thiruvananthapuram local

വിഴിഞ്ഞത്ത് കടലിന്റെ മക്കളുടെ വികാരനിര്‍ഭരമായ വിടവാങ്ങല്‍

വിഴിഞ്ഞം: വിഴിഞ്ഞം പദ്ധതിയുടെ സാക്ഷാത്ക്കാരത്തിനായി തങ്ങള്‍ക്ക് എല്ലാമെല്ലാമായിരുന്ന കടലമ്മയെ കൈകൂപ്പി അവര്‍ തീരത്തു നിന്ന് മടങ്ങി. മുല്ലൂര്‍ കടപ്പുറത്ത് ഇന്നലെ രാവിലെ ഉദയസൂര്യനെ സാക്ഷിയാക്കിയായിരുന്നു കടലിന്റെ മക്കളുടെ വികാരനിര്‍ഭരമായ യാത്രചോദിക്കല്‍. പദ്ധതി പ്രദേശമായ മുല്ലൂര്‍ തീരത്ത് നിന്ന് കട്ടമരത്തില്‍ പോയി ശംഖും ചിപ്പിയും ലോബ്സ്റ്ററും മുങ്ങിയെടുത്തിരുന്ന തൊഴിലാളികളാണ് കടലിനോട് യാത്ര പറഞ്ഞത്.
വിഴിഞ്ഞം തുറമുഖ പദ്ധതി വരുന്നതോടെയാണ് ഇവര്‍ പരമ്പരാഗത തൊഴില്‍ അവസാനിപ്പിക്കുന്നത്. വെള്ളിയാഴ്ച രാവിലെ മുപ്പതോളം തൊഴിലാളികളാണ് മുല്ലൂര്‍ തീരത്തെത്തിയത്. തലമുറകള്‍ കൈമാറിവന്ന തടങ്ങള്‍ കടലിനടിയില്‍ ഉള്ളവരാണിവരിലേറെയും കട്ടമരങ്ങളില്‍ പോയി ഈ തടങ്ങളില്‍നിന്നാണ് ഇവര്‍ ശംഖും ലോബ്സ്റ്ററും ശേഖരിച്ചിരുന്നത്. കടലില്‍നിന്ന് ഒരു കുപ്പി വെള്ളവും മണലും ശേഖരിച്ച് കടലമ്മയെ തൊഴുതാണ് തൊഴിലാളികള്‍ മടങ്ങിയത്. വരും തലമുറയ്ക്ക് തങ്ങള്‍ തൊഴിലെടുത്തിരുന്ന സ്ഥലത്തിന്റെ ഒരു പ്രതീകമെന്നോണം കാണിച്ചുകൊടുക്കാനാണ് മണലും കടല്‍വെള്ളവുമെന്ന് തൊഴിലാളികള്‍ പറയുന്നു. വര്‍ഷങ്ങളായി ചെയ്തിരുന്ന തൊഴിലില്‍നിന്ന് വിട്ടുപോവുന്ന വിഷമമുണ്ടെങ്കിലും തുറമുഖം വരുന്നതിനെ സ്വാഗതം ചെയ്യുകയാണ് ഇവിടത്തെ തൊഴിലാളി സമൂഹം, സ്വന്തം നാട് വികസിക്കുന്നതിനൊപ്പം തങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുമെന്ന പ്രതീക്ഷയും ഇവര്‍ക്കുണ്ട്.
തുറമുഖപദ്ധതി മൂലം തൊഴില്‍ നഷ്ടപ്പെടുന്നവരുടെ ഒന്നാം ഘട്ട പാക്കേജ് വിതരണത്തില്‍ ഉള്‍പ്പെട്ടിരുന്ന ഇവര്‍ തൊഴിലിന് ഉപയോഗിച്ചിരുന്ന കട്ടമരങ്ങള്‍ വ്യാഴാഴ്ച സര്‍ക്കാറിന് കൈമാറിയിരുന്നു. സര്‍ക്കാറില്‍നിന്ന് നഷ്ടപരിഹാരത്തുക വെള്ളിയാഴ്ച മുതല്‍ ഇവര്‍ക്ക് ലഭിച്ചു തുടങ്ങി. വിഴിഞ്ഞം തുറമുഖ പദ്ധതി നടപ്പാക്കുന്നതോടെ തൊഴിലും കിടപ്പാടവും പ്രതിസന്ധിയിലാകുന്നവര്‍ക്കായി 475 കോടി രൂപയുടെ പാക്കേജിനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. വിഴിഞ്ഞം പദ്ധതിയില്‍പ്പെടുത്താതെ ജില്ലാകലക്ടര്‍ ചെയര്‍മാനായ കമ്മിറ്റിയു——ടെ മേല്‍നോട്ടത്തിലാണിത് പുനരധിവസം നടപ്പിലാക്കുന്നത്. അഞ്ച് വര്‍ഷം കൊണ്ടാണ് പാക്കേജ് നടപ്പിലാക്കുന്നത്.
Next Story

RELATED STORIES

Share it