Kerala

വി എസ്- വെള്ളാപ്പള്ളി പോര് തുടരുന്നു; വി എസിന് പണം നല്‍കി: വെള്ളാപ്പള്ളി;ജനം പുച്ഛിച്ചുതള്ളുമെന്നു വി എസ്

ആലപ്പുഴ/കൊല്ലം: ദിവസങ്ങളായി തുടരുന്ന വി എസ് അച്യുതാനന്ദന്‍-വെള്ളാപ്പള്ളി നടേശന്‍ വാക് പോര് തുടരുന്നു. വി എസിന് വീട്ടില്‍ കൊണ്ടുപോയി പണം കൊടുത്തിട്ടുണ്ടെന്ന് വെള്ളാപ്പള്ളി ഒരു സ്വകാര്യ ചാനലിനോട് പ്രതികരിച്ചു. സ്വന്തം വീട്ടിലെ അഴിമതി വി എസ് അച്യുതാനന്ദന്‍ ആദ്യം അവസാനിപ്പിക്കണം. കൂടെ നില്‍ക്കുന്ന എം.എല്‍.എമാര്‍ക്കു വേണ്ടിയാണ് വി എസ് പണം ആവശ്യപ്പെട്ടത്.

രശീതി പോലും ഇല്ലാതെ വാങ്ങിയ ഈ തുകയെങ്ങനെ സംഭാവനയാവുമെന്നും വെള്ളാപ്പള്ളി ചോദിച്ചു. ടി കെ പളനിക്കെതിരേ പ്രവര്‍ത്തിച്ച ആള്‍ക്ക് ജോലി നല്‍കാന്‍ വി എസ് ആവശ്യപ്പെട്ടുവെന്നും ഇങ്ങനെ ആവശ്യപ്പെട്ട വ്യക്തിക്ക് ജോലി നല്‍കിയെന്നും വെള്ളാപ്പള്ളി പറഞ്ഞു. തെരുവിലുള്ളവര്‍ ചോദിക്കുമ്പോള്‍ കണക്കുപറയാന്‍ അവരുടെ ചെലവിലല്ല കഴിയുന്നത്. വെള്ളാപ്പള്ളി കള്ളപ്പണത്തിന്റെ തിണ്ണമിടുക്ക് കാട്ടുകയാണെന്നും എസ്.എന്‍. ട്രസ്റ്റ് സ്ഥാപനങ്ങളിലെ നിയമനം വഴി നൂറു കോടി രൂപ അഴിമതി നടത്തിയെന്നും ഈ തുക സ്വിസ് ബാങ്കില്‍ നിക്ഷേപിച്ചിരിക്കുകയാണെന്നും ഇത് പുറത്തുവരാതിരിക്കാനാണ് ബി.ജെ.പിയുമായി കൂട്ടുകൂടുന്നതെന്നും വി എസ് ആരോപിച്ചിരുന്നു.

വി എസ് അച്യുതാനന്ദന്റെ ആരോപണങ്ങള്‍ക്കു മറുപടിയില്ലെന്നായിരുന്നു ഇതിനോടുള്ള വെള്ളാപ്പള്ളിയുടെ മറുപടി. ചില സവര്‍ണര്‍ എഴുതിക്കൊടുക്കുന്നതു വായിക്കുകയാണ് അദ്ദേഹം. വേറെ ആരെയും കിട്ടാത്തതു കൊണ്ടാണ് വി എസ് തനിക്കെതിരേ തിരിഞ്ഞിരിക്കുന്നത്. എസ്.എന്‍.ഡി.പിയുടെ കണക്കുകള്‍ വി എസ് അന്വേഷിക്കേണ്ട. എസ്.എന്‍. ട്രസ്റ്റില്‍ അംഗമായാല്‍ കണക്ക് ബോധ്യപ്പെടുത്താമെന്ന് കോടിയേരിക്കും വെള്ളാപ്പള്ളി മറുപടി നല്‍കി. കാല്‍ കാശു മുടക്കാതെ കണക്കു ചോദിക്കുന്നതില്‍ അര്‍ഥമില്ല. കോടിയേരി ബാലകൃഷ്ണന്‍ നമ്പ്യാരാണെന്നും നമ്പ്യാന്മാര്‍ എസ്.എന്‍.ഡി.പിയുടെ കണക്കന്വേഷിക്കുന്നതെന്തിനാണെന്നും വെള്ളാപ്പള്ളി ചോദിച്ചു. സി.പി.എമ്മിന്റെ കണക്കന്വേഷിക്കാന്‍ എസ്.എന്‍.ഡി.പി. വരാറില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

എസ്.എന്‍.ഡി.പിയെ ഇടതുപക്ഷത്തിന് വേണ്ടാതായത് അരുവിക്കര തിരഞ്ഞെടുപ്പ് തോറ്റതു മുതലാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.അതേസമയം എസ്.എന്‍. ട്രസ്റ്റില്‍ നിന്ന് വെള്ളാപ്പളളി നടേശന്‍ പിരിച്ച 500 കോടിയുടെ കണക്ക് വെള്ളാപ്പള്ളി നടേശന്‍ ജനങ്ങളോട് പറഞ്ഞേ മതിയാകൂ എന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. കൊല്ലത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വി എസ്.എസ്.എന്‍. കോളജുകളിലെ നിയമനങ്ങള്‍ക്ക് 20 വര്‍ഷം കൊണ്ട് വെള്ളാപ്പള്ളി 500 കോടി കോഴ വാങ്ങിയെന്നാണ് ആരോപണം. ഈ പണം സ്വിസ് ബാങ്കില്‍ നിക്ഷേപിച്ചിട്ടുണ്ടാവാം. അതുകൊണ്ടാവാം മോദിയെ കണ്ടതെന്ന് ആരെങ്കിലും സംശയിച്ചാല്‍ തെറ്റു പറയാനാവില്ല.

കുടുംബസമേതം മോദിയെ സന്ദര്‍ശിച്ചത് കുടുംബകാര്യം പറയാനായിരിക്കുമല്ലോ. താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്കൊന്നും മറുപടി പറയാന്‍ വെള്ളാപ്പള്ളി തയ്യാറായിട്ടില്ല. തനിക്കെതിരേ വെള്ളാപ്പള്ളി ഉന്നയിച്ച ആക്ഷേപങ്ങള്‍ ജനം പുച്ഛിച്ചുതള്ളുമെന്നും വി എസ് അച്യുതാനന്ദന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it