വെടിക്കെട്ട്, പടക്ക നിര്‍മാണം: നിബന്ധനകള്‍ പരിഷ്‌കരിക്കും

വെടിക്കെട്ട്, പടക്ക നിര്‍മാണം: നിബന്ധനകള്‍ പരിഷ്‌കരിക്കും
X
temple-fire

കൊല്ലം: പരവൂര്‍ പുറ്റിങ്ങലിലെ വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വെടിക്കെട്ട് നടത്തുന്നതിനും പടക്കം നിര്‍മിക്കുന്നതിനുമുള്ള നിബന്ധനകള്‍ പരിഷ്‌കരിച്ച് കൂടുതല്‍ കര്‍ശനമാക്കാന്‍ തീരുമാനമായി. ഇതു സംബന്ധിച്ച ശുപാര്‍ശ ഉടന്‍ സമര്‍പ്പിക്കുമെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ കെ സജീവന്‍ വ്യക്തമാക്കി. അപകടസ്ഥലം സന്ദര്‍ശിച്ചതോടെയാണ് നിബന്ധനകള്‍ പരിഷകരിക്കേണ്ടതിന്റെ പ്രാധാന്യം ബോധ്യമായത്.
എത്രമാത്രം ശബ്ദം അനുവദിക്കാം, വെടിക്കെട്ട് സ്ഥലത്ത് ശേഖരിക്കാവുന്ന പടക്കത്തിന്റെ അളവ്, എത്രനേരം തുടര്‍ച്ചയായി ഉയര്‍ന്ന തോതിലുള്ള ശബ്ദം കേള്‍പ്പിക്കാം തുടങ്ങിയ നിബന്ധനകള്‍ കൂട്ടിച്ചേര്‍ത്ത് നിയന്ത്രണം ശക്തിപ്പെടുത്താനാണ് മലിനീകരണ നിയന്ത്രണ ബോ ര്‍ഡിന്റെ തീരുമാനം. തുടരെ വലിയ ശബ്ദം കേള്‍ക്കുന്നത് മാനസിക അസ്വാസ്ഥ്യത്തിന് ഇടയാക്കുമെന്നതിനാല്‍ അത് ശബ്ദമലിനീകരണ പരിധിയുടെ ലംഘനം കൂടിയാവും. ഈ സാഹചര്യത്തിലാണ് ഇതു സംബന്ധിച്ച നിബന്ധന ഉള്‍പ്പെടുത്താനുള്ള തീരുമാനം.
പുറ്റിങ്ങലും പരിസരത്തും പരിശോധന നടത്തിയ മലിനീകരണ നിയന്ത്രണ ബോര്‍ഡ് സംഘം വായുമലിനീകരണം സ്ഥിരീകരിച്ചിട്ടുണ്ട്. ഹാനികരമായ സള്‍ഫര്‍ ഡൈ ഓക്‌സൈഡിന്റെ സാന്നിധ്യമാണ് ശാസ്ത്രീയ പരിശോധനയിലൂടെ കണ്ടെത്തിയത്. ഈ സാഹചര്യത്തില്‍ പടക്ക നിര്‍മാണ വേളയില്‍ രാസവസ്തുക്കളുടെ തോതു നിയന്ത്രിക്കാനുള്ള നിബന്ധനയാണ് കൂടുതല്‍ ശക്തമാക്കുക. ഉല്‍സവകാലത്ത് പാലിക്കേണ്ട പൊതു നിബന്ധനകള്‍ പരിഷ്‌കരിക്കാനും ശുപാര്‍ശ നല്‍കും.
മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതി ഉറപ്പാക്കിയുള്ള പടക്കനിര്‍മാണം മാത്രമെ ഏതു സാഹചര്യത്തിലും അനുവദിക്കൂ എന്ന നിബന്ധന കര്‍ശനമായി നടപ്പാക്കും.
വെടിക്കെട്ടിന്റെ സംഘാടകരും അതു നടത്തുന്നവരും ഇന്‍ഷുറന്‍സ് എടുത്തിരിക്കണം എന്ന സുപ്രധാന നിര്‍ദേശവും മലിനീകരണ നിയന്ത്രണ ബോര്‍ഡ് മുന്നോട്ടു വയ്ക്കുന്നുണ്ട്. ശുപാര്‍ശയില്‍ ഇതും ഉള്‍പ്പെടുത്തും. പടക്കത്തിന്റെ ഉല്‍പാദന വേളയിലെ പരിശോധനാ ചുമതലയുള്ള എക്‌സപ്ലോസീവ് വിഭാഗത്തിന് പ്രത്യേക മാനദണ്ഡങ്ങള്‍ രൂപീകരിക്കുന്നതിനും ശുപാര്‍ശ നല്‍കും. ഉല്‍പാദന തോത് നിയന്ത്രണം ഉറപ്പാക്കാനാണിത്.
വലിയ ശബ്ദമുള്ള പടക്കങ്ങളുടെ ഉപയോഗം പരമാവധി നിയന്ത്രിക്കുന്നതിനാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിബന്ധനകള്‍ പരിഷ്‌കരിക്കുന്നതെന്ന് ചെയര്‍മാന്‍ വ്യക്തമാക്കി. നിറപ്പകിട്ടുള്ള ശബ്ദമില്ലാത്ത പടക്കങ്ങളുടെ ഉപയോഗം പ്രോല്‍സാഹിപ്പിച്ച് അപകടം കുറയ്ക്കുന്നതിനുള്ള നടപടികളാണ് ഉണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു.
ചീഫ് എന്‍ജിനീയര്‍ സുധീര്‍ ബാബു, സീനിയര്‍ എന്‍വയണ്‍മെന്റല്‍ എന്‍ജിനീയര്‍ സന്തോഷ് കുമാര്‍, ജില്ലാ എന്‍വയണ്‍മെന്റല്‍ എന്‍ജിനീയര്‍ ബിന്ദു രാധകൃഷ്ണന്‍ എന്നിവരടങ്ങിയ സംഘമാണ് അപകടസ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തിയത്. സംഘം ഇവിടെനിന്ന് വെള്ളത്തിന്റെ സാമ്പിള്‍ വിശദ പരിശോധനയ്ക്കായി ശേഖരിച്ചു.
Next Story

RELATED STORIES

Share it