palakkad local

വനിതാ സ്ഥാനാര്‍ഥികളെ കിട്ടാനില്ല; മുന്നണികള്‍ ആശങ്കയില്‍

സി കെ ശശി ചാത്തയില്‍

ആനക്കര: പത്രിക നല്‍കാന്‍ രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെ പ്രമുഖ പാര്‍ട്ടികള്‍ക്കൊന്നും വനിതാ സ്ഥാനാര്‍ഥികളെ ഇനിയും കിട്ടിയിട്ടില്ല. സി.പി. എം, കോണ്‍ഗ്രസ്, ലീഗ് അടക്കമുളള പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കാണ് വനിത സ്ഥാന്‍ഥികളെ ആവശ്യമുളളത്. തൃത്താല ബ്ലോക്ക് ഏഴ് പഞ്ചായത്തുകളിലായി ഇനിയും പ്രമുഖ കക്ഷികള്‍ക്ക് വനിതാ സ്ഥാനാര്‍ഥികളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇത് മുലം സി.പി.എം, കോണ്‍ഗ്രസ് ഉള്‍പ്പെടെയുളള കക്ഷികള്‍ക്ക് പ്രചരണത്തിനിറങ്ങാന്‍ കഴിഞ്ഞിട്ടില്ല. എല്‍.ഡി.എഫിലെ സി.പി. ഐക്ക് ലഭിച്ച സീറ്റുകളിലും സ്ഥാനാര്‍ഥികളെ കിട്ടിയിട്ടില്ല. അതേസമയം കപ്പൂര്‍ ഉള്‍പ്പെടെയുളള പഞ്ചായത്തുകളില്‍ ബി. ജെ.പി. സ്ഥാനാര്‍ഥികള്‍ പ്രചരണം ആരംഭിച്ചു.

എസ്.എന്‍. ഡി.പിയുടെ രഹസ്യ പിന്തുണയോടെയാണ് പലയിടത്തും ബി.ജെ.പി. സ്ഥാനാര്‍ഥികള്‍ മല്‍സരിക്കുന്നത്. എന്നാല്‍, പറക്കുളം ഉള്‍പ്പെടെയുളള പല എസ്.എന്‍.ഡി.പി. ശാഖകളും പരസ്യമായി ബി. ജെ.പിക്ക് പിന്തുണ നല്‍കിയിട്ടില്ല. അവരവരുടെ ഇഷ്ടങ്ങള്‍ക്ക് അനുസരിച്ച് വോട്ട് ചെയ്യാനാണ് പല യൂനിറ്റുകളുടെയും തീരുമാനം. എന്നാല്‍, എസ്.എന്‍.ഡി. പി. തൃത്താല മണ്ഡലം കമ്മറ്റിയുടെ തീരുമാനം ബി.ജെ.പിക്ക് പിന്തുണ നല്‍കാനാണ്. സി. പി.എം, കോണ്‍ഗ്രസ്, ബി.ജെ. പി. സംഘടനകളോട് അനുഭാവമുളളവരാണ് എസ്.എന്‍. ഡി.പി. യൂനിറ്റുകളിലുളളത്. ഇവര്‍ തങ്ങളുടെ നേതാക്കന്‍മാര്‍ പറയുന്നത് അനുസരിക്കുന്ന കാര്യം പ്രയാസമാണ്. പരസ്യമായി ബി.ജെ.പിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിയില്ലങ്കിലും രഹസ്യമായി ബി.ജെ.പി. സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്യാന്‍ തയ്യാറുമാണ്.  ഇത് കോണ്‍ഗ്രസ്, സി.പി. എം. സ്ഥാനാര്‍ഥികള്‍ക്ക് വെല്ലുവിളിയാകുകയും ചെയ്യും.
Next Story

RELATED STORIES

Share it