വിജയ് മല്യക്കെതിരേ ബാങ്കുകള്‍ സുപ്രിംകോടതിയില്‍ ; രാജ്യംവിടാന്‍ അനുവദിക്കരുത് 

ന്യൂഡല്‍ഹി: മദ്യരാജാവ് വിജയ് മല്യയെ ഇന്ത്യവിടാന്‍ അനുവദിക്കരുതെന്നാവശ്യപ്പെട്ട് രാജ്യത്തെ 17 പൊതുമേഖലാ ബാങ്കുകള്‍ സുപ്രിംകോടതിയെ സമീപിച്ചു. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉള്‍പ്പെടെയുള്ള ബാങ്കുകളുടെ കണ്‍സോര്‍ഷ്യം ആണ് മല്യക്കെതിരേ സുപ്രിംകോടതിയെ സമീപിച്ചത്.
എന്‍ആര്‍ഐ വ്യവസായി കൂടിയായ വിജയ് മല്യ രാജ്യം വിടുകയാണെങ്കില്‍ അദ്ദേഹത്തെ പിടികൂടുന്നത് പിന്നീടു ബുദ്ധിമുട്ടായിരിക്കുമെന്ന് ബാങ്കുകള്‍ക്കു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹത്ഗി വ്യക്തമാക്കി. ഇതോടെ ഹരജി ഇന്നുതന്നെ അടിയന്തരമായി പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍, ജസ്റ്റിസ് യു യു ലളിത് എന്നിവരടങ്ങിയ ബെഞ്ച് അറിയിക്കുകയായിരുന്നു.
പൊതുമേഖലാ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്നാണ് 7000 കോടി രൂപ കിങ്ഫിഷര്‍ വിമാനക്കമ്പനി വായ്പ്പ എടുത്തത്. ഈ കേസില്‍ ഈ മാസം 28ന് ബംഗളൂരു ട്രൈബ്യൂണല്‍ മുമ്പാകെ വാദം കേള്‍ക്കും.
വിജയ് മല്യയുടെ ഉടമസ്ഥതയിലുള്ള കിങ്ഫിഷര്‍ എയര്‍ലൈന്‍സ് വായ്പ തിരിച്ചടയ്ക്കാത്തതിനാല്‍ കഴിഞ്ഞദിവസം സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തിരുന്നു.
മുംബൈ ആസ്ഥാനമായ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍(ഐഡിബിഐ) നിന്ന് 900 കോടി രൂപ വായ്പയെടുത്തശേഷം തിരിച്ചടയ്ക്കാത്ത കേസിലാണ് വിജയ് മല്യക്കും കൂട്ടാളികള്‍ക്കുമെതിരേ ഇഡി കേസെടുത്തത്. സംഭവത്തില്‍ വിജയ് മല്യക്കു പുറമെ ഐഡിബിഐ ബാങ്കിന്റെ ചില മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരേയും കേസുണ്ട്. വായ്പ നല്‍കുന്നതിനു മുമ്പു പാലിക്കേണ്ട നടപടിക്രമങ്ങള്‍ ലംഘിച്ചാണ് വിജയ് മല്യക്ക് ബാങ്ക് പണം നല്‍കിയത്.
കഴിഞ്ഞ ഒക്ടോബറില്‍ അദ്ദേഹത്തിന്റെ വീട്ടില്‍ ഇഡി നടത്തിയ പരിശോധനയില്‍ ക്രമക്കേടുമായി ബന്ധപ്പെട്ട രേഖകള്‍ പിടിച്ചെടുത്തിരുന്നു. കിങ്ഫിഷര്‍ വിമാനക്കമ്പനി ബ്രിട്ടിഷ് മദ്യ കമ്പനി ഡിയാഗിയോക്ക് വില്‍പന നടത്തിയതുവഴി കിട്ടിയ 515 കോടി രൂപ ബംഗളൂരുവിലെ ഡെബിറ്റ് റിക്കവറി ട്രൈബ്യൂണല്‍ തിങ്കളാഴ്ച മരവിപ്പിച്ചിരുന്നു. 7000 കോടി രൂപയുടെ വായ്പ തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയ വിജയ് മല്യയെ അറസ്റ്റ് ചെയ്യണമെന്നും പാസ്‌പോര്‍ട്ട് കണ്ടുകെട്ടണമെന്നും ആവശ്യപ്പെട്ട് എസ്ബിഐ നല്‍കിയ പരാതിയിലായിരുന്നു ഈ നടപടി.
Next Story

RELATED STORIES

Share it