വില്ലേജ് ഓഫിസിന് തീയിട്ട സംഭവം: പ്രതിയുടെ ജാമ്യഹരജി തള്ളി

കൊച്ചി: തിരുവനന്തപുരം വെള്ളറട വില്ലേജ് ഓഫിസിനു തീയിട്ട കേസിലെ പ്രതി കോവില്ലൂര്‍ സ്വദേശി സാംകുട്ടിയുടെ ജാമ്യഹരജി ഹൈക്കോടതി തള്ളി. സംഭവം സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണെന്നും ഓഫിസ് ഫയലുകളടക്കം നശിക്കാനിടയാക്കിയ പ്രവൃത്തി ബോധപൂര്‍വമായതിനാല്‍ ജാമ്യം അനുവദിക്കുന്നത് അനുചിതമാവുമെന്നും വ്യക്തമാക്കിയാണ് ജസ്റ്റിസ് പി ഉബൈദിന്റെ ഉത്തരവ്.
സംഭവത്തെ തുടര്‍ന്ന് സര്‍ക്കാരിനുണ്ടായ മുഴുവന്‍ നഷ്ടവും നല്‍കാന്‍ ഹരജിക്കാരന്‍ തയ്യാറാവുന്ന പക്ഷം വീണ്ടും ജാമ്യഹരജി പരിഗണിക്കാവുന്നതാണെന്നും കോടതി നിരീക്ഷിച്ചു. നാശനഷ്ടം സംബന്ധിച്ച കണക്ക് കോടതിക്കു സമര്‍പ്പിക്കാന്‍ സര്‍ക്കാരിനോട് നിര്‍ദേശിക്കുകയും ചെയ്തു. കെട്ടിടം തകരുമെന്നും മരണം വരെ ഉണ്ടായേക്കാമെന്നുമുള്ള പൂര്‍ണ ബോധ്യത്തോടെയാണ് പ്രതി കുറ്റകൃത്യം ചെയ്തതെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസ് ഡയറി പരിശോധിച്ചതില്‍ നിന്ന് ഓഫിസിലെ ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും സാമഗ്രികളും കത്തിനശിച്ചതായി വ്യക്തമാവുന്നുണ്ട്. ഒന്നര ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് ഇതുമൂലമുണ്ടായത്. എന്നാല്‍, ഇതിലുണ്ടായിരുന്ന വിവരങ്ങളും ഓഫിസ് ഫയലുകളും നശിച്ചത് എങ്ങനെ പുനസ്ഥാപിക്കാനാവുമെന്ന് കോടതി ചോദിച്ചു. 2016 ഏപ്രില്‍ 28നാണ് വെള്ളറട വില്ലേജ് ഓഫിസ് തീവച്ച സംഭവമുണ്ടായത്. പിതാവ് യോഹന്നാന്‍ സാംകുട്ടിക്ക് നല്‍കിയ വസ്തുവിന്റെ പോക്കുവരവ് നടത്തിക്കൊടുക്കുന്നതില്‍ അലംഭാവം കാണിച്ചതിനെ തുടര്‍ന്നായിരുന്നത്രെ ആക്രമണം. വര്‍ഷങ്ങളായി അടൂരില്‍ താമസിക്കുന്ന സാംകുട്ടി പെട്രോള്‍ പാക്കറ്റില്‍ ശേഖരിച്ച് വില്ലേജ് ഓഫിസിലത്തെി തീ കൊളുത്തുകയായിരുന്നു.
ഇയാള്‍ ഉപേക്ഷിച്ച കോട്ടില്‍നിന്നു ലഭിച്ച ഫോണ്‍ നമ്പരുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്. തീപിടിത്തത്തില്‍ ഉദ്യോഗസ്ഥരുള്‍പ്പെടെ ഏഴുപേര്‍ക്കു പരിക്കേല്‍ക്കുകയും രേഖകള്‍ കത്തിനശിക്കുകയും ചെയ്തു. സാംകുട്ടിക്കും പൊള്ളലേറ്റിരുന്നു.
Next Story

RELATED STORIES

Share it