kozhikode local

വിജയഗാഥയുമായി ന്യൂനപക്ഷ പരിശീലന കേന്ദ്രം

കോഴിക്കോട്: ന്യൂനപക്ഷ വിദ്യാര്‍ഥികളെ മല്‍സര പരീക്ഷകള്‍ക്ക് പ്രാപ്തരാക്കുന്നതിനായി സര്‍ക്കാരിനു കീഴില്‍ കോഴിക്കോട്ട് പ്രവര്‍ത്തിക്കുന്ന കോച്ചിങ് സെന്റര്‍ ഫോര്‍ മുസ്‌ലിം യൂത്ത്‌സിന് അഭിമാനകരമായ നേട്ടം. ഈ വര്‍ഷം രണ്ടു ബാച്ചുകളിലായി കേന്ദ്രത്തില്‍ നിന്ന് പരിശീലനം നേടിയ വിദ്യാര്‍ഥികളില്‍ 35 പേരാണ് വിവിധ മല്‍സരപ്പരീക്ഷകളില്‍ ഉയര്‍ന്ന റാങ്കോടെ ജോലി നേടിയത്. ഈയിടെ നടന്ന സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, പോലിസ് കോണ്‍സ്റ്റബ്ള്‍, എല്‍ഡിസി, റെയില്‍വേ, കെഎസ്ആര്‍ടിസി, ബാങ്കിങ് തുടങ്ങിയ പരീക്ഷകളിലാണ് ഇവര്‍ നേട്ടം കൊയ്തത്.
പുതിയറയില്‍ പ്രവര്‍ത്തിക്കുന്ന കോച്ചിങ് സെന്ററില്‍ വച്ച് ഇവര്‍ക്കായി അനുമോദനച്ചടങ്ങ് സംഘടിപ്പിച്ചു. സംസ്ഥാന മദ്രസാധ്യാപക ക്ഷേമനിധി മാനേജര്‍ അബ്ദുന്നാസര്‍ പുത്തലത്ത് യോഗം ഉദ്ഘാടനം ചെയ്തു. പുതിയ ബാച്ചിലെ വിദ്യാര്‍ഥികള്‍ക്കും മറ്റ് പരിശീലന കേന്ദ്രങ്ങള്‍ക്കും ഈ വിജയം പ്രചോദനമാവുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കോച്ചിങ് സെന്റര്‍ പ്രിന്‍സിപ്പല്‍ യു കെ മുഹമ്മദ് അധ്യക്ഷനായിരുന്നു. ശ്രീനിവാസ്, അനീഷ്, രഞ്ജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു. വിജയിച്ച വിദ്യാര്‍ഥികളെ പ്രതിനിധീകരിച്ച് റംഷാദ്, ജംഷീര്‍, ഫാത്തിമ, അനസ് എന്നിവര്‍ മറുപടി പ്രസംഗം നടത്തി. ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ കമ്മിറ്റി ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ അഞ്ച് വര്‍ഷം മുമ്പാണ് കോഴിക്കോട് കോച്ചിങ് സെന്റര്‍ ആരംഭിച്ചത്. യുപിഎസ്‌സി, പിഎസ്‌സി, റെയില്‍വേ, ബാങ്കിങ് സര്‍വീസ് പരീക്ഷകള്‍, വിവിധ കോഴ്‌സുകള്‍ക്കുള്ള പ്രവേശന പരീക്ഷകള്‍ എന്നിവയില്‍ കേന്ദ്രത്തില്‍ വച്ച് സൗജന്യ പരിശീലനം നല്‍കിവരുന്നുണ്ട്.
വിധവകള്‍ ഉള്‍പ്പെടെയുള്ള അഭ്യസ്തവിദ്യരും തൊഴില്‍ രഹിതരുമായ 40 വനിതകള്‍ക്ക് കേന്ദ്രത്തില്‍ വച്ച് ഈയിടെ നല്‍കിയ രണ്ടാഴ്ചത്തെ കാലിഗ്രഫി (ബാത്തിക് പെയിന്റിങ്) പരിശീലനം വന്‍വിജയമായിരുന്നുവെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു.
Next Story

RELATED STORIES

Share it