വട്ടിയൂര്‍ക്കാവ്: അടിയൊഴുക്കുകള്‍ വിധി നിര്‍ണയിക്കുന്ന മണ്ഡലം; കരുതലോടെയുള്ള നീക്കങ്ങളുമായി മുന്നണികള്‍

വട്ടിയൂര്‍ക്കാവ്: അടിയൊഴുക്കുകള്‍ വിധി നിര്‍ണയിക്കുന്ന മണ്ഡലം; കരുതലോടെയുള്ള നീക്കങ്ങളുമായി മുന്നണികള്‍
X
vattiyoorkave

എച്ച് സുധീര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വാശിയേറിയ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് തിരുവനന്തപുരം ജില്ലയിലെ വട്ടിയൂര്‍ക്കാവ്. രാഷ്ട്രീയ നിലപാടുകള്‍ക്കൊപ്പം സാമുദായിക സമവാക്യങ്ങളും നിര്‍ണായകമാവുന്ന മണ്ഡലത്തില്‍ പ്രവചനം അസാധ്യമായതോടെ മുന്നണികള്‍ കരുതലോടെയാണു നീങ്ങുന്നത്. മണ്ഡലത്തിന്റെ മുന്‍കാല ചരിത്രം പരിശോധിച്ചാല്‍ വോട്ടെടുപ്പു ദിനത്തിലുണ്ടായ അടിയൊഴുക്കുകള്‍ എല്‍ഡിഎഫിനും യുഡിഎഫിനും പാരയായിട്ടുണ്ട്.
ന്യൂനപക്ഷങ്ങള്‍ താരതമ്യേന കുറവായ മണ്ഡലത്തില്‍ സവര്‍ണ വിഭാഗത്തിന് ശക്തമായ മേധാവിത്വമുണ്ട്. അന്യനാടുകളി ല്‍ നിന്നെത്തി തലസ്ഥാനത്തു താമസമാക്കിയവര്‍ക്ക് നല്ലൊരു ശതമാനം വോട്ടുള്ള മണ്ഡലം കൂടിയാണിത്. ഇവരുടെ വോട്ടുകളും നിര്‍ണായകമാവും. എല്ലാക്കാലത്തും എതെങ്കിലും ഒരുകക്ഷിക്കൊപ്പം നില്‍ക്കുന്ന മണ്ഡലമല്ല ഇതെന്നതും ചരിത്രം. 2011ല്‍ 1,75,398 വോട്ടര്‍മാരുണ്ടായിരുന്ന മണ്ഡലത്തില്‍ ഇത്തവണ 1,90,827 പേരുണ്ട്. എംഎല്‍എ എന്ന നിലയില്‍ അഞ്ചുവര്‍ഷം നടത്തിയ പ്രവര്‍ത്തനങ്ങളിലുള്ള ആത്മവിശ്വാസത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധരന്‍. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ മണ്ഡലത്തില്‍ ബിജെപി നേട്ടമുണ്ടാക്കിയത് കാര്യമാക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു. രാഷ്ട്രീയ പ്രവര്‍ത്തകനെന്ന നിലയില്‍ മണ്ഡലത്തിലെ ഒരുപ്രശ്‌നത്തിലും ഇതേവരെ ഇടപെടാത്ത കുമ്മനം രാജശേഖരന് നേട്ടമുണ്ടാക്കാനാവില്ലെന്നാണ് യുഡിഎഫ് ക്യാംപിന്റെ വിശ്വാസം. മുന്‍ എംപി എന്ന നിലയിലും അധ്യാപികയെന്ന നിലയിലും ജനങ്ങളുടെ വന്‍പിന്തുണ തനിക്കുണ്ടെന്നാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ടി എന്‍ സീമ പറയുന്നത്. വോട്ടവകാശം വിവേകപൂര്‍വം വിനിയോഗിച്ച് നിലവിലുള്ള ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തെ മലയാളികള്‍ പുറന്തള്ളുമെന്നാണ് ബിജെപിയുടെ വാദം. 2011ല്‍ കെ മുരളീധരന്‍ 56,531 വോട്ടുനേടിയപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ചെറിയാന്‍ ഫിലിപ്പ് 40,364 വോട്ട് നേടി. ബിജെപിയുടെ വി വി രാജേഷിന് 13,494 വോട്ടുകളാണു ലഭിച്ചത്.
2011ലെ തിരഞ്ഞെടുപ്പിലേതു പോലെ എല്‍ഡിഎഫും യുഡിഎഫും പ്രചരണരംഗത്തു ശക്തമായി മുന്നേറുമ്പോഴും കഴിഞ്ഞ ലോക്‌സഭാ, തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ടുചോര്‍ച്ച ഇരുകൂട്ടര്‍ക്കും തലവേദനയായിട്ടുണ്ട്. കോണ്‍ഗ്രസ്സിലെ പ്രാദേശിക പ്രശ്‌നങ്ങളാണ് യുഡിഎഫ് ക്യാംപിനെ അലട്ടുന്നത്. പാര്‍ട്ടിയിലെ പ്രശ്‌നങ്ങളില്‍ എ വിഭാഗത്തിനും വി എം സുധീരനുമെതിരേ കെ മുരളീധരന്‍ പരസ്യനിലപാടു സ്വീകരിച്ചത് പ്രാദേശികമായി പ്രവര്‍ത്തകരില്‍ രോഷമുളവാക്കിയിരുന്നു.
കോര്‍പറേഷന്‍ തിരഞ്ഞെടുപ്പിലും ലോക്‌സഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് വോട്ടുകള്‍ ചോര്‍ന്നതിനെതിരേ മുരളീധരന്‍ രംഗത്തുവന്നതും ഒരുവിഭാഗത്തെ ചൊടിപ്പിച്ചു. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ടും മുരളീധരനെതിരേ പടയൊരുക്കം നടന്നെങ്കിലും അദ്ദേഹത്തിന്റെ ജനകീയതയാണ് വീണ്ടും മല്‍സരരംഗത്തെത്തിച്ചത്. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഏവരെയും അമ്പരിപ്പിച്ച് ഇരുമുന്നണികള്‍ക്കുമുണ്ടായ വോട്ടുചോര്‍ച്ച പ്രതിഫലിച്ചത് ബിജെപിയുടെ വോട്ടുപെട്ടിയിലാണ്. മൂവായിരത്തോളം വോട്ടുകളുടെ ഭൂരിപക്ഷമാണ് മണ്ഡലത്തില്‍ ബിജെപി നേടിയത്. എന്നാല്‍, ഇതു ബിജെപിയുടെ നേട്ടമല്ലെന്നും ഒ രാജഗോപാല്‍ ആയതിനാലാണ് വോട്ടുവര്‍ധിക്കാ ന്‍ കാരണമെന്നുമാണ് പ്രദേശവാസികളുടെ വിലയിരുത്തല്‍. ബിഡിജെഎസിന് കാര്യമായ സ്വാധീനമില്ലെന്നതും എന്‍ഡിഎയുടെ പ്രതീക്ഷകള്‍ക്കു മങ്ങലേല്‍പ്പിക്കുന്നു.
അതേസമയം, കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ചിത്രം മാറിമറിഞ്ഞു. കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ ഭൂരിഭാഗം വാര്‍ഡുകളിലും എല്‍ഡിഎഫ് മുന്നിലെത്തി. ബിജെപി രണ്ടാമതെത്തിയപ്പോള്‍ യുഡിഎഫ് മൂന്നാംസ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. 10 വാര്‍ഡുകളില്‍ എല്‍ഡിഎഫും ഒമ്പത് വാ ര്‍ഡുകളില്‍ ബിജെപിയും അഞ്ചുവാര്‍ഡുകളില്‍ യുഡിഎഫും ജയിച്ചു.
Next Story

RELATED STORIES

Share it