ്യുതി ബില്ല് അടക്കാത്തത് കാരണം ദുരിതത്തിലായത്. പൈപ്പ് ലൈനിനെ മാത്രം ആശ്രയിച്ച് കോളനിയില്‍ കഴിയുന്നത് ആയിരത്തിലധികം പേരാണ്.
സമീപത്തൊന്നും കിണറുകളോ മറ്റ് നീരുറവകളോ ഇല്ല. വെള്ളം ശേഖരിക്കണമെങ്കില്‍ കിലോമീറ്റര്‍ താണ്ടി ചിറ്റാര്‍ അണക്കെട്ടില്‍ എത്തണം.
അടിയന്തിരമായി പഞ്ചായത്ത് വൈദ്യുതി ബില്ല് അടച്ചില്ലെങ്കില്‍ രോഗികളും വികലാംഗരും ഏറെയുള്ള കോളനി നിവാസികളുടെ കാര്യം ഏറെ ദുരിതപൂര്‍ണമാവും.
വേനല്‍ ശക്തമായതോടെ മലയോര മേഖലയില്‍ റബര്‍ പുരയിടങ്ങളില്‍ തീരപിടിക്കുന്നതും തുടരുകയാണ്. കഴിഞ്ഞദിവസം കാക്കതൂക്കി - ശങ്കിലി പ്രദേശത്ത് റബ്ബര്‍ പുരയിടങ്ങളില്‍ തീപടര്‍ന്നതിലൂടെ വലിനാശം നേരിട്ടിരുന്നു.
സാമൂഹികവിരുദ്ധര്‍ റബര്‍ പുരയിടത്തിന് തീ കത്തിച്ചതാണെന്നാണ് നിഗമനം. പ്രദേശവാസികള്‍ സംഘടിച്ച് തീ നിയന്ത്രിച്ചതിനാല്‍ ജനവാസകേന്ദ്രങ്ങളിലേക്ക് തീ പടര്‍ന്നിരുന്നില്ല. വേനലിന്റെ കടുത്തതോടെ ഗ്രാമീണ മേഖലയില്‍ ചിക്കന്‍പോക്‌സ് ഉള്‍പ്പടെയുള്ള പകര്‍ച്ചവ്യാധികളും പടരുകയാണ്.
Next Story

RELATED STORIES

Share it