വിവാദ എസ്‌ഐ റാങ്ക് ലിസ്റ്റ് ; മുന്നൂറിലേറെ പേര്‍ക്ക് പിഎസ്‌സി നിയമനം നല്‍കും

തിരുവനന്തപുരം: വിവാദമായ എസ്‌ഐ റാങ്ക് ലിസ്റ്റില്‍നിന്ന് മുന്നൂറിലേപ്പേര്‍ക്ക് നിയമനം നല്‍കാന്‍ പിഎസ്‌സി തീരുമാനം. സംവരണവിഭാഗങ്ങളെ കൂടി ഉള്‍പ്പെടുത്തി തയ്യാറാക്കിയ ഏകീകൃത റാങ്ക് ലിസ്റ്റിന് സുപ്രിംകോടതി അംഗീകാരം നല്‍കിയതോടെയാണ് നിയമനം നടത്താന്‍ ഇന്നലെ ചേര്‍ന്ന പിഎസ്‌സി യോഗം തീരുമാനിച്ചത്.
രണ്ടാമത്തെ ലിസ്റ്റ് വന്ന തിയ്യതിവരെയുള്ള ഒഴിവുകള്‍ പഴയ ലിസ്റ്റില്‍നിന്ന് നികത്തും. രണ്ടാമത്തെ ലിസ്റ്റ് വന്ന ശേഷമുണ്ടായ ഒഴിവുകള്‍ ഈ ലിസ്റ്റില്‍നിന്ന് പിന്നീട് തിരഞ്ഞെടുക്കാനാണ് തീരുമാനം. നിരവധി നിയമക്കുരുക്കുകള്‍ക്ക് ശേഷമാണ് 2013ല്‍ പ്രസിദ്ധീകരിച്ച ഏകീകൃത റാങ്ക് ലിസ്റ്റില്‍നിന്ന് നിയമനം നല്‍കാന്‍ ഇന്നലെ ചേര്‍ന്ന പിഎസ്‌സി യോഗം തീരുമാനിച്ചത്.
ഇതനുസരിച്ച് വിവിധ സന്ദര്‍ഭങ്ങളില്‍ ഒഴിവുവന്ന 339 എസ്‌ഐ തസ്തികകളിലേക്കു നിയമനം നടക്കുമെന്നാണ് കരുതുന്നത്. സംവരണ വിഭാഗങ്ങളെക്കൂടി ഉള്‍പ്പെടുത്തിയാണ് 2013ല്‍ പിഎസ്‌സി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. 2007ലായിരുന്നു ഇതിന് പിഎസ്‌സി വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇതിനുശേഷം നിരവധി കേസുകള്‍ ഹൈക്കോടതിയിലും സുപ്രിംകോടതിയിലുമെത്തി. ഇതോടെ റാങ്ക് ലിസ്റ്റും കോടതി കയറിത്തുടങ്ങി.
സംവരണ വിഭാഗങ്ങളെ ഉള്‍പ്പെടുത്തി തയ്യാറാക്കിയ റാങ്ക് ലിസ്റ്റ് യോഗ്യതയുള്ളവരുടെ അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നതാണെന്നു കാണിച്ച് ഒരുപറ്റം ഉദ്യോഗാര്‍ഥികള്‍ നല്‍കിയ ഹരജിയില്‍ ഹൈക്കോടതി അനുകൂലവിധി നല്‍കി.
എന്നാല്‍, ഹൈക്കോടതി വിധി സംവരണ അട്ടിമറിക്കു കാരണമാവുമെന്നു കാണിച്ച് റാങ്ക് ലിസ്റ്റില്‍ ഇടംപിടിച്ചവര്‍ സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു. ഇതെത്തുടര്‍ന്ന് ഹൈക്കോടതി വിധി സുപ്രിംകോടതി തള്ളി. ഇതോടെയാണ് രണ്ടുവര്‍ഷമായി മുടങ്ങിക്കിടന്ന റാങ്ക് ലിസ്റ്റിന് തീരുമാനമായത്. 800ലധികം പേരാണ് റാങ്ക് ലിസ്റ്റിലുണ്ടായിരുന്നത്. ഇതില്‍നിന്ന് 339 പേര്‍ക്ക് നിയമനം നല്‍കാനാണ് പിഎസ്‌സി തീരുമാനിച്ചത്. സംവരണ ലിസ്റ്റ് പ്രത്യേകമാക്കി രണ്ടുതവണ പിഎസ്‌സി എസ്‌ഐ പരീക്ഷ നടത്തിയിരുന്നു. അതേസമയം, പിഎസ്‌സി പരീക്ഷയ്ക്ക് അപേക്ഷ അയക്കുന്നതിനു നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ഉപസമിതി ഇന്നലത്തെ യോഗത്തില്‍ റിപോര്‍ട്ട് സമര്‍പ്പിച്ചു. എന്നാല്‍, ഇതുസംബന്ധിച്ച് കൂടുതല്‍ വിശദമായ പഠനം ആവശ്യമാണെന്നും അതിനാല്‍ വിശദമായ റിപോര്‍ട്ട് സമര്‍പ്പിക്കാനും യോഗം ഉപസമിതിയോട് ആവശ്യപ്പെട്ടു. 29 വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ട് വിജ്ഞാപനം പുറപ്പെടുവിക്കാനും കമ്മീഷന്‍ യോഗം തീരുമാനിച്ചു.
Next Story

RELATED STORIES

Share it