palakkad local

വാഹന രജിസ്‌ട്രേഷന്‍ പരിഷ്‌കരണം: ഫാന്‍സി നമ്പറും പണവും നഷ്ടം

പട്ടാമ്പി: ഗതാഗത വകുപ്പിലെ പുതിയ പരിഷ്‌ക്കാരങ്ങള്‍ കാരണം പുതിയ വാഹനം വാങ്ങിയ ഉടമകള്‍ക്ക് ഫാന്‍സി നമ്പറും ബുക്ക് ചെയ്ത പണവും നഷ്ടപ്പെടുന്നതായി ആക്ഷേപം. മുമ്പ് വാഹനങ്ങള്‍ക്കുള്ള ഫാന്‍സി നമ്പറിനപേക്ഷിച്ചാല്‍ 21 ദിവസങ്ങള്‍ക്കുള്ളില്‍ വാഹന നിയമപ്രകാരം ഹാജരാക്കിയാല്‍ ബുക്ക് ചെയ്ത ഫേന്‍സി നമ്പര്‍ കിട്ടിയിരുന്നു. എന്നാല്‍ 2015 ഒക്ടോബര്‍ 16 ന് ഗതാഗതവകുപ്പ് സെക്രട്ടറി ഡോ. വി എം ഗോപാലമേനോന്‍ ഇറക്കിയ പി 64/2015 ട്രാന്‍ ഉത്തരവിന്‍പ്രകാരമാണ് പുതിയ തടസവാദങ്ങളുള്ളത്. പരിഷ്‌ക്കരിച്ച നിയമം ഒക്ടോബര്‍ 19 മുതല്‍ പ്രാബല്യത്തില്‍ വന്നതാണ് അപേക്ഷകരെ വെട്ടിലാക്കുന്നത്. പുതിയ നിയമമനുസരിച്ച് പണമടച്ച് ഫാന്‍സി നമ്പര്‍ റിസര്‍വ് ചെയ്താല്‍ അഞ്ച് ദിവസത്തിനകം വാഹനം ഹാജരാക്കി റജിസ്‌ട്രേഷന്‍ ചെയ്തിരിക്കണം. അല്ലാത്തപക്ഷം ഇഷ്ടപ്പെട്ട നമ്പറും പണവും നഷ്ടപ്പെടും. നഷ്ടമാകുന്ന നമ്പര്‍ മറ്റൊരാള്‍ക്ക് പണമടച്ച് സ്വന്തമാക്കാന്‍ കഴിയും. പുതുതായി പരിഷ്‌ക്കരിച്ച നിയമത്തെപ്പറ്റി അപേക്ഷകര്‍ക്ക് മതിയായ അറിവില്ലാത്തതാണ് പണവും ഫാന്‍സി നമ്പറും നഷ്ടപ്പെടാന്‍ കാരണമായത്. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ തിരക്കിലായതിനാല്‍ പുതിയ നിയമ നിബന്ധനകള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ ഗതാഗതവകുപ്പുദ്യോഗസ്ഥര്‍ക്കോ ഏജന്റുമാര്‍ക്കോ വേണ്ടവിധം കഴിയാത്തതാണ് പരാതിക്ക് അടിസ്ഥാനമെന്ന് മോട്ടോര്‍ വാഹന വകുപ്പിലെ ഒരുന്നത ഉദ്യോഗസ്ഥന്‍ തേജസിനോട് പറഞ്ഞു. ഒന്നില്‍ കൂടുതല്‍ ആവശ്യക്കാരുള്ള ഫാന്‍സി നമ്പര്‍ ബുക്ക് ചെയ്യുമ്പോഴുള്ള ലേല സംഖ്യയ്ക്ക് പുറമെ സീല്‍ഡ് ടെന്‍ഡര്‍ സമര്‍പ്പിക്കാമെന്ന നിയമവും ഒഴിവാക്കിയിട്ടുണ്ട്. ഇനി നേരില്‍ ടെന്‍ഡര്‍ വിളിച്ച് ഇഷ്ടനമ്പര്‍ സ്വന്തമാക്കാം. ലേലം കഴിഞ്ഞാല്‍ മുഴുവന്‍ സംഖ്യയും അടയ്ക്കണമെന്ന് മാത്രം. പരിഷ്‌ക്കരിച്ച നിയമപ്രകാരം ഇഷ്ടപ്പെട്ട നമ്പറുകള്‍ക്ക് 3000 രൂപ അടച്ചതിന് ശേഷം അഞ്ച് ദിവസത്തിനുള്ളില്‍ വാഹനം രജിസ്റ്റര്‍ ചെയ്യുന്നില്ലെങ്കില്‍ ടി ആര്‍ 65 എന്ന ഫോറത്തില്‍ മൂന്ന് ദിവസത്തിനകം അപേക്ഷിച്ചാല്‍ അടങ്കല്‍തുക മടക്കി നല്‍കണമെന്നും പുതിയ നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Next Story

RELATED STORIES

Share it