malappuram local

വിദ്യാര്‍ഥികളുടെ ഫെലോഷിപ്പ് സര്‍വകലാശാല തടഞ്ഞുവയ്ക്കുന്നു

പി വി മുഹമ്മദ് ഇഖ്ബാല്‍

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗവേഷക വിദ്യാര്‍ഥികളുടെ ഫയലുകള്‍ കൈകാര്യം ചെയ്യുന്നതിനായി സ്ഥാപിച്ച റിസര്‍ച്ച് ഡയറക്ടറേറ്റില്‍ ഉദ്യോഗസ്ഥരുടെ അലംഭാവം കാരണം ഫയലുകള്‍ നിശ്ചലം. ഒന്നും രണ്ടും മാസം തികയുന്നതിനു മുമ്പേ ഇവിടെയുള്ള ജീവനക്കാര്‍ രാഷ്ട്രീയ സമ്മര്‍ദ്ദം ഉപയോഗിച്ച് മറ്റു വിഭാഗങ്ങളിലേക്ക് മാറി പോവുന്നതിനാല്‍ ദുരിതമനുഭവിക്കുന്നത് ഗവേഷണ മേഖലയിലുള്ളവരാണ്.
ഒന്നര വര്‍ഷത്തിലധികമായി ഫെലോഷിപ്പ് കിട്ടാതെ സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന പെണ്‍കുട്ടികള്‍ ദിനേനയെന്നോണം റിസര്‍ച്ച് ഡയറക്ടറേറ്റ് ഓഫിസ് കയറിയിറങ്ങുന്നുണ്ടെങ്കിലും ഇവിടെയുള്ളവര്‍ വിവിധ കാരണങ്ങള്‍ പറഞ്ഞ് ഗവേഷകരെ തിരിച്ചയക്കുകയാണ്. യുജിസിയുടെ ഫെലോഷിപ്പിനര്‍ഹതയുള്ളവരുടെ ഫണ്ട് സര്‍വകലാശാലയിലെത്തിയതിനു ശേഷം വകമാറ്റി ചെലവഴിക്കുന്നതിനാലാണ് ഗവേഷകര്‍ക്ക് ഫെലോഷിപ്പ് ഒന്നര വര്‍ഷത്തിലധികമായി കിട്ടാതിരിക്കുന്നത്.
ഒരു വര്‍ഷത്തിനുള്ളില്‍ മൂന്നാമത്തെ ഡയറക്ടറാണ് റിസര്‍ച്ച് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. നേരത്തെ കോളജ് ഡവലപ്പ്‌മെന്റ് കൗണ്‍സില്‍ വിഭാഗത്തിന്റെ കീഴിലായിരുന്നപ്പോള്‍ ഗവേഷക വിദ്യാര്‍ഥികള്‍ക്ക് ഇത്രയേറെ പ്രയാസമുണ്ടായിരുന്നില്ല. സിബിസിയില്‍ നിന്നു റിസര്‍ച്ച് ഡയറക്ടറേറ്റിലേക്ക് റിസര്‍ച്ച് കാര്യങ്ങള്‍ മാറ്റിയതോടെയാണ് ഉദ്യോഗസ്ഥരുടെ താന്തോന്നിത്ത ഭരണം ഇവിടെ തുടങ്ങിയതെന്നാണ് ഗവേഷകരുടെ പരാതി. സിന്‍ഡിക്കേറ്റോ അക്കാദമിക് കൗണ്‍സിലോ അംഗീകരിക്കാത്ത നിയമങ്ങള്‍ പറഞ്ഞാണ് റിസര്‍്ച്ച് ഡയറക്ടറേറ്റിലുള്ളവര്‍ വിദ്യാര്‍ഥികളെ പീഡിപ്പിക്കുന്നത്.
ഫെലോഷിപ്പ് ലഭിക്കുന്നതിന് പഞ്ചിങ് ഡാറ്റ ആവശ്യമില്ലെന്ന് റിസര്‍ച്ച് കൗണ്‍സില്‍ തീരുമാനിച്ചിട്ടും ഇതു വേണമെന്ന് ശാഠ്യംപിടിച്ചാണ് ഗവേഷക വിദ്യാര്‍ഥികളുടെ ഫയലുകള്‍ റിസര്‍ച്ച് ഡയറക്ടറേറ്റിലുള്ളവര്‍ തടഞ്ഞുവെച്ചിരിക്കുന്നത്. വിദ്യാര്‍ഥികളെ നേരിലറിയിക്കേണ്ട ഫയലുകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സമയത്തിനറിയിക്കാതെയാണ് സിഒആര്‍ ഓഫിസിലുള്ളവര്‍ ഗവേഷകരെ ദ്രോഹിക്കുന്നത്. ഫെലോഷിപ്പ് ലഭിക്കേണ്ട കാര്യമായതിനാല്‍ ഗവേഷക വിദ്യാര്‍ഥികള്‍ക്ക് ഇവരുടെ മുന്നില്‍ ഓച്ഛാനിച്ച് നില്‍ക്കേണ്ട ഗതികേടാണുള്ളത്.
കൃത്യസമയത്ത് ഫെലോഷിപ്പ് ലഭിച്ചില്ലെങ്കില്‍ സാമ്പത്തിക പ്രയാസം കാരണം പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് തുടര്‍പഠനം ബുദ്ധിമുട്ടാവുന്ന അവസ്ഥയുണ്ടായിട്ടും സര്‍വകലാശാല അധികാരികള്‍ നടപടി സ്വീകരിക്കുന്നില്ല. റിസര്‍ച്ച് ഡയറക്ടറേറ്റിനെതിരേ പരാതിപ്പെട്ടാല്‍ ഗൈഡിനെ അറിയിച്ച് ഗവേഷകരെ ഒതുക്കുകയാണ് സിഒആര്‍ ഓഫിസുള്ളവര്‍ ചെയ്യുന്നത്. ഗവേഷകരെ ആത്മഹത്യയിലേക്കു നയിക്കുന്ന ഓഫിസിനെതിരേ നടപടിയെടുത്തില്ലെങ്കില്‍ മറ്റു സര്‍വകലാശാലകളിലെ സമരപരിപാടികള്‍ കാലിക്കറ്റിലും അരങ്ങേറും.
Next Story

RELATED STORIES

Share it