വേണ്ടത് ജനകീയ ബദല്‍ തന്നെ

കെ എച്ച് നാസര്‍
വികസനത്തിന് ഭരണത്തുടര്‍ച്ച തേടി യുഡിഎഫും അധികാരത്തില്‍ വന്നാല്‍ എല്ലാം ശരിയാക്കാന്‍ എല്‍ഡിഎഫും കച്ചകെട്ടിയിറങ്ങിയിരിക്കുന്ന അങ്കക്കളരിയില്‍ അരക്കൈ നോക്കാനുറച്ച് ബിജെപിയും പോര്‍മുഖം തീര്‍ത്തതോടെ ചില മണ്ഡലങ്ങളിലെങ്കിലും മുമ്പെങ്ങുമില്ലാത്തവിധം ത്രികോണമല്‍സരത്തിന്റെ പ്രതീതി ഉളവാക്കിയാണ് പ്രചാരണാരവങ്ങള്‍ അരങ്ങൊഴിഞ്ഞത്. നിശ്ശബ്ദ പ്രചാരണത്തിന്റെ ഈയൊരു ദിനംകൂടി കൊഴിഞ്ഞുവീഴുമ്പോള്‍ അടവുകള്‍ക്കും തന്ത്രങ്ങള്‍ക്കും അടിയൊഴുക്കുകള്‍ക്കും വിരാമമേകി കേരളത്തിലെ വോട്ടര്‍മാര്‍ നാളെ പോളിങ്ബൂത്തിലേക്ക് നീങ്ങും; മുന്നണികള്‍ക്കും പാര്‍ട്ടികള്‍ക്കും രാഷ്ട്രീയജ്യോതിഷികള്‍ക്കും പിടികൊടുക്കാത്ത മനസ്സുമായി. അഞ്ചുവര്‍ഷത്തിലൊരിക്കല്‍ മാത്രം തങ്ങള്‍ക്ക് ലഭിക്കുന്ന അധികാരപ്രയോഗത്തിന്റെ ഒരു പകല്‍ മാത്രം ആയുസ്സുള്ള ആത്മനിര്‍വൃതിയുമായി ദൈനംദിന പതിവുകളിലേക്കാണു പിന്നെ അവരുടെ മടക്കം. തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ഭരണമാറ്റമുണ്ടാവാം. അല്ലെങ്കില്‍ ഭരണത്തുടര്‍ച്ചയാവാം; സാധ്യത വിരളമാണെങ്കിലും.
ഭരണചക്രം തിരിക്കുന്നതും അധികാരക്കസേരകളില്‍ അടയിരിക്കുന്നതും പുതിയ മുഖങ്ങളോ പാര്‍ട്ടികളോ ആയേക്കാം. രണ്ടിലൊരു മുന്നണിക്ക് ഭരണം ലഭിക്കുമെന്നതില്‍ കവിഞ്ഞ അദ്ഭുതമൊന്നും തല്‍ക്കാലം കേരള രാഷ്ട്രീയത്തില്‍ സംഭവിക്കാന്‍ പോവുന്നില്ല. വര്‍ഗീയ ധ്രുവീകരണത്തിന്റേതായ ഒട്ടേറെ ഉഴുതുമറിക്കലുകള്‍ നടന്നിട്ടുണ്ടെങ്കിലും വര്‍ഗീയ ഫാഷിസ്റ്റുകള്‍ക്ക് ഈ നാടിന്റെ മണ്ണ് ഇനിയും പാകപ്പെട്ടിട്ടില്ലെന്നു തെളിയിക്കുന്ന ജനവിധിയാണ് കേരളം കാത്തിരിക്കുന്നത്. മറിച്ചാണു സംഭവിക്കുന്നതെങ്കില്‍, ബിജെപി അക്കൗണ്ട് തുറക്കുകയെന്ന ദുരന്തം സംഭവിച്ചാല്‍ അതിനുത്തരവാദികള്‍ മറ്റാരുമല്ല, മതേതരത്വത്തിന്റെ കാവല്‍മാലാഖമാരായ എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികള്‍ മാത്രമായിരിക്കും. ബംഗാളില്‍ മമതയെ 'മര്യാദ' പഠിപ്പിക്കാന്‍ ചിരവൈരം മറന്ന് കോണ്‍ഗ്രസ്സുമായി കൈകോര്‍ക്കുമ്പോള്‍, രാജ്യത്തിന് വന്‍വിപത്താവുമെന്നുറപ്പുള്ള ബിജെപിയെ ചെറുക്കാന്‍ കേരളത്തില്‍ പരസ്പരധാരണയുണ്ടാക്കുന്നതില്‍നിന്ന് ഒഴിഞ്ഞുമാറുന്നതിന് സിപിഎമ്മിന് എന്തു ന്യായമാണുള്ളത്. സംഘപരിവാരം പ്രതിനിധാനം ചെയ്യുന്ന വര്‍ഗീയ ഫാഷിസത്തെ പ്രതിരോധിക്കാനുള്ള ബാധ്യത ന്യൂനപക്ഷങ്ങളുടേതു മാത്രമാണോ? ബീഫ് ഫെസ്റ്റിവലും ചുംബനസമരവുംകൊണ്ടു മാത്രം ഒഴിഞ്ഞുപോവുന്ന ബാധയാണ് ഫാഷിസമെന്ന് സിപിഎം കരുതുന്നുണ്ടോ?
ഏതു മുന്നണി വന്നാലും ഒരു മാറ്റവും ജനങ്ങള്‍ക്ക് അനുഭവവേദ്യമാവാന്‍ ഇടയില്ലെന്നാണ് മാറിമാറിവരുന്ന മുന്നണിഭരണത്തിന്റെ നാളിതുവരെയുള്ള ഗുണപാഠം. മൗലികമായ എന്ത് അന്തരമാണ് എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികള്‍ തമ്മിലുള്ളതെന്ന് മുന്‍വിധിയും രാഷ്ട്രീയാന്ധതയും മാറ്റിവച്ച് നാമൊന്ന് വിലയിരുത്തണം. അഴിമതി, വികസനം, വിലക്കയറ്റം, കുടിവെള്ളം, മാലിന്യനിര്‍മാര്‍ജനം, കുത്തകപ്രീണനം, ആരോഗ്യനയം, വിദ്യാഭ്യാസം, പൊതുവിതരണം, തൊഴിലില്ലായ്മ, കാര്‍ഷികവിളകളുടെ വിലത്തകര്‍ച്ച, ക്രമസമാധാനം, സ്ത്രീസുരക്ഷ, ഭൂപ്രശ്‌നം, പരിസ്ഥിതി, സംവരണം, മദ്യനയം തുടങ്ങി ഒട്ടനവധി വിഷയങ്ങളില്‍ ഇരുമുന്നണികളുടെയും നിലപാടുകളും നയസമീപനങ്ങളും ഏറക്കുറേ സമാനമാണെന്ന് കാണാനാവും. ഇനിയെന്തെങ്കിലും വ്യത്യാസം അവകാശപ്പെടുന്നുണ്ടെങ്കില്‍ അത് ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കുന്ന തന്ത്രം മാത്രമാണെന്നു മനസ്സിലാക്കാനും പ്രയാസമില്ല.
പലതവണ കേരളം ഭരിച്ച മുന്നണിയാണ് സംസ്ഥാനത്തെ വികസനത്തിലേക്കു നയിക്കണമെങ്കില്‍ ഭരണത്തുടര്‍ച്ച വേണമെന്നു പറയുന്നത്. മുഖ്യമന്ത്രിയുടെ ഓഫിസിന്റെ അകത്തളങ്ങള്‍ വരെ ചെന്നെത്തുന്ന അഴിമതിക്കഥകളുടെ ഘോഷയാത്രയായിരുന്നു യുഡിഎഫ് ഭരണത്തില്‍. അഴിമതിയും അശ്ലീലതയും പരസ്പരം കൂടിക്കുഴഞ്ഞ് കേരളത്തെ, അറേബ്യയിലെ മുഴുവന്‍ സുഗന്ധവുംകൊണ്ട് പൂശിയാലും മാറാത്തത്ര ദുര്‍ഗന്ധപൂരിതമാക്കി മാറ്റി. സോളാര്‍ തട്ടിപ്പും ബാര്‍ കോഴയും ഭൂമിവിവാദവും ഏറ്റവുമൊടുവിലെ ഉദാഹരണങ്ങള്‍ മാത്രമാണ്. അഴിമതിയാരോപണത്തിനു വിധേയരാവാത്ത എത്ര മന്ത്രിമാരുണ്ട് യുഡിഎഫ് മന്ത്രിസഭയില്‍. കെ എം മാണി, കെ ബാബു, സി എന്‍ ബാലകൃഷ്ണന്‍, എം കെ മുനീര്‍, അടൂര്‍ പ്രകാശ്, അനൂപ് ജേക്കബ്... അവസാനിക്കുന്നില്ല പട്ടിക. അദാനിയുടെയും ഗെയിലിന്റെയും നിര്‍മാണഭീമന്‍മാരുടെയും കോര്‍പറേറ്റുകളുടെയും ഭൂമാഫിയകളുടെയും മദ്യരാജാക്കന്മാരുടെയും അക്കൗണ്ടുകളിലേക്ക് വികസനനേട്ടങ്ങളും രാഷ്ട്രീയദല്ലാളന്മാരുടെ കീശയിലേക്ക് കനത്ത കമ്മീഷന്‍ തുകയും ചെന്നെത്തുമ്പോള്‍ ജനങ്ങള്‍ക്ക് എന്തു നേട്ടമാണ് ഉണ്ടായതെന്ന് കണക്കെടുക്കാന്‍ ആരെങ്കിലും തുനിഞ്ഞിട്ടുണ്ടോ.
സ്വന്തം വാസസ്ഥലത്തുനിന്ന് നിഷ്‌കാസിതരായ ആദിവാസികള്‍, ശവമടക്കാന്‍പോലും അടുക്കളയുടെ തറ മാന്തേണ്ടിവരുന്ന ദലിതര്‍, വികസനത്തിന്റെ പേരില്‍ കുടിയൊഴിപ്പിക്കപ്പെടുന്ന പാവങ്ങള്‍, ദേശീയപാത ഇരട്ടിപ്പിക്കുന്നതിന്റെയും ഗെയില്‍ പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നതിന്റെയും മറവില്‍ ശരിയായ നഷ്ടപരിഹാരവും മതിയായ പുനരധിവാസവും ഇല്ലാതെ തെരുവാധാരമാക്കപ്പെടുന്ന സാധാരണക്കാര്‍, കടക്കെണിയില്‍ കുരുങ്ങി ഒരുതുണ്ട് കയറില്‍ ജീവനൊടുക്കേണ്ടിവരുന്ന കര്‍ഷകര്‍, ഓരോ മണിക്കൂറിലും പീഡനത്തിനും അതിക്രമങ്ങള്‍ക്കും ഇരയാവുന്ന സ്ത്രീകള്‍... ഇവരുടെയെല്ലാം ദൈന്യതപേറുന്ന ചിത്രങ്ങള്‍ മുന്നില്‍ വച്ചുവേണം നാം വികസനത്തിന്റെ കണക്കെടുപ്പ് നടത്തേണ്ടത്. ഭൂരഹിതര്‍ക്ക് നല്‍കാന്‍ മാത്രമേ സര്‍ക്കാരിന്റെ കൈവശം ഭൂമിയില്ലാതുള്ളൂ. വിവാദ സ്വാമി സന്തോഷ് മാധവനും വിജയ്മല്യ അടക്കമുള്ള കുത്തക ഭീമന്മാര്‍ക്കും നിയമം കാറ്റില്‍പ്പറത്തി വയല്‍ നികത്താനും ഭൂമി പതിച്ചുനല്‍കാനും അതീവ ശുഷ്‌കാന്തിയായിരുന്നു യുഡിഎഫ് സര്‍ക്കാരിന്. മെത്രാന്‍ കായല്‍, ഡിഎല്‍എഫ് ഫഌറ്റ്, ഹോപ് ഫൗണ്ടേഷന്‍, കരുണ എസ്‌റ്റേറ്റ്... വിവാദങ്ങളുടെ പട്ടിക നീണ്ടതാണ്. കെ എം മാണി മാത്രമല്ല, മുഖ്യമന്ത്രിയുടെ അടുപ്പക്കാരനായ കെ ബാബുവും ബാര്‍കോഴയില്‍ കുരുങ്ങി. ബജറ്റ് വിറ്റ് കാശാക്കിയെന്ന പേരുദോഷംപോലും ഏറ്റുവാങ്ങിയ ധനമന്ത്രിക്ക് ഒടുവില്‍ പദവി തെറിച്ചതും യുഡിഎഫിന്റെ ദുര്യോഗം തന്നെ.
മുസ്‌ലിംകളുടെ തലയെണ്ണം പറഞ്ഞ് അധികാരം കൈപ്പറ്റിയ മുസ്‌ലിം ലീഗാണ് യുഡിഎഫിലെ രണ്ടാംകക്ഷി. സര്‍ക്കാര്‍ വരുമാനത്തിന്റെ നല്ലൊരു ഭാഗവും കൈകാര്യം ചെയ്യുന്നത് ലീഗ് മന്ത്രിമാര്‍. അഞ്ചാംമന്ത്രി വിവാദത്തിന്റെ വിലയൊടുക്കേണ്ടിവന്നതും പഴികേള്‍ക്കേണ്ടിവന്നതും മുസ്‌ലിം സമുദായം. കേരളത്തിന്റെ ഖജനാവ് മലപ്പുറത്തേക്ക് ഒഴുകുന്നുവെന്ന് വെള്ളാപ്പള്ളി അലമുറയിട്ടു. ഹിന്ദുക്കള്‍ക്ക് കേരളത്തില്‍ രക്ഷയില്ല. പായും തലയണയുമെടുത്ത് പായുകയേ നിവൃത്തിയുള്ളൂവെന്ന് ബിജെപി. 20 കൊല്ലംകൊണ്ട് കേരളത്തെ ഇസ്‌ലാമികരാഷ്ട്രമാക്കാനാണ് ശ്രമമെന്ന് അലറി അച്യുതാനന്ദന്‍. ന്യൂനപക്ഷങ്ങള്‍, വിശേഷിച്ച് മുസ്‌ലിംകള്‍ അനര്‍ഹമായി പലതും തട്ടിയെടുക്കുകയാണെന്ന കല്ലുവച്ച നുണ പരത്തി നായാടി മുതല്‍ നമ്പൂതിരി വരെയുള്ള ഹിന്ദുക്കളെ ഐക്യപ്പെടുത്താന്‍ അഹോരാത്രം പണിപ്പെട്ട വെള്ളാപ്പള്ളിയോട് കണക്കുനിരത്തി കാര്യം പറയാന്‍ മഷിയിട്ടു നോക്കിയിട്ടുപോലും ഒരു മുസ്‌ലിം ലീഗുകാരനെയും കണ്ടില്ല. അഞ്ചാംമന്ത്രി, പച്ചബ്ലൗസ് തുടങ്ങി വിവാദങ്ങളുടെ പേരില്‍ നഷ്ടം പേറേണ്ടിവന്നത് മുസ്‌ലിം സമുദായമാണ്, ലീഗല്ല. ഏരിയ ഇന്റന്‍സീവ് പ്രോഗ്രാം പ്രകാരം നടന്നുവന്നിരുന്ന സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കാന്‍ തീരുമാനിച്ചപ്പോള്‍ ഉയര്‍ന്ന വിവാദത്തെ പ്രതിരോധിക്കാന്‍ സമുദായ പാര്‍ട്ടിക്ക് വിയര്‍പ്പൊഴുക്കേണ്ടിവന്നില്ല. ഇന്ദിരാ ആവാസ് യോജന പ്രകാരം ന്യൂനപക്ഷങ്ങള്‍ക്കു ലഭിക്കേണ്ട വീടുകള്‍ നഷ്ടപ്പെടുത്തിയതാണ് ലീഗിന്റെ മറ്റൊരു ഭരണനേട്ടം. പലകുറി ഭരിച്ചിട്ടും വിദ്യാഭ്യാസ-വ്യവസായ മേഖലകളിലടക്കം മുന്നേറ്റത്തിനും വികസനത്തിനും ഉതകുന്ന പദ്ധതികള്‍ മലബാറിനു നേടിക്കൊടുക്കുന്നതിലും ലീഗിന്റെ ട്രാക്ക് റിക്കാര്‍ഡ് ആശാവഹമല്ല. അലിഗഡ് ഓഫ് കാംപസും ഇഫ്‌ലുവും ലീഗിന്റെ പിടിപ്പുകേടിന്റെ ബാക്കിപത്രമാണ്. പ്രവാസികളുടെ ആശ്രയമായിരുന്ന കരിപ്പൂര്‍ വിമാനത്താവളത്തിന്റെ ചിറകരിയുന്നതിന് കൂട്ടുനിന്നതും ലീഗാണെന്നത് ഇന്ന് അങ്ങാടിപ്പാട്ടാണ്.
യുഡിഎഫ് സര്‍ക്കാരിന്റെ നെറികേടുകള്‍ക്കും ജനവിരുദ്ധനയങ്ങള്‍ക്കുമെതിരേ സമരപ്രഹസനങ്ങള്‍ക്കപ്പുറം പോവാനോ ജനങ്ങളെ അണിനിരത്തി പ്രക്ഷോഭങ്ങളുടെ തുടര്‍ച്ച നിലനിര്‍ത്താനോ പ്രതിപക്ഷത്തിരുന്ന എല്‍ഡിഎഫിനോ സിപിഎമ്മിനോ കഴിയാതെപോയത് മുന്നണികള്‍ തമ്മിലുള്ള അവിശുദ്ധ ബാന്ധവത്തിന്റെയും ഒത്തുതീര്‍പ്പുരാഷ്ട്രീയത്തിന്റെയും തെളിവാണ്. മന്ത്രിമാര്‍ക്കെതിരായ ലോകായുക്തയിലും വിജിലന്‍സിലുമുള്ള കേസുകളില്‍ നിയമപരമായി ഇടപെടാന്‍ മുതിരാതെ സമരാഭാസങ്ങളിലൊതുക്കി മുഖം രക്ഷിക്കുകയായിരുന്നു എല്‍ഡിഎഫ്. അഴിമതിയുടെ കാര്യത്തില്‍ എല്‍ഡിഎഫ് അക്കൗണ്ടിലുള്ള പ്രധാന കേസുകളാണ് ലാവ്‌ലിനും ചക്കിട്ടപ്പാറയും. പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനെതിരേ അച്യുതാനന്ദന്‍ സകല ശക്തിയും സമാഹരിച്ച് പൊരുതിയ കേസാണിത്. കൊലപാതകരാഷ്ട്രീയത്തില്‍ സിപിഎമ്മിന്റെ റെക്കോഡ് തകര്‍ക്കാന്‍ ഇന്നുവരെ ആര്‍ക്കും കഴിഞ്ഞിട്ടില്ല. അധിനിവേശവിരുദ്ധ പോരാട്ടങ്ങളുടെ പാരമ്പര്യമുള്ള മലബാറിന്റെ മലമടക്കുകളിലും മണല്‍ത്തിട്ടകളിലും കൊലക്കത്തികളുടെ കൊളീസിയം തീര്‍ക്കുകയായിരുന്നു സിപിഎം. ഫസല്‍, ഷുക്കൂര്‍ വധങ്ങള്‍ ഇന്നും സിപിഎമ്മിനെ വേട്ടയാടുന്നു. സിപിഎം നേതാക്കള്‍ക്ക് സ്വന്തം നാട്ടില്‍പ്പോലും കാലുകുത്താന്‍പറ്റാത്ത ദുരവസ്ഥയ്ക്ക് ഇടയാക്കിയ കേസുകളാണിവ. ടിപി വധത്തിന്റെ ഗൂഢാലോചനകളുടെ പിന്നാമ്പുറങ്ങളിലേക്കു കടക്കാന്‍ യുഡിഎഫ് ഭരണത്തിലും അന്വേഷണോദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞില്ലെന്നത് ഭരണ-പ്രതിപക്ഷ ധാരണകളുടെ കള്ളി വെളിച്ചത്തുകൊണ്ടുവരുന്നതാണ്. കൊന്നവരെ മാത്രമല്ല, കൊല്ലിച്ചവരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്ന് വീമ്പിളക്കിയ അന്നത്തെ ആഭ്യന്തരമന്ത്രിയുടെയും പോലിസ് മേധാവിയുടെയും അവകാശവാദങ്ങള്‍ ജലരേഖയായി പരിണമിച്ചു. യുഎപിഎ പോലുള്ള അമിതാധികാരനിയമങ്ങള്‍ നടപ്പാക്കുന്നതില്‍ രണ്ടു മുന്നണികള്‍ക്കും സമാന നയമാണ്. ഇടതുമുന്നണി ഭരണകാലത്ത് ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണനാണ് കേരളത്തില്‍ ആദ്യമായി യുഎപിഎ നടപ്പാക്കിയത്. അതേ നയം യുഡിഎഫും തുടര്‍ന്നു. യുഎപിഎ ഇന്ന് സിപിഎമ്മിനെത്തന്നെ തിരിഞ്ഞുകുത്തുകയാണ്. ആളപായമില്ലാത്ത കേസുകളടക്കം പോസ്റ്ററൊട്ടിക്കുന്നവര്‍ക്കെതിരേ പോലും യുഎപിഎ ചുമത്തുന്ന വിചിത്ര നീതിയാണ് പ്രബുദ്ധ കേരളത്തിന്റെ മുഖമുദ്ര.
വിദ്വേഷപ്രസംഗങ്ങള്‍ക്ക് തൊഗാഡിയക്കെതിരേ ചാര്‍ത്തിയിരുന്ന കേസ് പിന്‍വലിച്ചും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പ്രതികളായ കേസുകള്‍ ഒഴിവാക്കിയും യുഡിഎഫ് സംഘപരിവാരത്തോട് മൃദുനയം സ്വീകരിച്ചെങ്കില്‍ ആര്‍എസ്എസിനു സമാനമായ വര്‍ഗീയമുഖം പ്രകടമാക്കുകയാണ് സിപിഎം ചെയ്തത്. നാദാപുരത്ത് തെരുവന്‍പറമ്പില്‍ തുടങ്ങി തൂണേരിയിലെത്തിനില്‍ക്കുന്ന കലാപങ്ങള്‍ സിപിഎമ്മിന്റെ മുസ്‌ലിംവിരുദ്ധ സമീപനത്തിന്റെ പ്രകടമായ തെളിവാണ്. മദ്യനയത്തിന്റെയും പരിസ്ഥിതി പ്രശ്‌നങ്ങളുടെയും കാര്യത്തില്‍ സിപിഎം തുടരുന്ന ഇരട്ടത്താപ്പും നിലപാടില്ലായ്മയും സവിശേഷ പരിശോധന അര്‍ഹിക്കുന്നു. സംവരണപ്രശ്‌നത്തിലും സവര്‍ണാനുകൂല നിലപാടെടുത്ത് സാമ്പത്തികസംവരണവാദത്തെ പരിപോഷിപ്പിക്കുന്ന പ്രതിലോമപരമായ നിലപാടായിരുന്നു സിപിഎം എക്കാലവും കൈക്കൊണ്ടിട്ടുള്ളത്.
രണ്ടു മുന്നണികളെയും മടുത്ത ജനങ്ങളുടെ മുന്നില്‍ മാറ്റത്തിന്റെ മനംമയക്കുന്ന വാഗ്ദാനവുമായാണ് ബിജെപി വഴികാട്ടാനെത്തുന്നത്. ഉത്തരേന്ത്യയില്‍ പയറ്റിത്തെളിഞ്ഞ വര്‍ഗീയരാഷ്ട്രീയത്തിന്റെ അതേ പാതയിലൂടെ കേരളത്തിലും നേട്ടംകൊയ്യാമെന്ന സൃഗാലബുദ്ധിയാണ് ബിജെപിയുടേത്. ആര്‍എസ്എസിന്റെയും ബിജെപിയുടെയും അഖിലേന്ത്യാ നേതാക്കള്‍ പലതവണ കേരളം സന്ദര്‍ശിച്ച് ഈ മണ്ണിലും വിദ്വേഷത്തിന്റെ വിഷവിത്ത് വിതയ്ക്കാനും കേരളത്തിലെ ജനങ്ങളില്‍ ധ്രുവീകരണം സൃഷ്ടിക്കാനും ആസൂത്രിത ശ്രമങ്ങളാണ് നടത്തിവന്നത്. ഘര്‍വാപസിയും പശുരാഷ്ട്രീയവും ന്യൂനപക്ഷവിരോധവും സംവരണവിരുദ്ധതയും അടക്കം എല്ലാ ആയുധങ്ങളും അവര്‍ ഉപയോഗപ്പെടുത്തിക്കൊണ്ടേയിരുന്നു. നുണ പരത്തിയും ന്യൂനപക്ഷവിരോധം കുത്തിവച്ചും നടത്തിയ വര്‍ഗീയ പ്രചാരണങ്ങള്‍ കേരളത്തിലും ഹിന്ദു പൊതുബോധത്തെ കുറച്ചെങ്കിലും തെറ്റായി സ്വാധീനിച്ചിട്ടില്ലെന്നു പറയാനാവില്ല. മതസൗഹാര്‍ദത്തിനും മതേതര പാരമ്പര്യത്തിനും മഹത്തായ സംഭാവനകള്‍ അര്‍പ്പിച്ച ഹിന്ദുസമുദായത്തിന്റെ മനസ്സിനെ വിഷലിപ്തമാക്കാന്‍ സംഘപരിവാരം നടത്തുന്ന ശ്രമങ്ങളെ ഹിന്ദു പൊതുമനസ്സ് എത്രകണ്ട് തിരിച്ചറിയുകയും പ്രതിരോധിക്കുകയും ചെയ്യുന്നു എന്നതിനെ ആശ്രയിച്ചാണ് കേരളത്തിന്റെ ഭാവി എന്ന യാഥാര്‍ഥ്യം നാം കാണാതിരുന്നുകൂടാ. പിന്നാക്കക്കാരെക്കൂടി കബളിപ്പിച്ചും തെറ്റിദ്ധരിപ്പിച്ചും കൂടെ നിര്‍ത്തിയും ബിജെപി നയിക്കുന്ന വര്‍ഗീയമുന്നണി കേരളത്തില്‍ മാറ്റത്തിന്റെ പതാക വഹിക്കാന്‍ അനുയോജ്യരല്ല. കേരള ചരിത്രത്തിലെ സുവര്‍ണാധ്യായമായ കീഴാള ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെയും നവോത്ഥാനമുന്നേറ്റങ്ങളുടെയും മഹിത പൈതൃകത്തെ പിന്നോട്ടടിപ്പിക്കുന്നതാണ് ശ്രീനാരായണ ഗുരുവിന്റെയും അയ്യങ്കാളിയുടെയും അനുയായികളെന്ന് അഭിമാനിക്കുന്നവരുടെ ചെയ്തികള്‍. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ മൂന്നു മുന്നണികളും പ്രകടിപ്പിക്കുന്ന പളപളപ്പും പണക്കൊഴുപ്പും ജനാധിപത്യത്തിന്റ സ്ഥാനത്ത് പണാധിപത്യത്തെയാണ് പ്രതിഷ്ഠിക്കുന്നത്. പാര്‍ട്ടിക്കു വേണ്ടി വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നവരെ തഴഞ്ഞ് പണച്ചാക്കുകള്‍ക്കും സെലിബ്രിറ്റികള്‍ക്കും സീറ്റുകള്‍ കാഴ്ചവയ്ക്കുന്ന മുന്നണികള്‍ ആത്മവഞ്ചനയാണു നടത്തുന്നത്.
പ്രകൃതിസൗഹൃദപരവും ജനപക്ഷം ചേര്‍ന്നുനില്‍ക്കുന്നതുമായ വികസന കാഴ്ചപ്പാടും അഴിമതിക്കും അക്രമത്തിനും വര്‍ഗീയതയ്ക്കും എതിരായ പഴുതടച്ച നിലപാടുകളും ഉയര്‍ത്തിപ്പിടിക്കുന്ന ജനകീയ ബദലിനു മാത്രമേ കേരളീയ സമൂഹത്തില്‍ പുതിയ പ്രതീക്ഷകള്‍ നല്‍കാനാവൂ. ചെറുതാണെങ്കിലും ശ്രദ്ധേയമായ വിധത്തില്‍ സാന്നിധ്യം അറിയിച്ചിരിക്കുന്ന നവജാത രാഷ്ട്രീയപ്രസ്ഥാനങ്ങളെയും ദലിത് മുന്നേറ്റങ്ങളെയും ന്യൂനപക്ഷ പ്രതിനിധാനങ്ങളെയും സോഷ്യലിസ്റ്റ് വേദികളെയും പരിസ്ഥിതി കൂട്ടായ്മകളെയും ജനകീയ പ്രതിരോധ പ്രസ്ഥാനങ്ങളെയും ഒരു പൊതു പ്ലാറ്റ്‌ഫോമില്‍ അണിനിരത്തിയുള്ള യഥാര്‍ഥ ജനകീയ ബദലിന് രൂപം കൊടുക്കുകയെന്നതാണ് കാലഘട്ടത്തിന്റെ തേട്ടം. ആസൂത്രിതവും വ്യവസ്ഥാപിതവും ക്ഷമാപൂര്‍വവുമായ അത്തരം നീക്കങ്ങള്‍ക്കു മാത്രമേ കേരളത്തെ രക്ഷിക്കാനാവു. ഏതെങ്കിലും ഒരു മുന്നണിയെ തിരഞ്ഞെടുക്കുകയെന്ന നിസ്സഹായാവസ്ഥയെ മറികടക്കാന്‍ കേരളത്തിനു മുമ്പില്‍ മറ്റു മാര്‍ഗങ്ങളില്ല. ി
Next Story

RELATED STORIES

Share it