വേതനത്തര്‍ക്കം: ഭീമ ജ്വല്ലറി തൊടുപുഴ ശാഖ പൂട്ടി

തൊടുപുഴ: 10 വനിതകളടക്കം 80ലേറെ ജീവനക്കാരെ വഴിയാധാരമാക്കി ഭീമ ജ്വല്ലറി തൊടുപുഴ ശാഖ പൂട്ടി. വേതന വര്‍ധനയുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് ബുധനാഴ്ച മുതല്‍ സ്ഥാപനം പൂട്ടിയത്. ഇക്കാര്യം അറിയിച്ച് ഭീമ ഗ്രൂപ്പ് മേധാവി ജില്ലാ ലേബര്‍ ഓഫിസര്‍ക്കു കത്തു നല്‍കി. ലാഭകരമല്ലാത്തതിനാല്‍ സ്ഥാപനം പൂട്ടുന്നു എന്നാണ് കത്തില്‍ പറയുന്നത്. തൊഴിലാളികള്‍ക്കു നിയമപ്രകാരമുള്ള ആനുകൂല്യം നല്‍കാന്‍ തയ്യാറാണെന്നും കത്തിലുണ്ട്.
ഭീമയിലെ മറ്റു സ്ഥാപനങ്ങളെ അപേക്ഷിച്ച് വേതനത്തിലുള്ള അസന്തുലിതാവസ്ഥ പരിഹരിക്കണമെന്നതാണ് നാലു വര്‍ഷം മുമ്പ് ആരംഭിച്ച ശാഖയിലെ ജീവനക്കാരുടെ ആവശ്യം. മറ്റു സ്ഥാപനങ്ങളില്‍ 25,000 മുതല്‍ 30,000 വരെ പ്രതിമാസ വേതനം ലഭിക്കുമ്പോള്‍ തൊടുപുഴയില്‍ ഇത് 10,000 മുതല്‍ 12,000 വരെയാണ്. 1200 മുതല്‍ 2700 വരെ വേതനവര്‍ധന നല്‍കാമെന്നു മാനേജ്‌മെന്റ് അറിയിച്ചെങ്കിലും തൊഴിലാളികള്‍ വഴങ്ങിയില്ല.
ഡിസംബര്‍ രണ്ടിനാണ് ജീവനക്കാര്‍ പ്രത്യക്ഷസമരം ആരംഭിച്ചത്. തുടര്‍ന്ന് ബിഎംഎസ് പ്രശ്‌നത്തിലില്‍ ഇടപെട്ടു. ചര്‍ച്ച നടത്താമെന്ന് മാനേജ്‌മെന്റ് ഉറപ്പു നല്‍കിയതോടെയാണ് ജീവനക്കാര്‍ സൂചന സമരം അവസാനിപ്പിച്ചത്. ബിഎംഎസ് ജില്ലാ സെക്രട്ടറി സിബി വര്‍ഗീസ് ചൊവ്വാഴ്ച എറണാകുളത്ത് മാനേജ്‌മെന്റുമായി ചര്‍ച്ച നടത്തിയെങ്കിലും പ്രശ്‌ന പരിഹാരമുണ്ടായില്ല.സ്ഥാപനത്തില്‍ യൂനിയന്‍ അനുവദിക്കില്ല എന്നതാണ് ഉടമകളുടെ നിലപാടെന്ന് ബിഎംഎസ് ആരോപിക്കുന്നു. തൊടുപുഴ ശാഖ തുറന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ ഭീമയുടെ മറ്റു ശാഖകളിലേക്കു സമരം വ്യാപിപ്പിക്കുമെന്ന് ബിഎംഎസ് നേതാക്കള്‍ അറിയിച്ചു.
Next Story

RELATED STORIES

Share it