വെനിസ്വേല: 400 പേര്‍ അറസ്റ്റില്‍

കാരക്കസ്: രാഷ്ട്രീയ-സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ വെനിസ്വേലയില്‍ ഭക്ഷ്യക്ഷാമത്തെത്തുടര്‍ന്ന് പ്രതിഷേധം നടത്തുകയും ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും കൊള്ളയടിക്കുകയും ചെയ്തതിന്റെ പേരില്‍ 400ഓളം പേരെ അറസ്റ്റ് ചെയ്തു. സുക്രെ സംസ്ഥാനത്തെ തീരനഗരമായ കുമാനയില്‍ 100ഓളം കടകളാണ് പ്രതിഷേധക്കാര്‍ കൊള്ളയടിച്ചത്. അതിനിടെ, പോലിസും സൈനികരും പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ തലയ്ക്കു വെടിയേറ്റ 17കാരന്‍ മരിച്ചു. ചൊവ്വാഴ്ചയാണ് പരിക്കേറ്റത്. ലോകത്തിലെ ഏറ്റവും കൂടുതല്‍ പണപ്പെരുപ്പം നിലനില്‍ക്കുന്ന രാജ്യമാണ് വെനിസ്വേല. പണപ്പെരുപ്പം 180 ശതമാനത്തോളമെത്തി. സബ്‌സിഡിയോടെയുള്ള ഭക്ഷണത്തിന് ജനങ്ങള്‍ മണിക്കൂറുകളോളം വരിനില്‍ക്കുകയാണ്. രാജ്യത്തെ അസ്ഥിരതയ്ക്കു കാരണമായ സര്‍ക്കാരും പ്രസിഡന്റ് നിക്കോളസ് മദ്യുറോയും രാജിവയ്ക്കണമെന്ന് പ്രതിപക്ഷം മുറവിളി കൂട്ടുകയാണ്. അവശ്യസാധനങ്ങളുടെ വില കുത്തനെ ഉയര്‍ന്നതുമൂലം പട്ടിണി ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. എന്നാല്‍, ഭക്ഷ്യ പ്രതിസന്ധിയും ഭക്ഷ്യവിതരണം നടത്തേണ്ട അടിയന്തരഘട്ടവും രാജ്യത്തില്ലെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് പ്രതിപക്ഷ വക്താവ് മിലാഗ്രോസ് പാസ് അറിയിച്ചു.ഓരോ ദിവസവും 10ലേറെ മോഷണങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെടുന്നു. മരുന്നുകളുടെയും ഭക്ഷ്യഉല്‍പന്നങ്ങളുടേയും വിതരണം ചുരുങ്ങി. വെനിസ്വേലന്‍ സംഘര്‍ഷ നിരീക്ഷക സംഘടന അറിയിച്ചു. പ്രതിപക്ഷം അനാവശ്യ സംഘര്‍ഷം സൃഷ്ടിക്കുന്നതായി സര്‍ക്കാര്‍ ആരോപിച്ചു. നിക്കോളാസ് മദ്യുറോയെ പ്രസിഡന്റ് സ്ഥാനത്തുനിന്നും തിരിച്ചുവിളിക്കുന്നതുമായി ബന്ധപ്പെട്ട് ഹിതപരിശോധന നടത്താന്‍ തയ്യാറെടുക്കുകയാണ് പ്രതിപക്ഷം. സംഘര്‍ഷത്തില്‍ ഇതുവരെ നാലുപേര്‍ കൊല്ലപ്പെട്ടു.
Next Story

RELATED STORIES

Share it